അണ്‍ലോക്ക് 2: രാത്രി കര്‍ഫ്യൂ സമയത്തില്‍ ഇളവ്, കടകളില്‍ ഒരേ സമയം അഞ്ചിലേറെ പേര്‍ ആകാം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും

Posted on: June 29, 2020 10:35 pm | Last updated: June 30, 2020 at 3:29 pm

ന്യൂഡല്‍ഹി | കൊറോണവൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു. രാത്രി കര്‍ഫ്യൂവിന്റെ സമയത്തില്‍ ഇളവ് വരുത്തിയിട്ടുണ്ട്.  രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ ഉണ്ടാകുക. മതിയായ വിശാലതയുള്ള കടകളില്‍ ഒരേസമയം അഞ്ചിലേറെ പേരെ പ്രവേശിപ്പിക്കാം. സ്‌കൂളുകളും കൊളജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ 31 വരെ അടച്ചിടും. ഇതടക്കം അണ്‍ലോക്ക് രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്തയിടങ്ങളിലാണ് ഇളവുകള്‍ ബാധകമാകുക. രാജ്യതലസ്ഥാനമായ ഡല്‍ഹിയടക്കം 470 കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിലവിലുള്ളത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുവാദമില്ല. നിലവിലെ വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സര്‍വീസുകള്‍ മാത്രമാണുണ്ടാകുക. അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്തയിടങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനം കൈക്കൊള്ളാം.

മെട്രോ സര്‍വീസുകള്‍, സിനിമാ ഹാളുകള്‍, നീന്തല്‍ കുളങ്ങള്‍, ബാറുകള്‍, ആളുകള്‍ ഒത്തുകൂടുന്ന ഹാളുകള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും. മത, സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്‌കാരിക, അക്കാദമിക് ഒത്തുകൂടലുകളും പരിപാടികളും അനുവദിക്കില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി ഇവ ആരംഭിക്കുന്ന തീയതികള്‍ പിന്നീട് അറിയിക്കും.

ALSO READ  ഇന്ത്യന്‍ പ്രദേശം ഉള്‍പ്പെടുന്ന പുതിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലിമെന്റിന്റെ അംഗീകാരം; ന്യായീകരിക്കാവതല്ലെന്ന് ഇന്ത്യ