Connect with us

Kerala

ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

കോട്ടയം | ജോസ് കെ മാണി വിഭാഗം യു ഡി എഫില്‍ നിന്ന് പുറത്ത്. മുന്നണി നിര്‍ദേശമനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് യു ഡി എഫ് കടുത്ത നടപടി സ്വീകരിച്ചത്. ജോസ്-ജോസഫ് പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പല തവണ ചര്‍ച്ച നടത്തിയുണ്ടാക്കിയ ധാരണ പാലിക്കാന്‍ ജോസ് വിഭാഗം തയാറായില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വാര്‍ത്താ സമ്മേളത്തില്‍പറഞ്ഞു.

ഇന്ന് നടന്ന യു ഡി എഫ് ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ള ഉന്നത നേതാക്കള്‍ പങ്കെടുത്തിരുന്നു. മുന്നണി തീരുമാനം ധിക്കരിച്ച ജോസ് കെ മാണി വിഭാഗത്തെ ഇനി മുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമെടുക്കുകയായിരുന്നു. ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിച്ചില്ല. ജോസ് വിഭാഗത്തിന് ഇനി മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ല. ഇതില്‍ ലാഭനഷ്ടക്കണക്ക് നോക്കുന്നില്ലെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

ഏകപക്ഷീയമായ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ജോസ് വിഭാഗം ആവശ്യപ്പെട്ടു. ഏത് യു ഡി എഫ് യോഗമാണ് തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്ന് സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ജോസ് കെ മാണി വിഭാഗം ഇന്ന് നാല് മണിക്ക് വാര്‍ത്താ സമ്മേളനം നടത്തി തങ്ങളുടെ പക്ഷം വിശദീകരിക്കും.

ചൊവ്വാഴ്ച സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരും.
യു ഡി എഫ് തീരുമാനം ദുഃഖകരമാണെന്ന് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. മുന്നണി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല. ജോസ് കെ മാണി വിഭാഗത്തോട് കാണിച്ചത് ചതിയാണ്. ഞങ്ങളെ ആവശ്യമുള്ളവരുണ്ടെന്നും ജോസ് പക്ഷം വഴിയാധാരമാകില്ലെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.