വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടത്തിലും സഊദിയിലെ മലയാളികള്‍ക്ക് അവഗണന; കേരളത്തിലേക്ക് നാമമാത്ര സര്‍വീസുകള്‍

Posted on: June 27, 2020 10:00 pm | Last updated: June 28, 2020 at 9:15 am

ദമാം | കേന്ദ്ര സര്‍ക്കാറിന്റെ വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ സഊദി അറേബ്യയില്‍ നിന്ന് കേരളത്തിലേക്ക് അനുവദിച്ചത് 11 വിമാന സര്‍വീസുകള്‍ മാത്രം. ഇതോടെ നാട്ടിലേക്ക് മടങ്ങുന്നതിനായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് വീണ്ടും തിരിച്ചടിയായി.

റിയാദ്, ദമാം വിമാനത്താവളങ്ങളില്‍ നിന്ന് നാല് വീതം
വിമാനങ്ങളും ജിദ്ദയില്‍ നിന്ന് മൂന്ന് വിമാനങ്ങളുമാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക. ജൂലൈ മൂന്നിന് റിയാദ്- കോഴിക്കോട്, ദമാം- കണ്ണൂര്‍, ജൂലൈ നാലിന് റിയാദ്- തിരുവനന്തപുരം, ദമാം- കോഴിക്കോട്, അഞ്ചിന് ജിദ്ദ- കണ്ണൂര്‍, ആറിന് ദമാം- കൊച്ചി, ജിദ്ദ- കോഴിക്കോട്, ഏഴിന് റിയാദ്- കണ്ണൂര്‍, എട്ടിന് ജിദ്ദ- തിരുവനന്തപുരം, ഒമ്പതിന് ദമാം- തിരുവനന്തപുരം, പത്തിന് റിയാദ്- കൊച്ചി എന്നിങ്ങനെയാണ് പുതിയ വിമാന ഷെഡ്യൂളുകള്‍.

കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത രാജ്യങ്ങളെ കേന്ദ്രീകരിച്ച് കൂടുതല്‍ സര്‍വീസ് നടത്താനാണ് തീരുമാനമെന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചത്. രണ്ടാഴ്ച മുമ്പ് വരെയുള്ള കണക്കുകള്‍ പ്രകാരം 110,000 പേരാണ് എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രക്കായി കാത്തിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും മലയാളികളാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തതും സഊദിയിലാണ്. പുതിയ ഷെഡ്യൂള്‍ കൂടി പുറത്തുവന്നതോടെ കേരളത്തിലേക്കുള്ള യാത്രക്കാര്‍ വീണ്ടും ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും. അതേസമയം, കേരളത്തിലേക്കുള്ള പുതിയ സര്‍വീസുകളുടെ ഷെഡ്യൂള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ ഇന്ത്യന്‍ എംബസിയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.