പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; കാമുകനും ഭാര്യയും റിമാന്‍ഡില്‍

Posted on: June 26, 2020 10:08 pm | Last updated: June 26, 2020 at 10:08 pm

കൊച്ചി | പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ കാമുകനെയും ഭാര്യയെയും കോടതി റിമാന്‍ഡ് ചെയ്തു. തൊടുപുഴ സ്വദേശി അഖില്‍ (23), ഭാര്യ പ്രസീദ (36) എന്നിവരെയാണ് മൂവാറ്റുപുഴ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. നിലവില്‍ ക്വാറന്റൈനിലാണ് പ്രതികള്‍. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായ ശേഷം ഇരുവരെയും ജയിലിലേക്കു മാറ്റും.

മൂവാറ്റുപുഴ സ്വദേശിയായ പതിനേഴുകാരിയെ അഖില്‍ ശിവന്‍ (23) തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ചുവെന്നാണ് കേസ്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ താന്‍ അവിവാഹിതനാണെന്ന് ധരിപ്പിക്കുകയും വിവാഹ വാഗ്ദാനം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുമൊത്ത് പലയിടത്തേക്കും യാത്ര ചെയ്തു. ഇതിനിടെ അഖില്‍ വിവാഹിതനാണെന്ന് അറിഞ്ഞ പെണ്‍കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആുപത്രിയില്‍ നിന്നാണ് പെണ്‍കുട്ടിയെ അഖിലും ഭാര്യ പ്രസീദയും കൂടി വയനാട്ടിലുള്ള പ്രസീദയുടെ വീട്ടിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ച് പീഡനത്തിനിരയാക്കി.

പെണ്‍കുട്ടിയുടെ പരാതിയില്‍ മൂവാറ്റുപുഴ പ്രിന്‍സിപ്പല്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.