National
വൈറസ് വ്യാപനം നിയന്ത്രിക്കുന്നതും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതും തുല്യ പ്രാധാന്യം: യെദ്യൂരപ്പ

ന്യൂഡൽഹി| കൊവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബംഗളൂരുവിൽ പുതിയ ലോക് ഡൗൺ പ്രഖ്യാപിക്കില്ലെന്നും അതേസമയം വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നും കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും സഹകരിച്ചാൽ കൊവിഡ് മഹാമാരി നിയന്ത്രിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് നഗരങ്ങളിലെയും സംസ്ഥാനങ്ങളിലെയും കൊവിഡ് 19 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബംഗളൂരു ഇപ്പോഴും സുരക്ഷിതമാണെന്ന് റവന്യൂ മന്ത്രി ആർ അശോക് നേരത്തെ പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രസ്ഥാവനയുമായി മുഖ്യമന്ത്രി എത്തിയത്. ഇനിയൊരു ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട സ്ഥിതി നിലവിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് 19 നിയന്ത്രിക്കാനുള്ള നടപടികൾ ചർച്ചചെയ്യുന്നതിനൊപ്പം തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതും ഒരുപോലെ പ്രധാനമാണെന്നും അതിനായി ബംഗളൂരുവിലെ എല്ലാ പാർട്ടികളിലെയും എം എൽ എ, എം പി മാരെ ഉൾപ്പെടുത്തി കൊവിഡ് 19 നിയന്ത്രിക്കാനുള്ള നടപടികൾ ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് നഗരത്തിൽ 78 മരണങ്ങളും 1791 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 505 പേർ രോഗമുക്തരായി.