Connect with us

Gulf

രാജ്യാന്തര സൈബര്‍ തട്ടിപ്പ് സംഘത്തെ പിടികൂടി ദുബൈ പോലീസ്; കണ്ടെത്തിയത് 160 കോടിയുടെ തട്ടിപ്പ്

Published

|

Last Updated

ദുബൈ | കോടികളുടെ സൈബര്‍ തട്ടിപ്പ് നടത്താന്‍ ആസൂത്രണം ചെയ്ത ഹഷ് പപ്പി, വൂഡ് ബെറി എന്നീ ഇരട്ടപ്പേരുകളിലറിയപ്പെടുന്ന രണ്ട് പേരെയും 10 ആഫ്രിക്കന്‍ സൈബര്‍ കുറ്റവാളികളെയും ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. റെയ് മണ്‍ ഇഗ് ബാലോദെ അബ്ബാസ് ആണ് ഹഷ് പപ്പി എന്നറിയപ്പെടുന്നത്. വൂഡ് ബെറി ഒലാകന്‍ ജേക്കബ് പോന്‍ലെയും. ഓപറേഷന്‍ ഫോക്‌സ് ഹണ്ട് 2 എന്ന പേരില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായതെന്ന് ദുബൈ പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരിയും അറിയിച്ചു.

പണം ഇരട്ടിപ്പ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, ആള്‍മാറാട്ടം, ഹാക്കിംഗ്, ആളുകളെ പറ്റിക്കല്‍, ബേങ്ക് തട്ടിപ്പ്, വേഷപ്രഛന്നമായി നടന്ന് തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ യു എ ഇയില്‍ നിന്നുകൊണ്ട് രാജ്യത്തിന് പുറത്ത് നടത്തിയതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (സി ഐ ഡി) ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനും പദ്ധതി തകര്‍ക്കാനും ദുബൈ പോലീസ് ഉപയോഗിക്കുന്നത് ആധുനിക സാങ്കേതിക വിദ്യകളാണ്. കുറ്റവാളികളും ഇടക്കിടെ തങ്ങളുടെ കുറ്റകൃത്യങ്ങളുടെ രീതികള്‍ മാറ്റാറുണ്ട്. ഇതേസമയം, ദുബൈ പോലീസിലെ സാങ്കേതിക വിദഗ്ധര്‍ അശ്രാന്ത പരിശ്രമത്തിലൂടെ തങ്ങളുടെ പ്രവര്‍ത്തനരീതികള്‍ മികവുറ്റതാക്കാന്‍ ശ്രമിക്കുന്നു. പോലീസിന്റെ ക്രിമിനല്‍ ഡാറ്റ അനാലിസിസ് സെന്റര്‍ ഇതിന് വലിയ പങ്കുവഹിച്ചു.

ആഫ്രിക്കന്‍ സംഘം പണമിരട്ടിപ്പും സൈബര്‍ തട്ടിപ്പും നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിടത്ത് നിന്നാണ് അന്വേഷണത്തിന് തുടക്കമാകുന്നത്. പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. ഇവരുടെ തട്ടിപ്പ് ഒട്ടേറെ വ്യക്തികളുടെ ജീവിതം തകര്‍ത്തതായും കമ്പനികളെ നശിപ്പിച്ചതായും കണ്ടെത്തി. ബേങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പ് ശ്രമം. ഹഷ് പപ്പി അടക്കമുള്ള സംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താനൊരു സമ്പന്നനാണെന്ന് തെറ്റിദ്ധരിപ്പിച്ച ഹഷ് പപ്പി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരകളെ വലവീശിപ്പിടിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പലരുടെയും ഇ മെയിലുകള്‍ ഹാക്ക് ചെയ്യുകയും പണം തട്ടിയെടുത്ത് തങ്ങളുടെ ബേങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്തു. പ്രമുഖ കമ്പനികളുട വ്യാജ വെബ് സൈറ്റ് ഉണ്ടാക്കി ഇരകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ കൈക്കലാക്കി പണം തട്ടിയെടുക്കുകയും ചെയ്തു.
1.6 ബില്യന്‍ ദിര്‍ഹമിന്റെ തട്ടിപ്പിന് വ്യാജരേഖകള്‍ നിര്‍മിച്ചായിരുന്നു പ്രതികള്‍ കരുനീക്കിയത്. 150 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന 13 ആഡംബര കാറുകള്‍  പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കാറുകളോടൊപ്പം നില്‍ക്കുന്ന പടങ്ങള്‍ പ്രതികള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. 21 കമ്പ്യൂട്ടറുകള്‍, 47 സ്മാര്‍ട് ഫോണുകള്‍, 15 മെമറി സ്റ്റിക്കുകള്‍, 11,9580 വ്യാജ ഫയലുകള്‍, 1,926,400 മേല്‍വിലാസങ്ങള്‍ എന്നി ഉള്‍ക്കൊള്ളുന്ന അഞ്ച് ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയും കണ്ടെടുത്തു.

ദുബൈ പോലീസിന്റെ പ്രത്യേക വൈദഗ്ധ്യം നേടിയ ആറ് സ്വാത് ടീമുകള്‍ അണിനിരന്നാണ് പ്രതികളെ വലയിലാക്കാനുള്ള ആസൂത്രണം നടത്തിയത്. നിരന്തരം റെയ്ഡ് നടത്തി അറസ്റ്റ് യാഥാര്‍ഥ്യമാക്കി. പ്രതികളെയെല്ലാം ഒരേ സമയം തന്നെ പിടികൂടി. സംഘം യു എ ഇയില്‍ നിന്നുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ പണം തട്ടിയെടുത്തതായി വ്യക്തമായി. നേരത്തേ ഫോക്‌സ് ഹണ്ട് 1 പേരില്‍ ഫെബ്രുവരിയില്‍ നടത്തിയ പ്രത്യേക അന്വേഷണത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാരായ ആഫ്രിക്കന്‍ സംഘത്തെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 18 രാജ്യങ്ങളില്‍ ഇവര്‍ 81 വ്യാജ ബിസിനസ് നടത്തിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനായി പണം അയപ്പിച്ചായിരുന്നു പ്രധാന തട്ടിപ്പ്. ഇത്തരത്തില്‍ 32 ദശലക്ഷം ദിര്‍ഹവും ഇവര്‍ തട്ടിയെടുത്തിരുന്നു.
ക്രിമിനല്‍ സംഘത്തെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തെ പോലീസ് മേധാവി അല്‍ മര്‍റി അഭിനന്ദിച്ചു.

Latest