National
സൈബർ ആക്രമണത്തിനു സാധ്യത; 20 ലക്ഷം ഉപഭോക്താക്കൾക്ക് എസ് ബി ഐയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി| സൈബർ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ 20 ലക്ഷം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ് ബി ഐ. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഫിഷിംഗ് ആക്രമണം നടക്കുമെന്ന മുന്നറിയിപ്പുമായാണ് എസ് ബി ഐ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ സൈബർ ആക്രമണം നടക്കുമെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ncov2019@gov.in എന്ന വ്യാജ ഇ മെയിലിൽ നിന്ന് “സൗജന്യ കൊവിഡ് 19 പരിശോധന” എന്ന വിഷയത്തോടെ വരുന്ന വ്യാജ ഇ മെയിലിലൂടെ വിവരങ്ങൾ ചോർത്താനാണ് പദ്ധതി. ഈ മെയിലിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും എസ് ബി ഐ ഉപദേശകൻ പറഞ്ഞു. ഡൽഹി, മുംബൈ, അഹമ്മദാബാദ്, എന്നിവിടങ്ങളിലെല്ലാം “ഫ്രീ കൊവിഡ്-19” എന്ന വിഷയത്തിനൊപ്പം ഫിഷിംഗ് ഇ മെയിൽ അയക്കുമെന്ന് സൂചന കിട്ടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കേന്ദ്ര സർക്കാറിന്റെ സഹായ പദ്ധതികളുടെ വിതരണം എന്ന പേരിലാണ് തട്ടിപ്പ്. ഇവർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ സിസ്റ്റത്തിൽ മാൽവെയർ ഇൻസ്റ്റാളാകും. ഇതോടെ വിവരങ്ങൾ ചോരുന്ന സ്ഥിതി ഉണ്ടാകും.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഓസ്‌ട്രേലിയ ഉൾപ്പെടെ പല രാജ്യങ്ങളിലും നടന്ന സൈബർ ആക്രമണങ്ങളുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസി വ്യക്തികൾക്കും, ബിസിനസ് സ്ഥാപനങ്ങൾക്കും വൻ തോതിലുള്ള ഫിഷിംഗ് പ്രചാരണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.