National
സംസ്ഥാനങ്ങൾക്ക് 50,000 'മെയ്ഡ് ഇൻ ഇൻഡ്യ' വെന്റിലേറ്ററുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി| കൊറോണ വൈറസിനെതിരെ പോരാടുന്ന വിവിധ സംസ്ഥാന സർക്കാറുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 50,000 “മെയ്ഡ് ഇൻ ഇൻഡ്യ” വെന്റിലേറ്ററുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം. ഇതിനായി പി എം കെയർ ഫണ്ടിൽ നിന്ന് 2,000 കോടി രൂപ അനുവദിച്ചു.
നിലവിൽ 2,923 വെന്റിലേറ്ററുകൾ നിർമിച്ച് കഴിഞ്ഞു. 1340 വെന്റിലേറ്ററുകൾ ഇതിനകം വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വിതരണം ചെയ്തിട്ടുണ്ട്. കൊവിഡ് മഹാമാരി കൂടുതലായി ബാധിച്ച ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് 275 വെന്റിലേറ്ററുകൾ വീതം നൽകി.
ഗുജറാത്ത് (175), ബീഹാർ (100), കർണാടക (90), രാജസ്ഥാൻ (75) എന്നിവയാണ് വെന്റിലേറ്ററുകൾ വിതരണം ചെയ്ത മറ്റ് സംസ്ഥാനങ്ങൾ.
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇവരുടെ താമസം, ഭക്ഷണം, ചികിത്സ, ഗതാഗതം എന്നിവയ്ക്കായി ഈ ഫണ്ട് വിനിയോഗിക്കാം. ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചത് മഹാരാഷ്ട്രയ്ക്കാണ്. (181 കോടി രൂപ), ഉത്തർപ്രദേശ് (103 കോടി), തമിഴ്‌നാട് (83 കോടി) ഗുജറാത്ത് (66 കോടി) ഡൽഹി (55 കോടി), പശ്ചിമബംഗാൾ (53 കോടി) ബീഹാർ (51 കോടി) മധ്യപ്രദേശ് (50 കോടി) രാജസ്ഥാൻ (50 കോടി) കർണാടക (34 കോടി) എന്നിവയാണ് വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഫണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,78,014 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കൊവിഡ് 19 കേസുകളുടെ എണ്ണം 4,40,215 ആയി ഉയർന്നു.