Kerala
വെല്‍ഫെയര്‍ പാര്‍ട്ടിയെ ഒപ്പം കൂട്ടാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയാതെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി | യു ഡി എഫിനുള്ളിലും സ്വന്തം പാര്‍ട്ടിക്കുള്ളിലും നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള തിരഞ്ഞെടുപ്പ് സഹകരണ സാധ്യത തള്ളാതെ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വെല്‍ഫെയര്‍ പാര്‍ട്ടി കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് പിന്തുണ നല്‍കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അവരുടെ നിലപാടിനായി കാത്തിരിക്കുകയാണെന്നും ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്നും ഇത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണെന്നും യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന യൂത്ത്‌ലീഗ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെ വലിയ വിമര്‍ശനമുണ്ടായിരുന്നു. പാര്‍ട്ടിയിലെ പല പ്രമുഖ നേതാക്കളും കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവരാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണത്തില്‍ യു ഡി എഫിനുള്ളില്‍ മൊത്തത്തില്‍ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് ഇതിനോട് യോജിപ്പില്ല. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണ കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. ഇതാണ് ചാനല്‍ അഭിമുഖത്തിലും സഹകരണ സാധ്യത കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സസംസ്ഥാനത്ത് യു ഡി എഫിനുള്ളില്‍ പല പ്രശ്‌നങ്ങളുണ്ടെന്നും വലിച്ചുനീട്ടാതെ ഇത് പരിഹരിക്കപ്പെടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗ് ആഗ്രഹിക്കുന്നത് അതിമോഹമാണ്. മുന്നണിയെ ആര് നയിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. കൂട്ടായ പ്രവര്‍ത്തനമാണ് കേരളത്തിലുള്ളത്.
ആരോഗ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയ വിമര്‍ശനത്തിന്റെ ഭാഗമാണ്. എന്നാല്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷപദവിയിലേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്നും ലീഗ് ഇടതുമുന്നണിയില്‍ ചേരില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
.