Connect with us

Covid19

കൊവിഡില്‍ വിറങ്ങലിച്ച് ബ്രസീല്‍; ദക്ഷിണ കൊറിയയില്‍ രണ്ടാം വ്യാപനം

Published

|

Last Updated

ന്യൂഡല്‍ഹി | ലോകാരോഗയ സംഘടന മാഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ബ്രസീലിനെ വരിഞ്ഞ് മുറുക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ രോഗ വ്യാപനം തീവ്രമാണെന്നാണ് റിപ്പോര്‍ട്ട്. 11,11,348 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 51,407 വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 5,94,104 പേര്‍ക്ക് മാത്രമാണ് ഇവിടെ രോഗമുക്തി നേടാനായത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിലും രോഗ വ്യാപനത്തിന് ഒരു കുറവില്ല. ഇന്നലെയും ഇരുപതിനായിരത്തിന് മുകളില്‍ കേസുകളും നൂറ് കണക്കിന് മരണവും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് കൊവിഡ് രോഗം അതിവേഗം ഒരു കോടിയിലേക്ക് കുതിക്കുകയാണ്. 92 ലക്ഷത്തിന് മുകളില്‍ പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ ദക്ഷിണ കൊറിയയില്‍ കോവിഡിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനമായ സിയൂള്‍ കേന്ദ്രീകരിച്ച് പുതിയ അണുബാധയുടെ തുടക്കമുണ്ടായിയെന്നാണ് കണ്ടെത്തല്‍. സിയൂളില്‍ അടുത്ത മൂന്നു ദിവസങ്ങളില്‍ പ്രതിദിനം മുപ്പതിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ സാമൂഹിക അകലം വീണ്ടും ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പാര്‍ക് വോന്‍ സൂന്‍ അറിയിച്ചു.

കോവിഡിന്റെ വ്യാപനത്തെ വിജയകരമായി മറികടന്ന രാജ്യമായിരുന്നു ഇതുവരെ ദക്ഷിണ കൊറിയ. വന്‍തോതിലുള്ള വ്യാപനം കുറയുകയും അത് വളരെ കുറച്ച് കേസുകളിലേക്ക് എത്തുകയും ചെയ്തിരുന്നു. ലോക് ഡൗണ്‍ ഇളവുകള്‍ക്കു പിന്നാലെ മേയ് ആദ്യം സിയൂളിലെ നിശാക്ലബുകള്‍ അടക്കം തുറന്നതോടെയാണു രണ്ടാം വ്യാപനം ആരംഭിച്ചത്. ദക്ഷിണ കൊറിയില്‍ ഇതുവരെ 280 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ആകെ 12,000 ആളുകളിലാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

അതിനിടെ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ വീണ്ടും മുന്നറിയിപ്പുമായി ലോകരോഗ്യ സംഘടന രംഗത്തെത്തി. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും പ്രതിരോധ നടപടിയെന്നോണം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുന്‌പോള്‍ ജാഗ്രത കൈവിടരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് നാലാം തവണയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്. ആരോഗ്യരംഗത്തു മാത്രമല്ല സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളിലേക്കാണ് കോവിഡ് മഹാമാരി ലോകത്തെ നയിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.

 

 

Latest