Covid19
ഉറവിടം കണ്ടെത്താത്ത കേസുകള്‍ വര്‍ധിക്കുന്നു; തിരുവനന്തപുരം വലിയ ഭീതിയില്‍

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ തിരുവനന്തപുരത്തെ സ്ഥിതി കൂടുതല്‍ ആശങ്കയിലേക്ക്. ഉറവിടം കണ്ടെത്താത്ത കേസുകള്‍ സംസ്ഥാനത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ് ഭീതിക്ക് കാരണം. തലസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടായോ എന്ന ആശങ്ക ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പും പോലീസും. തിരുവനന്തപുരത്ത് ഇന്ന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ യോഗം ചേര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൈക്കൊള്ളും.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച മെഡിക്കല്‍ കോളജ് ആശുപത്രിയും കനത്ത ജാഗ്രതയിലാണ്. ഇളവുകള്‍ ഒഴിവാക്കി നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ നിവൃത്തിയില്ലെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിലയിരുത്തിയത്.
ജില്ലയിലെ പ്രധാന ചന്തകളില്‍ 50 ശതമാനം കടകള്‍ മാത്രമേ തുറക്കൂ. ഓട്ടോ-ടാക്‌സി യാത്രക്കാര്‍ വണ്ടി നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. മാളുകളിലെ തിരക്കുള്ള കടകള്‍ ഒന്നിടവിട്ട ദിവസങ്ങളിലേ പ്രവര്‍ത്തിക്കാവൂ. സമരങ്ങളില്‍ പത്ത് പേര്‍ മാത്രം. സ്ഥിതി വിലയിരുത്താന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗവും വിളിച്ചിട്ടുണ്ട്.
ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും പോലീസ് പരിശോധന വര്‍ധിപ്പിക്കും.കൊവിഡ് സ്ഥിരീകരിച്ച സുരക്ഷ ജീവനക്കാരന് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്ന ഡ്യൂട്ടിയായിരുന്നു. മെയ് ആദ്യവാരം കോവിഡ് വാര്‍ഡിന് മുന്നിലും ജോലിയെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ വെല്ലുവിളിയാണ്.
രോഗലക്ഷണങ്ങളോടെ 17-ാം തീയതി കടകംപള്ളിയിലെ കുടുംബാരോഗ്യകേന്ദ്രത്തിലും 18ന് ലോര്‍ഡ്‌സ് ആശുപത്രിയിലും ചികിത്സ തേടിയ ശേഷമാണ് 19ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്നത്.