തര്‍ക്കത്തിന്റെ ആണിവേരുകള്‍

ഇന്ത്യക്കും ചൈനക്കുമിടയിലെ നിയന്ത്രണ രേഖയില്‍ വ്യക്തത ഉണ്ടാക്കാനാവശ്യമായ ഉഭയകക്ഷി ചര്‍ച്ചകളും അതനുസരിച്ചുള്ള നടപടികളും നിരന്തരം തടയപ്പെടുന്നതാണ് അതിര്‍ത്തി സംബന്ധമായ വിഷയപരിഹാരം അനിശ്ചിതമായി തുടരുന്നതിന് കാരണം.
Posted on: June 23, 2020 4:05 am | Last updated: June 23, 2020 at 5:48 pm

ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി തര്‍ക്കത്തിന്റെ ചരിത്രപരമായ അടിവേരുകള്‍ രണ്ട് രാജ്യങ്ങളുടെയും കൊളോണിയല്‍ ഭരണത്തോളം ആഴ്ന്നു കിടക്കുന്നതാണ്. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി ഒരു പരമാധികാര രാഷ്ട്രമായത് പോലെ 1940കളുടെ അവസാനം ചൈനയും ഒരു ജനകീയ റിപ്പബ്ലിക്കായി. ഇന്ത്യ ബ്രിട്ടന്റെ കോളനിയായിരുന്നെങ്കില്‍ ചൈന വ്യത്യസ്ത സാമ്രാജ്യത്വ രാജ്യങ്ങള്‍ക്ക് കീഴിലെ ഒരു ബഹു കോളനി രാജ്യമായിരുന്നു. ഇന്ത്യയിലെ പോലെ കേന്ദ്രീകൃതമായൊരു സാമ്രാജ്യത്വ അധികാരം ചൈനയിലുണ്ടായിരുന്നില്ല.

ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍ണയിച്ച വ്യക്തതയില്ലാത്ത അതിര്‍ത്തി സ്വാതന്ത്ര്യാനന്തരം ചൈനക്കും ഇന്ത്യക്കുമിടയിലെ ഭൂമിശാസ്ത്രപരമായ അതിരുകളായി പ്രഖ്യാപിച്ചു. കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷ് സര്‍വേ ഉദ്യോഗസ്ഥനായ മക് മോഹന്‍ നിര്‍ണയിച്ച അതിര്‍ത്തി രേഖയായിരുന്നു അത്. രേഖയെന്ന് പറയാനാകാത്ത അതിര് നിര്‍ണയിക്കുന്ന പോയിന്റുകള്‍. ചൈന ജനകീയ റിപ്പബ്ലിക്കായതിന് ശേഷം ഇന്ത്യക്കും ചൈനക്കുമിടയിലെ അതിര്‍ത്തി രേഖയായി അവര്‍ മക് മോഹന്‍ രേഖ അംഗീകരിച്ചില്ല. അതിനവര്‍ക്ക് അവരുടേതായ ന്യായങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് സര്‍വേ ഉദ്യോഗസ്ഥര്‍ നിര്‍ണയിച്ച അതിര്‍ത്തി രേഖ ബ്രിട്ടന്റെ അധികാരപരിധിയല്ലാതിരുന്ന ചൈനക്ക് ബാധകമല്ല എന്നായിരുന്നു അവരുടെ പ്രധാന വാദം.

3,448 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ ഇന്ത്യന്‍ അതിര്‍ത്തി നീണ്ടുകിടക്കുന്നു. ചൈനക്കാരുടെ വാദം അത് 2,000 കിലോമീറ്റര്‍ മാത്രമാണെന്നാണ്. കിഴക്കന്‍ മേഖല അരുണാചല്‍ പ്രദേശ്, സിക്കിം. മധ്യമേഖല ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്. പടിഞ്ഞാറന്‍ മേഖല ലഡാക്ക്. ഏറ്റവും പ്രധാന തര്‍ക്കം ലഡാക്ക് മേഖലയിലാണ്. ഇപ്പോഴത്തെ നിര്‍ഭാഗ്യകരമായ ഏറ്റുമുട്ടലും മരണങ്ങളും സംഭവിച്ച ഗാല്‍വന്‍ താഴ്്വര ഉള്‍പ്പെടുന്ന പ്രദേശം. 1959ല്‍ നെഹ്‌റുവിന് ചൈന അയച്ച കത്തില്‍ തന്നെ ഈ പ്രദേശത്തെ തര്‍ക്ക പ്രദേശമായി ഉന്നയിച്ചിരുന്നു. യഥാര്‍ഥ നിയന്ത്രണരേഖ (ALC) എന്നത് കിഴക്കന്‍ പ്രദേശത്തെ മക് മോഹന്‍ ലൈനും പടിഞ്ഞാറന്‍ പ്രദേശത്തെ രണ്ട് രാജ്യങ്ങളും നിയന്ത്രിക്കുന്ന പ്രദേശങ്ങളും എന്നാണെന്ന് അന്ന് തന്നെ ഉന്നയിക്കപ്പെട്ടതാണ്. ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാക്കാനാവശ്യമായ ഉഭയകക്ഷി ചര്‍ച്ചകളും അതനുസരിച്ചുള്ള നടപടികളും നിരന്തരം തടയപ്പെടുന്നതാണ് അതിര്‍ത്തി സംബന്ധമായ വിഷയപരിഹാരം അനിശ്ചിതമായി തുടരുന്നതിന് കാരണം.

അതിര്‍ത്തി വിഷയത്തില്‍ 1988ല്‍ രാജീവ് ഗാന്ധിയും ചൈനീസ് ചെയര്‍മാന്‍ ഡെങ്ങും തമ്മില്‍ നടത്തിയ ചര്‍ച്ചയും അതനുസരിച്ചുള്ള ധാരണകളും പ്രയോഗത്തില്‍ കൊണ്ടു വന്നില്ല. ചൈനീസ് പ്രധാനമന്ത്രി ലീ പെംഗിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെയാണ് അതിര്‍ത്തി വിഷയത്തില്‍ മുന്‍കാല തടസ്സങ്ങള്‍ പരിഹരിച്ചു പോകാനും വ്യക്തത ഉണ്ടാക്കാനും തീരുമാനമാകുന്നത്. 1993ല്‍ നരസിംഹ റാവുവിന്റെ ചൈനാ സന്ദര്‍ശന വേളയില്‍ അതിര്‍ത്തി വിഷയത്തില്‍ ചര്‍ച്ച നടന്നു. ഇരു രാജ്യങ്ങളും തങ്ങളുടേതെന്ന് കരുതി കൈവശം വെക്കുന്ന പ്രദേശങ്ങളെ അതാത് രാജ്യങ്ങളുടെ നിയന്ത്രണ രേഖയായി കണ്ട് അതിര്‍ത്തി രേഖ നിര്‍ണയിക്കുന്നതിന് നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അതുപ്രകാരം 1959 ലെയോ 1962ലെയോ അല്ല, കരാര്‍ ഒപ്പിടുന്ന കാലത്തേതായിരിക്കും അതിര്‍ത്തി രേഖയെന്ന് വ്യക്തത വരുത്തി. പല മേഖലകളിലെയും തര്‍ക്ക പരിഹാരത്തിനായി സംയുക്ത പ്രവര്‍ത്തക സമിതിക്ക് രൂപം കൊടുക്കാനും ധാരണയായി.

അതായത് ചൈന അവരുടേതെന്നും ഇന്ത്യ നമ്മുടേതെന്നും കരുതുന്ന പ്രദേശങ്ങളെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് റാവു – ലീ പെംഗ് ചര്‍ച്ചയിലൂടെ എത്തിയ ധാരണ. പക്ഷേ, നിയന്ത്രണരേഖ സംബന്ധിച്ച മാപ്പ് തയ്യാറാക്കിയെങ്കിലും ഇരു രാജ്യങ്ങളും അത് കൈമാറിയില്ല. 2002ല്‍ വാജ്പയ് സര്‍ക്കാറിന്റെ വരവോടെ നിയന്ത്രണ രേഖ വിശദീകരിക്കുന്ന പ്രക്രിയയും നിലച്ചു. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ധാരണകള്‍ ഇരു രാജ്യങ്ങളും പാലിക്കുന്നില്ലെന്ന ആരോപണ പ്രത്യാരോപണങ്ങളില്‍ തട്ടി പിന്നീട് അതിര്‍ത്തി നിര്‍ണയം അപരിഹാര്യമായി തുടര്‍ന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അതിര്‍ത്തില്‍ രക്തമൊഴുകുന്ന, ജീവന്‍ നഷ്ടപ്പെടുന്ന തരത്തില്‍ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരിക്കുന്നു. അത്തരമൊരു സാഹചര്യത്തെ ഉപയോഗപ്പെടുത്തി യുദ്ധോത്സുകത പടര്‍ത്തുകയാണ് സംഘികളും വലതുപക്ഷ തീവ്രവാദികളും.
ട്രംപിന്റെ ചൈനാ വിരോധം ഏറ്റുപിടിച്ച് കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കങ്ങളാണിതെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. ചൈനയുടെ ഏകപക്ഷീയതയെയും മേധാവിത്ത സമീപനത്തെയും ഒരു വിട്ടുവീഴ്ചയുമില്ലാതെ തന്നെ നാം എതിര്‍ക്കണം.

എന്നാല്‍ അത് അമേരിക്കയുടെ ലോകാധിപത്യ ശ്രമങ്ങളോട് ചേര്‍ന്നു നിന്നാകരുത്. ചൈനക്കെതിരായ എതിര്‍പ്പ് അമേരിക്കന്‍ താത്പര്യങ്ങളുടെ ഏറ്റുപിടിക്കലാകരുത്. അക്കാര്യത്തില്‍ ദേശാഭിമാന ജനാധിപത്യ ശക്തികള്‍ കൃത്യമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അമേരിക്കയുടെ വ്യാപാര, യുദ്ധ പദ്ധതികളുടെ വിനീതരായ ഏറ്റുപറച്ചിലുകാരും നടത്തിപ്പുകാരുമായി നാം തരംതാഴ്ന്നു പോകരുത്. സ്വന്തം രാജ്യത്തും സാര്‍വദേശീയ രംഗത്തും ഒറ്റപ്പെട്ടു പോകുന്ന ട്രംപ് തങ്ങളുടെ സാമന്തന്മാരെ കൊണ്ട് ചുടു ചോറ് വാരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ നാം തിരിച്ചറിയാതെയും പോകരുത്.

ചൈനയുമായുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തിന്റെ പേരില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാണ് ചിലര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. സ്വാശ്രയത്വത്തെ കുറിച്ചും സ്വദേശിയെ കുറിച്ചും വാചകമടിക്കുന്ന സംഘ്പരിവാറുകാര്‍ ഈ വികാരം ഏതെങ്കിലും കാലത്ത് അമേരിക്കയുടെ കാര്യത്തില്‍ വെച്ചു പുലര്‍ത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എന്താണ് അവര്‍ ഉത്തരം നല്‍കുക.
സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ വലതുപക്ഷം ഒരിക്കലും അമേരിക്കക്കെതിരെ ഇങ്ങനെയൊരു പ്രചാരണം നടത്തിയതായി അറിയില്ല. ഭോപ്പാലില്‍ വിഷവാതകം ചോര്‍ത്തി ആയിരങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട യൂനിയന്‍ കാര്‍ബൈഡിനും അതിന്റെ മേധാവി ആന്‍ഡേഴ്‌സനുമെതിരെ അവര്‍ ഉറഞ്ഞു തുള്ളിയിട്ടുണ്ടോ?
വിയറ്റ്‌നാമിലെ കുട്ടികളെ വരെ ഏജന്റ് ഓറഞ്ച് പോലുള്ള രാസായുധങ്ങള്‍ ഉപയോഗിച്ച് കൂട്ടക്കൊല ചെയ്യുന്നതിന് നേതൃത്വം നല്‍കിയ അക്കാലത്തെ അമേരിക്കന്‍ പ്രസിഡന്റിനെ സ്തുതിച്ച പാരമ്പര്യമാണ് സംഘികള്‍ക്കുള്ളത്. 1980കളില്‍ അഫ്ഗാനിലെ സോവിയറ്റ് ഇടപെടല്‍ മുതല്‍ സോവിയറ്റ് പക്ഷത്തു നില്‍ക്കുന്ന ഇന്ത്യയെ ശിഥിലീകരിക്കാന്‍ അമേരിക്ക തയ്യാറാക്കിയ പദ്ധതികള്‍ എന്തെല്ലാമായിരുന്നു. പഞ്ചാബിലെ ഖലിസ്ഥാന്‍ പ്രസ്ഥാനം, അസമിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വിഘടനവാദ പ്രസ്ഥാനങ്ങള്‍..

ഇവയെല്ലാം അമേരിക്കയുടെയും സി ഐ എയുടെയും പിന്തുണയോടെയായിരുന്നു. ജഗതിത് സിംഗ് ചൗഹാന്‍ ഖലിസ്ഥാന്‍ രാഷ്ട്രം പ്രഖ്യാപിച്ചത് ആരുടെ പിന്‍ബലത്തിലായിരുന്നു? ബ്രിട്ടനിലിരുന്ന് അദ്ദേഹം ഇന്ത്യയെ അസ്ഥിരീകരിക്കുന്ന സായുധ തീവ്രവാദ സംഘങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. അവരെ പാക്കിസ്ഥാനിലെ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പരിശീലിപ്പിച്ചത് സി ഐ എ. അന്നും സംഘ്പരിവാറുകാര്‍ അമേരിക്കക്കെതിരെ മിണ്ടിയതായി അറിയില്ല.
ഖലിസ്ഥാന്‍ വാദികളും ഉള്‍ഫയും എല്‍ ടി ടിയുമെല്ലാം ശീതയുദ്ധകാലത്തെ അമേരിക്കയുടെ ബാള്‍ക്കനൈസേഷന്‍ പദ്ധതികളുടെ സൃഷ്ടിയായിരുന്നു. ഇത്തരം തീവ്ര വിഘടനവാദ സംഘങ്ങള്‍ എത്രയെത്ര ഇന്ത്യന്‍ സൈനികരെയും രാഷ്ട്രീയ നേതാക്കളെയുമാണ് വകവരുത്തിയിട്ടുള്ളതെന്ന് ഇവര്‍ക്കറിയാത്തതല്ലല്ലോ. ഇത്തരം ഭീകര സംഘങ്ങളെ പടച്ചുവിട്ട അമേരിക്കക്കെതിരെ എന്നും മൗനം പാലിച്ചവരുടെ രാജ്യസ്‌നേഹവും ദേശീയതയുമെന്നൊക്കെ പറയുന്നത് സാമ്രാജ്യത്വ വികസന മോഹങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചു കൊടുക്കലാണ്. മഹത്തായ ഇന്ത്യയുടെ ഭാഗധേയം അമേരിക്കയുടെ ആധിപത്യ താത്പര്യങ്ങളുമായി ഒരിക്കലും കൂട്ടിക്കെട്ടാനനുവദിച്ചുകൂടാ.

കെ ടി കുഞ്ഞിക്കണ്ണന്‍