Connect with us

Kerala

നടനും പിന്നണി ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു

Published

|

Last Updated

കൊച്ചി | മലയാള നാടക സിനിമ അഭിനേതാവും ചലച്ചിത്രപിന്നണിഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. 107 വയസ്സായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.

1912 മാര്‍ച്ച് 29നാണ് ജനനം. കേരള സൈഗാള്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഏഴാമത്തെ വയസ്സിലാണ് സംഗീതനാടകത്തിലൂടെ അരങ്ങിലെത്തിയത്. പതിനേഴു വയസ്സുള്ളപ്പോളാണ് ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ “മിശിഹാചരിത്ര”ത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷമിട്ട് പ്രൊഫഷണല്‍ നടനാവുന്നത്. ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫും മിശിഹാചരിത്രത്തില്‍ അഭിനയിച്ചിരുന്നു. സ്ത്രീവേഷം കെട്ടാന്‍ മടിയായിരുന്നെങ്കിലും അക്കാലത്ത് അതു പതിവായിരുന്നു. പിന്നീട് ചങ്ങനാശേരിയിലുള്ള നാടകട്രൂപ്പുകളുടെ കൂടെയായി.

തിക്കുറിശ്ശിയുടെ മായ എന്ന നാടകത്തില്‍ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലനുമായിരുന്നു. കോളിളക്കം സൃഷ്ടിച്ച നാടകമായിരുന്നു മായ. ഒരു വര്‍ഷം 290 സ്‌റ്റേജുകളിലാണ് മായ അവതരിപ്പിച്ചത്. സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകള്‍, ചിരിക്കുന്ന ചെകുത്താന്‍, പത്തൊമ്പതാം നൂറ്റാണ്ട്…. തുടങ്ങി അനവധി നാടകങ്ങളില്‍ വേഷമിട്ടു. 15,000 വേദികളിലെങ്കിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.

കോയമ്പത്തൂര്‍ പക്ഷിരാജ സ്റ്റുഡിയോയില്‍ ചിത്രീകരിച്ച പ്രസന്നയാണ് ആദ്യ സിനിമ. അതില്‍ പാടുകയും ചെയ്തു. പിന്നീട് ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. ഗുരുവായൂരപ്പന്‍, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യര്‍, പഠിച്ച കള്ളന്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയവയില്‍ അഭിനയിച്ചു. സത്യനും നസീറിനും വേണ്ടി പല തവണ പിന്നണി പാടി. 2010ല്‍ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ദിലീപ് ഭാവന സിനിമയിലെ പ്രശസ്തമായ “എന്റടുക്കെ വന്നടുക്കും പെമ്പിറന്നോളെ…” എന്ന പാട്ടു പാടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 1988 ലാണ് വൈസ് ചാന്‍സലര്‍ എന്ന അവസാന സിനിമ പുറത്തിറങ്ങിയത്.

Latest