Connect with us

National

രാജ്‌നാഥ് സിംഗ് ഇന്ന് റഷ്യയിലേക്ക്; യുദ്ധോപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക പ്രധാന ലക്ഷ്യം

Published

|

Last Updated

ന്യഡൽഹി| മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് രാവിലെ റഷ്യയിലേക്ക് പുറപ്പെട്ടു. ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് സന്ദർശനം. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ, നയതന്ത്ര ബന്ധവും ചർച്ചചെയ്യും. കൂടാതെ മോസ്‌കോയുടെ 75ാം വിക്ടറി പരേഡിൽ പ്രതിരോധമന്ത്രി പങ്കെടുക്കും.

യുദ്ധോപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് സന്ദർശനത്തിലെ പ്രധാന അജണ്ട. നിലവിലുള്ള സുഖോയ്, മിഗ് വിമാനഭാഗങ്ങളുടെ ലഭ്യത വേഗത്തിലാക്കുകയും മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ഇവയുടെ ലഭ്യതയെ ബാധിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യങ്ങൾ. സന്ദർശന വേളയിൽ മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം വേഗത്തിലാക്കുന്നതിനുള്ള സമ്മർദ്ദങ്ങൾ ഇന്ത്യ നടത്തും. അതേസമയം റഷ്യയുമായി ശക്തമായ പ്രതിരോധ ബന്ധം പുലർത്തുന്ന ചൈന ഇതിനകം തന്നെ അവിടെ നിന്ന് എസ്-400 സംവിധാനം സ്വന്തമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ ആശങ്കകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

പ്രതിരോധ സെക്രട്ടറി അജയ് കുമാറും മന്ത്രിക്കൊപ്പം സന്ദർശനം നടത്തുന്നുണ്ട്. ട്വീറ്റ് വഴിയാണ് മന്ത്രി റഷ്യൻ സന്ദർശന കാര്യം അറിയിച്ചത്.

Latest