Connect with us

Kerala

മൂന്ന് വര്‍ഷത്തെ ബിരുദത്തിന് പകരം നാല് വര്‍ഷത്തെ ഓണേഴ്‌സ് ബിരുദം; പരീക്ഷ സമ്പ്രദായവും മാറ്റാന്‍ ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ ശിപാര്‍ശ. നിലവിലെ മൂന്ന് വര്‍ഷമെന്ന ബിരുദ സമ്പ്രദായം മാറ്റി ഗവേഷണത്തിനും മറ്റും പ്രധാന്യം നല്‍കിയുള്ള നാല് വര്‍ഷത്തെ ഓണേഴ്സ് ബിരുദം തുടങ്ങണമെന്ന് സമിതി ആവശ്യപ്പെട്ടു. എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന് ഇത്സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

ഏകീകൃത ബിരുദാനന്തരബിരുദം തുടങ്ങണം. ആവശ്യക്കാരേറെയുള്ള ഡാറ്റ അനലിറ്റിക്‌സ്, സ്‌പേസ് സയന്‍സ്, ഫൊറന്‍സിക് സയന്‍സ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ പി ജി പ്രോഗ്രാമുകള്‍ വ്യാപിപ്പിക്കണം. നിലവിലെ പരീക്ഷാ സമ്പ്രദായം പരിഷ്‌ക്കരിക്ണം. ഓര്‍മ പരിശോധിക്കല്‍ രീതിയില്‍നിന്ന് അസൈന്‍മെന്റുകളും പ്രസന്റേഷനും എഴുത്തുമൊക്കെ ഉള്‍പ്പെടുന്ന ക്രിയാത്മക പഠനരീതിയെ അടിസ്ഥാനമാക്കിയാകണം പരീക്ഷകള്‍. ഓണ്‍ലൈന്‍ കോഴ്സ് പങ്കാളിത്തവും ഇതിന്റെ ഭാഗമാക്കണം. ഇവയൊക്കെ കണക്കിലെടുത്തുള്ള മൂല്യനിര്‍ണയമാണ് വേണ്ടതെന്നും സമിതി ശിപാര്‍ശയിലുണ്ട്.

ഇപ്പോള്‍ സംസ്ഥാനത്തുള്ള മൂന്ന് വര്‍ഷത്തെ ബിരുദം പല വിദേശസര്‍വകലാശാലകളും അംഗീകരിക്കുന്നില്ല. അത് നാലുവര്‍ഷ ഓണേഴ്സ് ബിരുദമാക്കണം. ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഹിസ്റ്ററി, ബയോളജി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഓണേഴ്സ് ബിരുദമാകാം. നാക് എ-യോ അതിനുമുകളിലോ സര്‍ട്ടിഫിക്കേഷനുള്ള കോളജുകളിലും സര്‍വകലാശാലകളും ഇത് തുടങ്ങാം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ ആദ്യ നൂറില്‍പ്പെടുന്ന കോളജുകള്‍ക്കും 50-ല്‍ ഉള്‍പ്പെടുന്ന സര്‍വകലാശാലകള്‍ക്കും ഓണേഴ്സ് അനുവദിക്കാം. വിവിധ ആര്‍ട്സ്, സയന്‍സ് വിഷയങ്ങളില്‍ ട്രിപ്പിള്‍ മെയിന്‍ ബിരുദ കോഴ്സും സമിതി ശുപാര്‍ശചെയ്യുന്നു. നാലാം വര്‍ഷം ഐച്ഛിക വിഷയം തിരഞ്ഞെടുക്കാനാവുന്ന നാലുവര്‍ഷ ബിരുദപദ്ധതിയും ശിപാര്‍ശയിലുണ്ട്.

എജ്യുക്കേഷണല്‍ ടെക്നോളജി, ഫിന്‍ടെക്, ഓട്ടോണമസ് സിസ്റ്റംസ്, ഹെല്‍ത്ത് സയന്‍സ് ടെക്നോളജി തുടങ്ങിയ വിഷയങ്ങളില്‍ എം.ടെക് കോഴ്‌സ് വേണം. നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി, ജെന്‍ഡര്‍ സ്റ്റഡീസ് ആന്‍ഡ് സെക്ഷ്വാലിറ്റി, കംപാരറ്റീവ് സോഷ്യല്‍ റിസര്‍ച്ച് തുടങ്ങിയ വിഷയങ്ങളില്‍ സര്‍വകലാശാല അക്കാദമിക് വകുപ്പുകളില്‍ എം ടെക്്, എം എസ് സി , എം എ കോഴ്സുകള്‍ തുടങ്ങണമെന്നും നിര്‍ദേശമുണ്ട്.

 

 

Latest