Connect with us

Covid19

40 വര്‍ഷത്തിന് ശേഷം പുനഃസമാഗമം; 93കാരിക്ക് തുണയായത് ലോക്ക്ഡൗണ്‍ കാലത്തെ വീഡിയോ

Published

|

Last Updated

ഭോപ്പാല്‍ | നാല് പതിറ്റാണ്ടിന് ശേഷം കുടുംബാംഗങ്ങളുമായി സംഗമിച്ച് 93കാരി. കൊവിഡ്- 19 വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സമയത്താണ് ബന്ധുക്കള്‍ 93കാരിയെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ തങ്ങളുടെ കുടുംബത്തിലെ മുത്തശ്ശിയെ കൂട്ടുന്നതിന് മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലെ ചെറുഗ്രാമത്തിലെത്തി.

തന്റെ 53ാം വയസ്സിലാണ് പഞ്ചുഭായ് അവിചാരിതമായി മധ്യപ്രദേശിലെ ചെറുഗ്രാമമായ കോട്ട ടാലയിലെത്തിയത്. ദാമോ ജില്ലയിലാണ് ഈ ഗ്രാമം. ബന്ധുക്കളുമായി ഒരു നിലക്കും ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ പഞ്ചുഭായ് നാട്ടുകാരിലൊരാളായി 40 വര്‍ഷം ജീവിച്ചു. പഞ്ചുഭായിയുടെ മാതൃഭാഷയായ മറാഠി ഗ്രാമത്തിലാര്‍ക്കും മനസ്സിലാകുമായിരുന്നില്ല.

ഗ്രാമത്തിലെത്തിയതും കടന്നല്‍ ആക്രമണം നേരിട്ടപ്പോള്‍ നൂര്‍ ഖാന്‍ എന്നയാളാണ് പഞ്ചുഭായിയെ രക്ഷിച്ചത്. തുടര്‍ന്ന് വയോധികയെ നൂര്‍ ഖാന്‍ വീട്ടിലേക്ക് കൊണ്ടുവന്നു. കഴിഞ്ഞ മാസം നൂര്‍ ഖാന്റെ മൂത്ത മകനോടൊപ്പം ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതും മറാഠി ഭാഷയില്‍ സംസാരിച്ചതുമാണ് വഴിത്തിരിവായത്. ഇതുകണ്ട പഞ്ചുഭായിയുടെ ബന്ധുക്കള്‍ വിശദമായി അന്വേഷിക്കുകയും ഒടുവില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട മുത്തശ്ശിയാണെന്ന് മനസ്സിലാക്കുകയുമായിരുന്നു.

പഞ്ചുഭായിയുടെ പേരമകന്‍ പൃഥ്വി കുമാര്‍ ഷിംഗ്ലെയാണ് നാഗ്പൂരില്‍ നിന്ന് മുത്തശ്ശിയെ കൊണ്ടുപോകാന്‍ മധ്യപ്രദേശിലെത്തിയത്. ഗ്രാമത്തിന്റെ മുത്തശ്ശിയെ നിറകണ്ണുകളോടെയാണ് നാട്ടുകാര്‍ യാത്രയാക്കിയത്. പലരും പൊട്ടിക്കരയുന്നുണ്ടായിരുന്നു.

Latest