Gulf
ഇരു ഹറമുകളിലും സൂര്യഗ്രഹണ നിസ്‌കാരം നടന്നു

മക്ക/മദീന | സഊദിയില്‍ സൂര്യഗ്രഹണം ദൃശ്യമായതിനെ തുടര്‍ന്ന് ഇരുഹറമുകളിലും ഞായറാഴ്ച്ച രാവിലെ സൂര്യ ഗ്രഹണ നിസ്‌കാരം നടന്നു. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഷെയ്ഖ് ഡോ. ഫൈസല്‍ ബിന്‍ ജാമില്‍ ഗസാവിയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ഷെയ്ഖ് ഡോ. അബ്ദുല്ല അല്‍ബൈജാനും ഗ്രഹണ നിസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി.
സര്‍വ്വശക്തനായ അല്ലാഹുവിനെ ഭയപ്പെടണമെന്നും അവന്റെ കല്‍പ്പനകള്‍ പാലിച്ച് തിരുനബി(സ)യുടെ ജീവിത മാതൃക പിന്‍പറ്റി ജീവിക്കണമെന്നും, സൂര്യനും ,ചന്ദ്രനും ,രാത്രിയും പകലും അല്ലാഹുവിന്റെ അടയാളങ്ങളാണെന്നും അവന്റെ മഹത്വത്തെ സൂചിപ്പിക്കുന്നുവെന്നും ഇമാമുമാര്‍ ഖുതുബയില്‍ വിശ്വാസികളെ ഉണര്‍ത്തി.
കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മസ്ജിദുല്‍ ഹറമിലേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. സുരക്ഷാ ജീവനക്കാര്‍ക്കും ഹറം ജീവനക്കാര്‍ക്കും മാത്രമായിരുന്നു പ്രവേശനം ഉണ്ടായിരുന്നത്. അതേസമയം പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇരുഹറമുകളിലും സാമൂഹിക അകലം പാലിച്ചായിരുന്നു നിസ്‌കാരം.
മക്കയില്‍ രാവിലെ 7:40നായിരുന്നു സൂര്യ ഗ്രഹണം ദൃശ്യമായത്. കഴിഞ്ഞ ആറ് മാസത്തിനുള്ളതില്‍ സഊദിയില്‍ ദൃശ്യമാകുന്ന രണ്ടാമത്തെ സൂര്യ ഗ്രഹണമാണിത്. സഊദി അടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ 2019 ഡിസംബര്‍ 26 ന് ആയിരുന്നു അവസാന സൂര്യ ഗ്രഹണം. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ വിവിധ ലോക രാജ്യങ്ങളിലും ഗ്രഹണം ദൃശ്യമായിരുന്നു .