Connect with us

Covid19

'കണ്ണീരിലൂടെയും കൊവിഡ് പകരും' പുതിയ പഠനം

Published

|

Last Updated

ബെംഗളൂരു | വായിലെയും മൂക്കിലെയും സ്രവങ്ങൾ വഴിയാണ് കൊറോണ വൈറസിന്റെ വ്യാപനമെന്നും, ഇത് ഉപയോഗിച്ചാണ് രോഗ പരിശോധന നടത്തുന്നതെന്നും എല്ലാവർക്കും അറിയാം. എന്നാൽ, കണ്ണീരിലൂടെയും വ്യാപനം നടക്കാമെന്നാണ് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രി നടത്തിയ പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയിലെ 45 കൊവിഡ് രോഗികളിൽ നടത്തിയ പഠനത്തിലാണ് ഈ സാധ്യത തെളിഞ്ഞത്. പരിശോധിച്ച 44 പേരിൽ “പിങ്ക് ഐ” ലക്ഷണം ഉണ്ടാകുകയോ കണ്ണീരിൽ കൊറോണവൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിയുകയോ ചെയ്തില്ല. എന്നാൽ, കണ്ണിന് നിറവ്യത്യാസം കണ്ട ഒരാളിൽ കണ്ണിലെ സ്രവമുപയോഗിച്ച് പരിശോധന നടത്തിയപ്പോൾ വൈറസ് സാന്നിധ്യം കണ്ടെത്തി.

ഇത്തരത്തിൽ നടത്തുന്ന പരിശോധനയിലൂടെയുള്ള പോസിറ്റീവ് റേറ്റ് താരതമ്യേന കുറവാണെങ്കിലും, കണ്ണുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കാണിക്കുന്നവരിൽ ഈ പരിശോധന കൂടി നടത്തുന്നത് ഉചിതമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് 19 സ്ഥിരീകരിക്കാതെ കണ്ണിന് മറ്റ് അസുഖങ്ങളുമായി വരുന്നവരിൽ നിന്ന് രോഗവ്യാപനത്തിനുള്ള സാധ്യതയുള്ളതിനാൽ നേത്രരോഗ ഡോക്ടർമാർ പരിശോധനാസമയത്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് റിപ്പോർട്ട് തയ്യാറാക്കിയവരിൽ പ്രധാനിയായ ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിസ്റ്റിയൂട്ടിലെ മൈക്രോബയോളജിസ്റ്റായ ഡോ. അംബിക രങ്കയ്യ പറഞ്ഞു. ചെങ്കണ്ണ് ഉള്ള രോഗികളുടെ കണ്ണുകളിൽ നിന്ന് നിരന്തരം വെള്ളം വരികയും പീള അടിയുകയും ചെയ്യുന്നതിനാൽ വൈറസ് വ്യാപനത്തിന് സാധ്യത വളരെ കൂടുതലാണ്.

പഠനത്തിന് തിരഞ്ഞെടുത്ത 45 പേരിൽ ആറ് വയസ്സ് മുതൽ 75 വയസ്സ് വരെയുള്ളവരാണ് ഉണ്ടായിരുന്നത്. രോഗബാധ സംശയിക്കുന്നവരെയും ഗുരുതര രോഗികളെയും പഠനത്തിൽ നിന്ന് ഒഴിവാക്കി. 24 വയസ്സുള്ള രോഗിയിലാണ് കണ്ണിലെ സ്രവ പരിശോധന പോസിറ്റീവ് ആയത്. ഇയാൾക്ക് പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. സമ്പർക്കത്തിലൂടെയാണ് രോഗബാധിതനായത്. ഇയാളിൽ നിന്ന് കൂടുതൽ വ്യാപനം നടന്നിട്ടുണ്ടാകാൻ സാധ്യത ഉള്ളതായും റിപ്പോർട്ടിലുണ്ട്.

മുൻപ് ചൈനയിൽ നടത്തിയ പഠനത്തിലും ഇത്തരമൊരു കണ്ടെത്തൽ ഉണ്ടായിരുന്നു. അവിടെ 30 പേരിൽ നടത്തിയ പഠനത്തിൽ ഒരാളിലാണ് കണ്ണീർ സ്രവ പരിശോധന പോസിറ്റീവ് ആയിരുന്നത്.

ഇതെല്ലാം സൂചിപ്പിക്കുന്നത് മറ്റ് ബാഹ്യലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികളിൽ കൂടി ഇത്തരത്തിൽ രോഗവ്യാപനം ഉണ്ടകാമെന്നാണെന്ന് ഡോ. അംബിക പറഞ്ഞു. ഇന്ത്യൻ ജേണൽ ഓഫ് ഒപ്താൽമോളജി എന്ന പുസ്തകത്തലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Latest