Connect with us

Covid19

സഊദിയിലെ യാത്രാ പ്രശ്‌നം: ശുഭ പ്രതീക്ഷ നല്‍കി ഇന്ത്യന്‍ എംബസിയുടെ നീക്കം

Published

|

Last Updated

ജിദ്ദ | സഊദി അറേബ്യയില്‍ നിന്ന് യാത്ര ചെയ്യുന്നതിന് കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് പരിഹാരം കാണാനുള്ള നീക്കവുമായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി റാപിഡ് ടെസ്റ്റ് നടത്താനുള്ള അനുമതി തേടി സഊദിയിലെ വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് റിയാദിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം.

ഈ നീക്കം വിജയിച്ചാല്‍ സഊദിയില്‍ നിന്ന് യാത്രക്കൊരുങ്ങി നില്‍ക്കുന്ന മലയാളികള്‍ക്ക് വലിയൊരാശ്വാസമാകും. മാത്രമല്ല, ഈ കാരണം കൊണ്ട് ഏറെ പഴി കേള്‍ക്കേണ്ടി വന്ന കേരള സര്‍ക്കാറിനും ആശ്വാസമാകും. സഊദിയിലെ വിവിധ ആശുപത്രികളുമായും ക്ലിനിക്കുകളുമായും സഹകരിച്ച് റാപിഡ് ടെസ്റ്റ് നടത്താനുള്ള അനുമതിക്കായാണ് എംബസി അപേക്ഷ നല്‍കിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളം യാത്രാനുമതിക്ക് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വെച്ചതിനാലാണ് സഊദിയോട് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

അടിയന്തരമായി നാട്ടിലേക്ക് പോകാന്‍ ആയിരങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. സഊദി അധികൃതര്‍ അനുകൂലമായി പ്രതികരിക്കുന്ന പക്ഷം ചാര്‍ട്ടര്‍, വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളിലുള്ള യാത്രകള്‍ക്കുള്ള എല്ലാ വിധ തടസ്സങ്ങളും നീങ്ങും.