Covid19
ലിനിയുടെ കുടുംബം കേരളത്തിന്റെ സ്വത്ത്; കോണ്‍ഗ്രസ് എന്തിന് അവരെ വേട്ടയാടുന്നു: പിണറായി

തിരുവനന്തപുരം | കൊവിഡ് അവലോകന യോഗത്തില്‍ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നടപടിക്കെതിരേയും ശൈലജ ടീച്ചറെ അപമാനിച്ച മുല്ലപ്പള്ളിക്കെതിരേയും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങള്‍ ഇന്ന് പറയാനുണ്ടെന്നു പറഞ്ഞാണ് മുഖ്യമന്ത്രി തുടങ്ങിയത്. ഇന്ന് കണ്ട ഒരു വാര്‍ത്ത നമ്മുടെ നിപ പ്രതിരോധത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാനപനത്തിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയെന്നാണ്. ഏറ്റവും വലിയ പ്രതിസന്ധി കാലത്ത് തന്റെ കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു. അതിന്റെ പേരിലായിരുന്നു ഈ പ്രതിഷേധം.
ലിനിയെ കേരളം മുഴുവന്‍ സ്വന്തം കുടുംബത്തെപോലെയാണ് കാണുന്നത്. എന്നാല്‍ അങ്ങനെ കാണണമെന്ന് പറയുന്നില്ല. എന്തിനാണ് ആ കൂടുംബത്തെ കോണ്‍ഗ്രസ് വേട്ടയാടുന്നത്. ആ കൂടുംബത്തിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ മനോഭാവം എന്ത് മ്ലേച്ചമാണ്. എന്ത് പ്രതിപക്ഷ ധര്‍മമാണ് കോണ്‍ഗ്രസ് നിര്‍വഹിക്കുന്നത്. പൊതുസമൂഹം ഇത് അംഗീകരിക്കില്ല. സിസ്റ്റര്‍ ലിനി കേരളത്തിന്റെ സ്വത്താണ്. നിപ രക്ഷസാക്ഷിയാണ്. ആ കൂടുംബത്തിനും ലിനിയുടെ ഭര്‍ത്താവ് സജീഷിനുമൊപ്പമാണ് കേരളം. ആ കുടുംബത്തെ കേരളം സംരക്ഷിക്കും.
നിപയെ ചെറുക്കാനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാനും നടത്തിയ പോരാട്ടത്തില്‍ ചുമതലപ്പെട്ട ആരോഗ്യമന്ത്രി മുന്നില്‍ തന്നെ ഉണ്ടായിരുന്നു എന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണ്. ആ മന്ത്രിയെ നിപ രാജകുമാരി, കോവിഡ് റാണി എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോള്‍ ആദ്യം പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമായും ലിനിയുടെ കുടുംബത്തില്‍ നിന്നാകും.
കൊവിഡ് പ്രതിരോധ രംഗത്ത് ലോകത്തിന് മാതൃകയായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയെ വേട്ടയാടാനുള്ള ശ്രമം പൊതു സമൂഹം അംഗീകരിക്കില്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയെ നിപ രാജകുമാരിയെന്നും കൊവിഡ് റാണിയെന്നുമാണ് മുല്ലപ്പള്ളി വിളിച്ചത്. മുല്ലപ്പള്ളിക്ക് രാഷ്ട്രീയ തിമിരമാണ്. മ്ലേച്ചമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാകരുതെന്നതിന്റെ ഉദാഹരമാണ് മുല്ലപ്പള്ളി. ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദത്തിന്റെ തടവുകാരനാണ് അദ്ദേഹം.
സിസ്റ്റര്‍ ലിനിയുടെ പേരുപോലും മുല്ലപ്പള്ളിക്ക് നേരെചൊവ്വേ പറയാന്‍ സാധിക്കുന്നില്ല. കേരളത്തെ കുറിച്ച് ലോകം നല്ലതുപറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുവെന്ന് പറയുന്നുവെങ്കില്‍ എത്രമാത്രം അധപതിച്ച മനസ്സായിരിക്കണം അദ്ദേഹത്തിന്റേത്. നല്ലത് നടക്കുന്നതും പറയുന്നതും അദ്ദേഹത്തെ എന്തുമാത്രം അസഹിഷ്ണുവാക്കുവെന്നാണ് നോക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.