Connect with us

Editorial

വൈദ്യുതി ബോര്‍ഡിന്റെ ദയാവായ്പ്

Published

|

Last Updated

ലോക്ക്ഡൗണ്‍ കാലത്തെ വൈദ്യുതി ബോര്‍ഡിന്റെ കഴുത്തറപ്പന്‍ ബില്‍ സംഖ്യയില്‍ ചെറിയൊരു ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കോടതി ഇടപെടലിന്റെയും പൊതുസമൂഹത്തില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തിന്റെയും പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ മാസങ്ങളിലേക്ക് കെ എസ് ഇ ബി തയ്യാറാക്കിയ അശാസ്ത്രീയമായ നിരക്കുകളില്‍ ഇളവ് വരുത്തിയത്. ഇതനുസരിച്ച് 40 യൂനിറ്റ് വരെ ഉപയോഗിക്കുന്ന, 500 യൂനിറ്റില്‍ താഴെ കണക്ടഡ് ലോഡുള്ളവര്‍ക്ക് ഉപയോഗിച്ച വൈദ്യുതിയുടെ അളവ് നോക്കാതെ തന്നെ സൗജന്യം അനുവദിക്കും (ഈ വിഭാഗത്തിലുള്ളവര്‍ക്ക് നിലവില്‍ തന്നെ സൗജന്യമാണ്). 50 യൂനിറ്റ് വരെ ഉപയോഗിക്കുന്നവരുടെ അധിക ബില്‍ തുകയുടെ പകുതി സബ്‌സിഡി നല്‍കും. 100 യൂനിറ്റ് വരെയുള്ള ഉപഭോഗത്തിന് ബില്‍ തുകയുടെ വര്‍ധനവില്‍ 30 ശതമാനവും 150 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗം മൂലമുണ്ടായ വര്‍ധനവിന്റെ 20 ശതമാനവും സബ്‌സിഡി നല്‍കും.

രണ്ട് മാസം കൂടുമ്പോഴാണ് കെ എസ് ഇ ബി മീറ്റര്‍ റീഡിംഗ് എടുക്കാറുള്ളത്. എന്നാല്‍ സമ്പൂർണ ലോക്ക്ഡൗണ്‍ കാലത്ത് റീഡിംഗ് നടത്തിയിരുന്നില്ല. പലയിടത്തും രണ്ടര മാസം കഴിഞ്ഞ ശേഷമാണ് റീഡിംഗ് എടുത്തത്. ഇതനുസരിച്ച് ഒരു ഇടക്കാല ബില്‍ നല്‍കി. പിന്നീട് നാല് മാസത്തിനു ശേഷം റീഡിംഗ് നടത്തി മാസാന്ത ശരാശരി കണക്കാക്കി ബില്‍ തയ്യാറാക്കി. മുന്‍കാല ബില്ലുകളേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണ് മിക്ക ഉപഭോക്താക്കള്‍ക്കും ഈ ബില്ലില്‍ രേഖപ്പെടുത്തിയ സംഖ്യ. വൈദ്യുതി മന്ത്രിയുടെ ജില്ലയില്‍ രാജാക്കാട്ടെ രാജമ്മ എന്ന കൂലിപ്പണിക്കാരിയുടെ വീട്ടില്‍ ആകെ രണ്ട് ബള്‍ബും ഒരു ടി വിയും മാത്രമാണ് ഉപയോഗിക്കുന്നത്. സാധാരണ ഇവരുടെ ബില്‍ തുക 200 രൂപക്ക് താഴെയാണ്. ലോക്ക്ഡൗണ്‍ കാലത്തെ ബില്‍ തുകയാകട്ടെ 11,359 രൂപയും. കെ എസ് ഇ ബി ഓഫീസില്‍ പരാതിപ്പെട്ടപ്പോള്‍, വയറിംഗിലെ അപാകത കാരണം വൈദ്യുതി ചോര്‍ച്ച മൂലമാകാം വര്‍ധനവെന്നായിരുന്നു വിശദീകരണം. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് മാത്രമെങ്ങനെ ചോരുന്നുവെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ല. സിനിമാ നടന്‍ മണിയന്‍പിള്ള രാജുവിന്റെ ബില്ല് 7,000 രൂപയില്‍ നിന്ന് 42,000 രൂപയായി ഉയര്‍ന്നു. ആറ് മാസമായി രാജുവിന്റെ വീട്ടിലെ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞില്ലെന്നും മുന്‍ ബില്‍ തുകയുടെ ശരാശരി ബില്ലായി നല്‍കിയതു മൂലമാണ് ചാര്‍ജില്‍ വര്‍ധനവ് വന്നതെന്നുമാണ് ബോര്‍ഡിന്റെ വിശദീകരണം. ഇതുപോലെ മുന്‍ മാസങ്ങളെ അപേക്ഷിച്ച് അനേക മടങ്ങ് വര്‍ധനവാണ് ഒട്ടേറെ ബില്ലുകളില്‍ കാണിക്കുന്നത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്റര്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച കേന്ദ്ര നിയമമനുസരിച്ച്, സപ്ലൈകോഡ് പ്രകാരം ഒരു ഉപഭോക്താവിന്റെ വീട് ഇടക്കാലത്ത് പൂട്ടിയിടുകയാണെങ്കില്‍ ആ വീടിന്റെ മുന്‍കാലത്തെ മൂന്ന് ബില്ലുകളിലെ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ ശരാശരി ഉപഭോഗം കണക്കാക്കി നിരക്ക് കണക്കാക്കാമെന്നൊരു വ്യവസ്ഥയുണ്ടത്രെ. ഇതനുസരിച്ചാണ് ലോക്ക്ഡൗണ്‍ ഘട്ടത്തിലെ എല്ലാ ഉപഭോക്താക്കളുടെയും ബില്‍ തയ്യാറാക്കിയതെന്നാണ് കെ എസ് ഇ ബി ചെയര്‍മാന്‍ പറയുന്നത്.

ജൂണ്‍ 15 വരെയുള്ള റിപ്പോര്‍ട്ടനുസരിച്ച് ബില്ലിലെ അമിത ചാര്‍ജ് സംബന്ധിച്ച് സെക്്ഷന്‍ ഓഫീസുകളിലും ടോള്‍ഫ്രീ നമ്പറിലുമായി കെ എസ് ഇ ബിക്ക് ഒരു ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. 24 മണിക്കൂറും വീട്ടിലിരുന്ന് ടി വി കണ്ടുകൊണ്ടിരുന്നാല്‍ എങ്ങനെ ബില്‍സംഖ്യ കൂടാതിരിക്കുമെന്നായിരുന്നു പൊതു സമൂഹത്തില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തോട് വകുപ്പ് മന്ത്രി എം എം മണിയുടെ പ്രതികരണം. ലോക്ക്ഡൗണ്‍ കാലത്ത് വീടും ഓഫീസും അടച്ചിട്ടവര്‍ക്കു പോലും ബില്‍ സംഖ്യയില്‍ വന്‍ വര്‍ധന വന്നിട്ടുണ്ടെന്ന കാര്യം മന്ത്രിക്കറിയില്ലായിരിക്കാം.
ലോക്ക്ഡൗണ്‍ കാലത്തെ അശാസ്ത്രീയ ബില്ലിനെതിരെയെന്ന പോലെ കെ എസ് ഇ ബിയുടെ ദ്വൈമാസ ബില്ലിംഗ് രീതിക്കെതിരെയും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

ശമ്പളം, പെന്‍ഷന്‍, വാടക, വായ്പാ അടവുകള്‍ തുടങ്ങി സര്‍ക്കാറിന്റേതുള്‍പ്പെടെ 95 ശതമാനം സാമ്പത്തിക ഇടപാടുകളും മാസത്തിലൊരിക്കലാണ് നടക്കുന്നത്. ഇതില്‍ നിന്ന് വിഭിന്നമായി കെ എസ് ഇ ബി റീഡിംഗ് രണ്ട് മാസത്തിലൊരിക്കലാക്കുന്നത് സ്ലാബ് ഉയരാനും അതുവഴി ഉപഭോക്താവിന് അധികഭാരം വരാനും ഇടയാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദ്യത്തെ നൂറ് യൂനിറ്റിന് 3.15 രൂപ, 101 മുതല്‍ 200 വരെ 3.70 രൂപ, 201 മുതല്‍ 300 വരെ 4.80, 301 മുതല്‍ 400 വരെ 6.40 രൂപ, 401 മുതല്‍ 500 വരെ 7.60 എന്നിങ്ങനെയാണ് ഒരു യൂനിറ്റ് വൈദ്യുതിയുടെ നിരക്ക്. ഇതടിസ്ഥാനത്തില്‍ മാസത്തിലൊരിക്കല്‍ റീഡിംഗ് എടുക്കുമ്പോള്‍ താഴ്ന്ന സ്ലാബിലുള്ള നിരക്ക് വരുന്ന ഒരു ഉപഭോക്താവിന് രണ്ട് മാസത്തിലൊരിക്കല്‍ റീഡിംഗ് എടുക്കുമ്പോള്‍ അതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള സ്ലാബിലെത്തുകയും അയാള്‍ അന്യായമായി അമിത നിരക്ക് അടക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്യുന്നു. രണ്ട് മാസത്തിലൊരിക്കലാണ് റീഡിംഗ് എടുക്കുന്നതെങ്കിലും ഇതടിസ്ഥാനത്തില്‍ ഒരു മാസത്തെ വൈദ്യുതി ഉപയോഗം കണക്കാക്കി ബന്ധപ്പെട്ട സ്ലാബില്‍ ഉള്‍പ്പെടുത്തിയാണ് നിരക്കിടുന്നതെന്നാണ് കെ എസ് ഇ ബിയുടെ വാദം. എങ്കിലും പലപ്പോഴും നിരക്ക് അതിനേക്കാള്‍ ഉയര്‍ന്നതായി കാണാറുണ്ട്. ബില്ലിന്റെ കൃത്യത സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ബോര്‍ഡ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് രേഖാമൂലം പരാതി നല്‍കാം. അല്ലെങ്കില്‍ പരാതി പരിഹാര ഫോറത്തെയോ ഒംബുഡ്‌സ്മാനെയോ സമീപിക്കാം. എങ്കിലും സാധാരണക്കാരന് അതേക്കുറിച്ചൊന്നും അറിവില്ലാത്തതുകൊണ്ട് ഈ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നവര്‍ തുലോം വിരളമാണ്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലത്തെ ഇളവ് മൂലം ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാധ്യത വരുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ദുരവസ്ഥ കണക്കിലെടുത്ത് എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും ജനങ്ങള്‍ക്ക് ഇളവുകളും സഹായങ്ങളും ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. കെ എസ് ഇ ബി ഈ ഘട്ടത്തിലും സാങ്കേതികത കൊണ്ട് ന്യായീകരിച്ച് ഉപഭോക്താക്കളെ പരമാവധി പിഴിയുകയും തീവെട്ടിക്കൊള്ള നടത്തുകയും ചെയ്തു. ഇങ്ങനെ ലഭിച്ച കൊള്ളലാഭത്തില്‍ നിന്ന് ചെറിയൊരു തുക തിരിച്ചു നല്‍കുന്നുവെന്നല്ലാതെ വൈദ്യുതി ബോര്‍ഡിന് ഇളവ് പ്രഖ്യാപനം കൊണ്ട് അധിക ബാധ്യത വരുന്നേയില്ലെന്നതാണ് വസ്തുത.

Latest