Connect with us

National

കൂളര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധു വെന്റിലേറ്ററിന്റെ പ്ലഗ് ഊരി; രോഗി മരിച്ചു

Published

|

Last Updated

കോട്ട | ആശുപത്രിയിലെ ഐ സി യുവില്‍ എയര്‍ കൂളര്‍ ഘടിപ്പിക്കാന്‍ വെന്റിലേറ്ററിന്റെ പ്ലഗ് ഊരിയതിനെ തുടര്‍ന്ന് രോഗി മരിച്ചു. രോഗിയുടെ ബന്ധു തന്നെയാണ് ഈ വിഡ്ഢിത്തം ചെയ്തത്. രാജസ്ഥാനില്‍ കോട്ടയിലെ മഹാറാവു ഭീം സിംഗ് ആശുപത്രിയിലാണ് സംഭവം. രോഗിക്ക് കൊവിഡ്- 19 സംശയിച്ചിരുന്നെങ്കിലും മരണത്തിന് ശേഷം വന്ന പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

കഴിഞ്ഞ പതിമൂന്നാം തീയതിയാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സംശയത്തെ തുടര്‍ന്ന് 15ാം തീയതി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഐസൊലേഷന്‍ വാര്‍ഡില്‍ ചൂട് കൂടുതലായതിനാല്‍ ബന്ധു ഒരു എയര്‍ കൂളര്‍ വാങ്ങിയിരുന്നു. കൂളര്‍ ഘടിപ്പിക്കാന്‍ സോക്കറ്റ് കാണാത്തതിനാല്‍ വെന്റിലേറ്ററിന്റെ പ്ലഗ് ഊരുകയായിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വൈദ്യുതിയില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചു.

ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും വിവരം അറിയുമ്പോഴേക്കും രോഗിയുടെ സ്ഥിതി ഗുരുതരമായിരുന്നു. ഡോക്ടര്‍മാര്‍ സി പി ആര്‍ ചെയ്‌തെങ്കിലും രോഗി മരിച്ചു. ആശുപത്രി അധികൃതര്‍ മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.