Connect with us

International

ട്രംപിന്റെ ട്വീറ്റില്‍ കൃത്രിമ വീഡിയോ; ലേബലുമായി ട്വിറ്റര്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാഴാഴ്ചത്തെ ട്വീറ്റില്‍ കൃത്രിമ വീഡിയോ ആണുള്ളതെന്ന് ട്വിറ്റര്‍ അറിയിച്ചു. ട്രംപിന്റെ ഈ ട്വീറ്റിന് “കൃത്രിമ മീഡിയ” എന്ന ലേബലും ട്വിറ്റര്‍ നല്‍കി. “വംശീയവാദിയായ കുട്ടിയെ ഭയന്ന് പിഞ്ചുകുഞ്ഞ് ഓടി രക്ഷപ്പെടുന്നു” എന്നെഴുതിയ കൃത്രിമം വരുത്തിയ വീഡിയോ ആണ് ട്രംപ് ട്വീറ്റ് ചെയ്തത്. വീഡിയോയിലുള്ള ശീര്‍ഷകത്തില്‍ അക്ഷരപ്പിശകുമുണ്ട്.

പ്രസ്തുത വീഡിയോയുടെ ഒറിജിനല്‍ കഴിഞ്ഞ വര്‍ഷം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതാണ്. കറുത്ത വംശജനായ കുഞ്ഞും വെള്ളക്കാരനായ കുട്ടിയും ഓടിവന്ന് പരസ്പരം ആശ്ലേഷിക്കുന്നതാണ് യഥാര്‍ഥ വീഡിയോ. “യഥാര്‍ഥ ജീവിതത്തിലെ ആത്മസുഹൃത്തുക്കള്‍ എങ്ങനെയായിരിക്കണമെന്ന് ഈ രണ്ട് കുഞ്ഞുങ്ങള്‍ കാണിക്കുന്നു” എന്നതാണ് യഥാര്‍ഥ വീഡിയോയിലെ അടിക്കുറിപ്പ്. കഴിഞ്ഞ വര്‍ഷം സി എന്‍ എന്നിന്റെ വെബ്‌സൈറ്റില്‍ ഈ വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു.

ട്രംപിന്റെ ട്വീറ്റിലെ വീഡിയോ രണ്ട് ഭാഗമായാണുള്ളത്. കുഞ്ഞുങ്ങളിലൊരാള്‍ ഓടിവരുമ്പോള്‍ “വംശീയവാദിയായ കുഞ്ഞ് ഒരു പക്ഷേ ട്രംപ് വോട്ടറായിരിക്കാം” എന്ന എഴുത്ത് പ്രത്യക്ഷപ്പെടുന്നതാണ് വീഡിയോയിലെ ഒരു ഭാഗം. തുടര്‍ന്ന് യഥാര്‍ഥ വീഡിയോയിലേക്ക് പോകുന്നു. “അമേരിക്കയല്ല പ്രശ്‌നം, വ്യാജ വാര്‍ത്തയാണ്” എന്ന കുറിപ്പാണ് അവസാന ഭാഗത്തുള്ളത്. ട്രംപിന്റെ ട്വീറ്റിലെ വീഡിയോ 77 ലക്ഷം പേര്‍ കാണുകയും 1.25 ലക്ഷം തവണ റിട്വീറ്റ് ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്.

Latest