Connect with us

Covid19

പ്രവാസികള്‍ക്ക്‌ കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ്: ഇളവുമായി സംസ്ഥാന സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | ഗൾഫിൽ നിന്ന് എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് നീട്ടി. ഈ മാസം 24 വരെ ഗൾഫിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന ആവശ്യമില്ല. നാളെ മുതലായിരുന്നു സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്.  25 നകം ട്രൂനാറ്റ് പരിശോധനക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയാണ് അഞ്ചു ദിവസത്തേക്ക് നീട്ടിയത്.

പ്രവാസികളുടെ കൊവിഡ് പരിശോധനക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ സംസ്ഥാനം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു. യു എ ഇയിലും ഖത്തറിലും വിമാന യാത്രക്ക് മുമ്പ് നടത്താനാവാശ്യമായ റാപ്പിഡ് ടെസ്റ്റിന് സൗകര്യങ്ങള്‍ ഉണ്ടെങ്കിലും അവ ഇല്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കായി എയര്‍ലൈന്‍ കമ്പനികളുമായി സര്‍ക്കാര്‍ ഇതിന് വേണ്ടി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേന്ദ്ര സർക്കാരിന്റ നിലപാട് തേടി ഹൈക്കോടതി

പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് പരിശോധന നിർബന്ധമാക്കിയ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റ നിലപാട് തേടി ഹൈക്കോടതി. വന്ദേ ഭാരതിൽ വരുന്നവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാണോ എന്നറിയിക്കാനാണ് നിർദേശം.

ചാർട്ടേഡ് വിമാനങ്ങളിലെത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രവാസി സംഘടനകൾ നൽകിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

പരിശോധന ഇല്ലാത്ത ആളുകലെ കൊണ്ട് വരുന്നത് പലതരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങളും സംസ്ഥാനത്ത് ഉണ്ടാകുമെന്നതാണ് സർക്കാരിന്റെ നിലപാട്. രോഗമുള്ളവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവന്നാൽ പ്രത്യേകം സംവിധാനമൊരുക്കണം.  പി സി ആർ ടെസ്റ്റിന് നിർബന്ധിക്കുന്നില്ലെന്നും 20 മിനുട്ട് മുതൽ ഒരു മണിക്കൂർ സമയം കൊണ്ട് ഫലം ലഭ്യമാകുന്ന 1500 രൂപ ചെലവുള്ള ട്രൂനാറ്റ് ടെസ്റ്റോ ആൻറി ബോഡി ടെസ്റ്റ് പോലോത്തതോ നടത്തിയാൽ മതിയാകുമെന്നും  പരിശോധനയിൽ നിന്ന് പിന്നോട്ട് പോകാൻ ആകില്ലെന്നുമാണ് ഈ ഹർജിയിൽ സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിട്ടുള്ളത്.

സംസ്ഥാന സർക്കാർ നടപടിയിൽ ഇടപെടാനാവില്ലെന്ന്  സുപ്രീംകോടതി 

ഗൾഫിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി.  ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് മുതിർന്ന മാധ്യമപ്രവർത്തകൻ സമർപ്പിച്ച ഹർജിയിന്മേലാണ് സുപ്രീംകോടതിയുടെ നിലപാട്.

വന്ദേഭാരത് മിഷനിൽ വരുന്ന പ്രവാസികൾക്ക് നെഗറ്റീവ് റിസർട്ട് നിർബന്ധമാണോ എന്ന് കേന്ദ്രം അറിയിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരി​ഗണിക്കും.

Latest