Covid19
കൊവിഡ്: ഇറ്റലിയിൽ ഡിസംബറിൽ തന്നെ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നെന്ന് പഠനം

റോം| വടക്കൻ ഇറ്റലിയിലെ രണ്ട് നഗരങ്ങളിൽ 2019 ഡിസംബറിൽ തന്നെ കൊറോണവൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നതായും അതിന് രണ്ട് മാസം കഴിഞ്ഞാണ് ഇവിടെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതെന്നും പഠന റിപ്പോർട്ട്. മലിനജലത്തെ കുറിച്ചുള്ള ഒരു ദേശീയ ആരോഗ്യ സ്ഥാപനത്തിന്‌റെ ഗവേഷണത്തിലാണ് ഇത് വ്യക്തമായത്.
കഴിഞ്ഞ വർഷം അവസാനത്തോടെ മിലാനിൽ നിന്നും ടൂറിനിൽ നിന്നും ശേഖരിച്ച മലിന ജലത്തിന്റെ സാമ്പിളുകളിലും ബൊലോഗ്നയിൽ നിന്ന് ജനുവരിയിൽ ശേഖരിച്ച സാമ്പിളിലുമാണ് സാർസ്- കോവ് -2 വിന്റെ ജനിതക തെളിവുകൾ കണ്ടെത്തിയതെന്ന് ഐ എസ് എസ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു. ഈ കണ്ടെത്തലുകൾ രാജ്യത്ത് വൈറസ് വ്യാപനം എന്നാണ് ആരംഭിച്ചതെന്ന് മനസ്സിലാക്കാൻ ഉപകരിക്കും.
ആദ്യമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആഗോളതലത്തിൽ തന്നെ വൈറസ് വ്യാപനം ആരംഭിച്ച ആദ്യ യൂറോപ്യൻ രാജ്യമാണ് ഇറ്റലി. ഇവിടെ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചത് ഫെബ്രുവരിയിലാണ്. ചൈന സന്ദർശനം കഴിഞ്ഞെത്തിയ ബോംബാർഡി മേഖലയിലെ കൊഡോഗ്നോ പട്ടണത്തിലെ വ്യക്തിക്കായിരുന്നു ആദ്യം രോഗം കണ്ടെത്തിയത്. ഫെബ്രുവരി 21ന് സർക്കാർ കൊഡോഗ്നയെ റെഡ്‌സോണിൽ ഉൾപ്പെടുത്തി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. പിന്നീട് രോഗവ്യാപന തീവ്രതയിൽ മാർച്ച് പത്തോടെ രാജ്യമൊട്ടാകെ അടച്ചുപൂട്ടുകയായിരുന്നു.