National
പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ ലോക്ക്ഡൗൺ ദുരിതം വാർത്തയാക്കി; മാധ്യമപ്രവർത്തകക്കെതിരെ കേസ്


സുപ്രിയാ ശർമ
ലക്‌നോ| പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ കിഴക്കൻ ഉത്തർപ്രദേശിലെ ഡൊമാരി ജില്ല ലോക്ക്ഡൗണിൽ പട്ടിണിയിലാണെന്ന് വാർത്ത നൽകിയ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത് വാരണാസി പോലീസ്. സ്‌ക്രോൾ ഇന്നിൽ ജോലി ചെയ്യുന്ന സുപ്രിയാ ശർമക്കെതിരെയാണ് ഒരു യുവതി നൽകിയ പരാതിയിൽ പട്ടികജാതി/ പട്ടികവർഗ വകുപ്പുകൾ പ്രകാരം മാനനഷ്ടത്തിന് കേസെടുത്തത്. പ്രധാനമന്ത്രി മോദി ദത്തെടുത്ത ഡൊമാരി ഗ്രാമത്തിലെ റേഷൻ വിതരണസംവിധാനത്തിലെ അപാകതകളെക്കുറിച്ച് തയ്യാറാക്കിയ വാർത്തയാണ് സുപ്രിയക്ക് വിനയായത്. താൻ നൽകിയ വാർത്ത മാധ്യമപ്രവർത്തക വളച്ചൊടിക്കുകയായിരുന്നെന്നും റേഷൻ വിതരണമില്ലാത്ത അവസ്ഥയിൽ കടുത്ത പട്ടിണിയാണെന്നുമാണ് അഭിമുഖത്തിൽ പറഞ്ഞതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. കേസുമായി ബന്ധപ്പെട്ട എഫ് ഐ ആർ ഈ മാസം 13നാണ് സമർപ്പിച്ചത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അഞ്ചിനാണ് ഡൊമാരി ഗ്രാമത്തിലെ മാലയെന്ന യുവതിയെ സുപ്രിയ ഇന്റർവ്യു ചെയ്തത്. ഡൊമാരിയിൽ ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾ പട്ടിണിയിലെന്ന ലേഖനത്തിൽ ഇവരുടെ പ്രസ്താവനകൾ കൃത്യമായാണ് റിപ്പോർട്ട് ചെയ്തത്. ഞങ്ങൾ ലേഖനത്തിനൊപ്പം നിലക്കൊള്ളുന്നു. സ്വതന്ത്ര പത്രപ്രവർത്തനത്തെ ഭയപ്പെടുത്താനും നിശബ്ദമാക്കാനുമുള്ള ശ്രമമാണ് ഈ എഫ് ഐ ആറെന്ന് സ്‌ക്രോൾ. ഇൻ പ്രസാധകൻ പറഞ്ഞു.
സർക്കാറിനോ മന്ത്രിമാർക്കോ പ്രതികൂലമായി വാർത്ത റിപ്പോർട്ട് ചെയ്തതിന് മാധ്യമപ്രവർത്തകർക്കെതിരെ യു പി പോലീസ് സമർപ്പിച്ച ഏറ്റവും പുതിയ കേസാണിത്.