Connect with us

International

ഗൂഗിള്‍ ക്രോമില്‍ വന്‍ സുരക്ഷാ വീഴ്ച; മൂന്ന് കോടിയിലധികം ഉപഭോക്താക്കളുടെ വിവരങ്ങള്‍ അപകടത്തില്‍!

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ | ലോകമെമ്പാടും ഇന്റര്‍നെറ്റ് ബ്രൗസിംഗിനായി ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോമില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. ബ്രൗസറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന സ്‌പൈവെയര്‍ ക്രോമില്‍ വന്‍തോതില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 3.2 കോടി ആളുകള്‍ ഈ സ്‌പൈവെയര്‍ ഡൗണ്‍ലോഡ് ചെയ്തതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ പലരുടെയും സ്വകാര്യ വിവരങ്ങളും പാസ്‌വേര്‍ഡ് ഉള്‍പ്പെടെ സുപ്രധാന ഡാറ്റകളും ചൊര്‍ന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

ഗൂഗിള്‍ ക്രോമില്‍ വിവിധ സേവനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന എക്സ്റ്റന്‍ഷന്‍ വഴിയാണ് സ്‌പൈവെയര്‍ ഉപയോക്താക്കളുടെ ഡിവൈസില്‍ കടന്നുകൂടിയത്. ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രോം വെബ്‌സ്‌റ്റോറില്‍ നിന്ന് 70ല്‍ അധികം സംശയാസ്പദ ആഡ് ഓണ്‍സ് ഒഴിവാക്കിയതായി ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആല്‍ഫബെറ്റ് ഇന്‍കോര്‍പറേഷന്‍സ് അറിയിച്ചു.

ഡൗണ്‍ലോഡുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഗൂഗിള്‍ ക്രോമിന് നേരെ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ സ്‌പൈവെയര്‍ ആക്രമണമാണ് ഇതെന്ന്, ഇതുസംബന്ധിച്ച് ഗൂഗിളിന് വിവരം നല്‍കിയ എവൈക് സെക്യൂരിറ്റീസിലെ ഗവേഷകര്‍ പറഞ്ഞു. സ്‌പൈവെയറിന് പിന്നില്‍ ആരാണെന്നത് വ്യക്തമായിട്ടില്ല. ഗൂഗിള്‍ സ്‌റ്റോറില്‍ എക്സ്റ്റന്‍ഷന്‍ അപ്‌ലോഡ് ചെയ്യാന്‍ വ്യാജ വിലാസമാണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്നും ഗവേഷകര്‍ അറിയിച്ചു.

ഒരു ഹോം കമ്പ്യൂട്ടറില്‍ വെബ് സര്‍ഫ് ചെയ്യുമ്പോള്‍ ബ്രൗസര്‍ വഴി ഒരു കൂട്ടം വെബ്‌സൈറ്റുകളിലേക്ക് കണക്റ്റുചെയ്യുകയും വിവരങ്ങള്‍ കൈമാറപ്പെടുകയും ചെയ്യുവാന്‍ ഇടയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം, സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ഒരു കോര്‍പ്പറേറ്റ് നെറ്റ്‌വര്‍ക്കില്‍ ബ്രൗസ് ചെയ്യുമ്പോള്‍ സ്‌പൈവെയറുകളില്‍ കുടുങ്ങുവാനും വിവരങ്ങള്‍ ചോരാനുമുള്ള സാധ്യത കുറവാണെന്നും അവര്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരിയില്‍, സ്വതന്ത്ര ഗവേഷകയായ ജമീല കയയും സിസ്‌കോ സിസ്റ്റംസ് ഡ്യുവോ സെക്യൂരിറ്റിയും സമാനമായ ഒരു ക്രോം ക്യാമ്പയിന്‍ കണ്ടെത്തിയിരുന്നു. ഇതുവഴി ഏകദേശം 1.7 ദശലക്ഷം ഉപയോക്താക്കളില്‍ നിന്ന് ഡാറ്റ മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തുടര്‍ന്ന് ഗൂഗിള്‍ നടത്തിയ പരിശോധനയില്‍ 500 വ്യാജ എക്സ്റ്റന്‍ഷനുകള്‍ കണ്ടെത്തിയിരുന്നു.

Latest