National
മണിപ്പൂരിൽ സഖ്യസർക്കാർ രൂപവത്കരണത്തിന് കോൺഗ്രസ്

ഇംഫാൽ | മണിപ്പൂരിൽ സഖ്യ സർക്കാർ രൂപവത്കരിക്കാൻ തങ്ങളുടെ പാർട്ടി ശ്രമിക്കുകയാണെന്നും ബി ജെ പി നേതൃത്വത്തിലുള്ള സർക്കാറിനെതിരെ അവിശ്വാസപ്രമേയം ഉടൻ കൊണ്ടുവരുമെന്നും കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവ് ഒക്രം ഇബോബി സിംഗ്. രാജിവെച്ച മൂന്ന് ബി ജെ പി. എം എൽ എ മാർ പാർട്ടിയിൽ ചേർന്നതായി ഇന്നലെ രാത്രി നടത്തിയ പത്രസമ്മേളനത്തിൽ സിംഗ് പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനായി ബി ജെ പി നേതൃത്വത്തിലുള്ള സഖ്യ സർക്കാറിൽ നിന്ന് രാജിവെച്ച ദേശീയ പീപ്പിൾസ് പാർട്ടിയിലെ നാല് മന്ത്രിമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബി ജെ പി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും പ്രത്യേക നിയമസഭാ സമ്മേളനം എത്രയും വേഗം വിളിക്കാൻ സ്പീക്കറെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് സംസ്ഥാനത്ത് മൂന്ന് ബി ജെ പി. എം എൽ എ മാർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. ഇതുകൂടാതെ ആറ് എം എൽ എമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയാണ് ബിരേൻസിംഗിന്‌റെ നേതൃത്വത്തിലുള്ള എൻ ഡി എ സഖ്യസർക്കാറിന് ഭൂരിപക്ഷം നഷ്ടമായത്.