Kerala
ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം | വിവാദങ്ങള്‍ക്ക് ഒടുവില്‍ ശബരിമല വിമാനത്താവള നിര്‍മാണത്തിന് ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കോട്ടയം ജില്ലാ കലക്ട്‌റെ ചുമതലപ്പെടുത്തുകയും ചെയ്തു. 2226.13 ഏക്കര്‍ ഭൂമിയാണ് വിമാനത്താവള നിര്‍മാണത്തിനായി ഏറ്റെടുക്കുന്നത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്കായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചത്. വിമാനത്താവളം സ്‌പെഷല്‍ ഓഫിസര്‍ വി. തുളസീദാസ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) എന്നിവര്‍ തയാറാക്കിയ പദ്ധതിക്കു ധനം, നിയമം, റവന്യു തുടങ്ങിയ വകുപ്പുകള്‍ അനുമതി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചതോടെ റെവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമായിരിക്കും നടപടി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77 വകുപ്പ് പ്രകാരം കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഏറ്റെടുക്കുക.
ചെറുവള്ളി എസ്‌റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് ഭൂമി ഏറ്റെടുക്കല്‍ വൈകാന്‍ ഇടയാക്കിയത്. ഹാരിസണ്‍ മലയാളത്തില്‍ നിന്ന് നേരത്തെ ബിലീവേഴ്‌സ് ചര്‍ച്ച് വാങ്ങിയ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് എംജി രാജമാണിക്യം ഐഎഎസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.