National
ഇന്ത്യ-ചൈനാ സംഘർഷം: 4 ജി നവീകരണത്തിന് ചൈനീസ് ഉപകരണങ്ങൾ വേണ്ട; കടുത്ത തീരുമാനവുമായി കേന്ദ്രം

ന്യൂഡൽഹി| ഇന്ത്യ-ചൈനാ സംഘർഷം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കടുത്ത തീരുമാനവുമായി കേന്ദ്രം. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡി (ബി എസ് എൻ എൽ)ന്റെ 4 ജി ഉപകരണങ്ങൾ നവീകരിക്കുന്നതിനായി ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതില്ലെന്നാണ് ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ തീരുമാനം. ബി എസ് എൻഎല്ലിനോട് ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് കർശനമായി പറയാൻ മന്ത്രാലയം തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതു സംബന്ധിച്ച് ടെൻഡർ പുനർനിർമിക്കാനും വകുപ്പ് തീരുമാനിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് ഇത്തരം തീരുമാനം. ചൈനീസ് സ്ഥാപനങ്ങൾ നിർമിക്കുന്ന ഉപകരണങ്ങൾ ആശ്രയിക്കുന്നത് കുറക്കാൻ സ്വകാര്യ ഓപ്പറേറ്റർമാരോട് ആവശ്യപ്പെടുന്നതും സർക്കാർ പരിഗണനയിലുണ്ട്.
ടെലികോം കമ്പനികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ നിലവിലെ നെറ്റ്‌വർക്കുകളിൽ ഹുവാവെയുമായാണ് പ്രവർത്തിക്കുന്നത്.
ഗൽവാൻ താഴ്‌വരയിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് സർക്കാറിന്റെ കടുത്ത തീരുമാനം.