Connect with us

Articles

വികസനം വിരുന്നുവന്നത് എണ്‍പതുകളില്‍

Published

|

Last Updated

ബേപ്പൂരില്‍ നിന്ന് പോകുന്ന ട്രോളറുകളിലെല്ലാം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഏറെയും. ഏതാനും തദ്ദേശീയരും ഈ കൂറ്റന്‍ ബോട്ടുകളില്‍ പോകും. വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പം പോകുന്ന തദ്ദേശീയര്‍ ഏറെ അസംതൃപ്തരായിരുന്നു. ഒരാഴ്ച വരെ കടലില്‍ തങ്ങുന്ന മത്സ്യബന്ധനത്തിന് തദ്ദേശീയരെ അധികം ലഭിക്കുന്നില്ലെന്നാണ് ബോട്ട് ഉടമകള്‍ പറയുന്നത്. മീന്‍ കുറവായതിനാല്‍ നിര്‍ത്തിയിട്ട ബോട്ടില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ധാരാളം കാണാമായിരുന്നു.

നവംബര്‍ മുതല്‍ ഏപ്രില്‍ വരെ കടല്‍ ശാന്തമായിരിക്കും. ഇക്കാലത്ത് കുറഞ്ഞ തോതിലേ മത്സ്യം ലഭിക്കുകയുള്ളൂ. ചൂണ്ട, ചെറിയ ഗില്‍നെറ്റ് എന്നിവക്ക് ഈ മാസങ്ങളില്‍ വരുമാനം തുച്ഛമായിരിക്കും. ജനുവരി- മാര്‍ച്ച് മാസങ്ങള്‍ പഞ്ഞമാസങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ജലപ്പരപ്പിലെ ചൂട് കൂടിയ ഈ മാസങ്ങളില്‍ പൊതുവെ തീരക്കടലില്‍ മീന്‍ കുറവായിരിക്കും. 1985നു ശേഷം ഉത്തര കേരളത്തില്‍ റിംഗ് വല യൂനിറ്റുകള്‍ക്കായി വന്‍തോതില്‍ മുതല്‍ മുടക്കിയെങ്കിലും 1990നു ശേഷം സാമ്പത്തിക നഷ്ടം സഹിക്കാനാകാതെ ഇത്തരം യൂനിറ്റുകള്‍ മന്ദീഭവിച്ചു.
1980കളോടെയാണ് കേരളത്തിലെ പരമ്പരാഗത മത്സ്യ മേഖലയിലെ സാങ്കേതിക വിദ്യയില്‍ അതിവേഗത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായത്. ഈ കാലത്താണ് കേരളത്തിന്റെ മധ്യ- ഉത്തര ഭാഗങ്ങളില്‍ റിംഗ് സീന്‍ എന്ന വല പ്രചാരത്തില്‍ വന്നത്. 80കളുടെ അവസാനത്തോടെ കാസര്‍ക്കോട് മുതല്‍ കൊല്ലം നീണ്ടകര വരെ ഇതിനു പ്രാമുഖ്യം ലഭിച്ചു. 1990-91 കാലത്ത് 1,700 റിംഗ് വല യൂനിറ്റുകളാണ് കേരള തീരത്ത് പ്രവര്‍ത്തിച്ചിരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സി ഐ എഫ് ടി) ആണ് ഈ വല വികസിപ്പിച്ചതെന്ന് അവകാശവാദമുണ്ട്. മധ്യ മേഖലയില്‍ താങ്ങുവലയെന്നും ഉത്തര മേഖലയില്‍ റാണി വല എന്നും അറിയപ്പെട്ടിരുന്ന ഈ വല 80കളുടെ മധ്യത്തിലാണ് കേരള തീരത്ത് നിലവില്‍ വന്നത്. 1985 കാലത്ത് എറണാകുളം ചെല്ലാനം കണ്ടക്കടവ് തീരത്ത് താങ്ങു വല രൂപംകൊണ്ടപ്പോള്‍ തന്നെ കാസര്‍ക്കോട് കണ്ണതീര്‍ഥ കടപ്പുറത്ത് റാണി വലയും രൂപംകൊണ്ടു എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ നിലവിലുണ്ടായിരുന്ന കോരുവല മാറ്റങ്ങള്‍ക്കു വിധേയമാക്കിയാണ് റിംഗ് വല ഇനത്തില്‍ പെടുന്ന താങ്ങു വല രൂപകല്‍പ്പന ചെയ്തതെന്നാണ് മത്സ്യത്തൊഴിലാളികളുടെ പക്ഷം.

കോഴിക്കോട്ടെയും കണ്ണൂരിലെയും കാസര്‍ക്കോട്ടെയും ചില ഗ്രാമങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഒന്നാണ് റിംഗ് വല ഇനത്തില്‍ പെടുന്ന റാണി വല. 1987-88 കാലത്ത് റാണി വല മത്സ്യബന്ധനം ആദ്യമായി കാസര്‍ക്കോട്ട് ആരംഭിച്ചതോടെ അതുവരെ ഉപയോഗിച്ചിരുന്ന കൊല്ലിവല കൊണ്ടുള്ള മത്സ്യബന്ധനം പൂര്‍ണമായി നിലച്ചു. കണ്ണൂര്‍, കോഴിക്കോട് മേഖലയിലുള്ളവര്‍ റിംഗ് വല ഉപയോഗിക്കാന്‍ വിസമ്മതിക്കുകയും ഇത് ഉപയോഗിക്കുന്നവരെ എതിര്‍ക്കുകയും ചെയ്തു. റിംഗ് വലയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ആരംഭിച്ചു. എന്നാല്‍ എതിര്‍ത്തവരും പതിയെ കൊല്ലിവല മാറ്റിെവച്ച് റിംഗ് വല ഉപയോഗിച്ചു തുടങ്ങി. 1990-91ഓടെ ഈ മേഖലകളിലെല്ലാം റിംഗ് വല പൂര്‍ണമായി പ്രാബല്യത്തില്‍ വന്നു.

1981-82 കാലയളവ് വരെ അയല വല, ചാളവല, വീശുവല എന്നിവയായിരുന്നു ഇവിടെ പ്രധാനമായും ഉണ്ടായിരുന്നത്. 1982ല്‍ മാണ്ടുവല എന്ന പേരില്‍ പുതിയൊരിനം വല ഇവിടെ രൂപപ്പെട്ടു. ആലപ്പുഴ- എറണാകുളം മേഖലയില്‍ ഉണ്ടായിരുന്ന കോരുവലയോടു സാമ്യമുള്ള മാണ്ടുവല നത്തോലിയെയും ചെറിയ നെയ്ച്ചാളയെയും പിടിക്കാനാണ് ഉപയോഗിച്ചിരുന്നത്. കോരുവലയെ പോലെ മത്സ്യക്കൂട്ടങ്ങളെ വളഞ്ഞു പിടിക്കുന്ന ഈ വലയുടെ അടിയില്‍ കല്ല് കെട്ടിയിരുന്നു. പിന്നീട് കല്ലിനു പകരം റിംഗുകള്‍ ഘടിപ്പിച്ച പുതിയ വല നിര്‍മിക്കുകയായിരുന്നു. 1985 മുതല്‍ ആരംഭിച്ച ഈ റിംഗ് വലയില്‍ നിന്നാണ് റാണി വലയുടെ തുടക്കം.

നത്തോലിയെയും ചെറിയ നെയ്ച്ചാളയെയും പിടിക്കാന്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഇതിനെ മാണ്ടു വല എന്നുതന്നെയാണ് വിളിച്ചു പോന്നത്. 1987ല്‍ അയല പിടിക്കാന്‍ പാകത്തിന് വലിയ കണ്ണികളുള്ള വല രൂപപ്പെടുത്തിയപ്പോള്‍ ഇതിനെ റാണി വല എന്നു വിളിച്ചു തുടങ്ങി. 1990-91 ആയപ്പോള്‍ കേരളത്തില്‍ റിംഗ് വലകളുടെ എണ്ണം 1,738 ആയെന്നാണ് കണക്കുകള്‍ പറയുന്നത്.

(തുടരും)

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest