Connect with us

International

ദക്ഷിണ കൊറിയയുമായി ചര്‍ച്ചയില്ല; അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കാനൊരുങ്ങി ഉത്തര കൊറിയ

Published

|

Last Updated

ഇരു രാജ്യങ്ങളുടെയും ലെയ്‌സണ്‍ ഓഫീസ് തകര്‍ക്കുന്നതിന്റെ ദൃശ്യം. ഉത്തര കൊറിയന്‍ ദേശീയ മാധ്യമങ്ങള്‍ പങ്കുവെച്ച ചിത്രം

സ്യൂള്‍ | ദക്ഷിണ കൊറിയന്‍ അതിര്‍ത്തികളിലേക്ക് സൈന്യത്തെ അയക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയ. പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക ദൂതന്മാരെ അയക്കാമെന്ന ദക്ഷിണ കൊറിയയുടെ വാഗ്ദാനം തള്ളിയാണ് ഉത്തര കൊറിയയുടെ ഈ നിലപാട്. പ്രത്യേക ചര്‍ച്ചയിലൂടെ 2018ലെ അനുരഞ്ജന ശ്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു ദക്ഷിണ കൊറിയ മുന്നോട്ടുവെച്ച പരിഹാരം.

സംയുക്ത ലെയ്‌സണ്‍ ഓഫീസ് ഉത്തര കൊറിയ സ്‌ഫോടനത്തിലൂടെ തകര്‍ത്തതിന്റെ പിറ്റേന്നാണ് നിലവില്‍ ഡി മിലിറ്ററൈസ് ചെയ്ത അതിര്‍ത്തികളില്‍ സേനയെ വിന്യസിക്കുമെന്ന് ഉത്തര കൊറിയ അറിയിച്ചത്. സമാധാന കരാറുകളുടെ ഭാഗമായി കെയ്‌സോംഗ് അതിര്‍ത്തി നഗരത്തിലാണ് ലെയ്‌സണ്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഓഫീസ് തകര്‍ത്തതിനെ ദക്ഷിണ കൊറിയ ശക്തമായി അപലപിച്ചിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുംഗ് യൂയ് യോംഗിനെയും രഹസ്യാന്വേഷണ വിഭാഗം മേധാവി സുഹ് ഹൂനിനെയും പ്രത്യേക ദൂതന്മാരായി ഉത്തര കൊറിയയിലേക്ക് അയക്കാമെന്നും ചര്‍ച്ചയിലേക്ക് തിരിച്ചുവരണമെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയ് ഇന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് ഇതിനെ തള്ളിക്കളഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.

Latest