Connect with us

Gulf

‘ദുബൈയിൽ കൊവിഡ് നിയന്ത്രണവിധേയം’

Published

|

Last Updated

ക്വാറന്റൈൻ സമയത്തെ അനുഭവങ്ങൾ അന്വേഷിക്കാനെത്തിയ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി വളണ്ടിയർ ദുബൈയിൽ കൊവിഡ്-19 മുക്തനായ കുട്ടിക്ക് സമ്മാനം നൽകുന്നു

ദുബൈ | ദുബൈയിൽ കൊവിഡ് നിയന്ത്രണ വിധേയമായതായി ദുബൈയിലെ കൊവിഡ് -19 കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ മേധാവി ഡോ. അമീർ അഹ്മദ് ഷെരീഫ് അറിയിച്ചു. ഉന്നതതല വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയർന്ന തോതിലുള്ള രോഗമുക്തിയും അണുബാധകളുടെ എണ്ണം കുറയുന്നതും അതിന്റെ അടയാളമാണ്.

ഉദ്യോഗസ്ഥർ, പകർച്ചവ്യാധിയെ മറികടക്കുന്നതിലേക്ക് ക്രമാനുഗതമായി നീങ്ങുകയാണ്. എമിറേറ്റിലെ നിരവധി ആശുപത്രികളിൽ പുതുതായി കൊവിഡ് -19 കേസുകൾ എത്തുന്നില്ല. എമിറേറ്റിലെ മിക്ക സർക്കാർ, സ്വകാര്യ ആശുപത്രികളും ഡയഗ്‌നോസ്റ്റിക്, ചികിത്സാ സേവനങ്ങൾ പുനരാരംഭിച്ചു. കഴിഞ്ഞ മൂന്ന് മാസത്തെ സൂചകങ്ങളുടെ വിശകലനത്തിൽ കേസുകളിൽ ഗണ്യമായ കുറവുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അണുബാധയുടെ തോത് ഗണ്യമായി കുറഞ്ഞു, അതേസമയം രോഗമുക്തി നിരക്ക് വർദ്ധിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട കേസുകളുടെ എണ്ണത്തിലും കുറവുണ്ടായി,” അദ്ദേഹം പറഞ്ഞു.
ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതൽ നടപടികളും പാലിക്കുന്നതിൽ പൗരന്മാർ കാണിക്കുന്ന അവബോധവും പ്രതിബദ്ധതയും പുരോഗതിക്ക് വളരെയധികം സഹായിച്ചതായി ഡോ. ഷെരീഫ് പറഞ്ഞു. ശാരീരിക അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗം വർധിപ്പിക്കൽ ഇനിയും തുടരണം. തുടങ്ങിയ പ്രതിരോധ നടപടികൾ പാലിക്കണം.

എമിറേറ്റിലെ സഞ്ചാര നിയന്ത്രണങ്ങൾ ലഘൂകരിച്ചുവെന്നു കരുതി അലംഭാവം പാടില്ല. എല്ലാ മേഖലകളിലും പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും ഭാവിയിൽ തിരിച്ചടികൾ ഒഴിവാക്കുന്നതിനും സമൂഹത്തിന്റെ പ്രതിബദ്ധത നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

വൃദ്ധ ദമ്പതികൾ കൊവിഡ് മുക്തരായി

യു എ ഇയിൽ യഥാക്രമം 89, 72 വയസുള്ള ഭാര്യയും ഭർത്താവും കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. യു എ ഇ ആരോഗ്യരോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദുബൈ കുവൈത്ത് ആശുപത്രിയിലായിരുന്നു ഇവർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം എന്നീ രോഗങ്ങൾ അലട്ടുന്നയാളാണ് 89കാരനായ ഭർത്താവ്. ഇരുവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ രണ്ട് പ്രാവശ്യവും ഫലം നെഗറ്റീവായി. പോളിമേഴ്‌സ് ചെയിൻ റിയാക്ഷൻ (പി വി ആർ) സാങ്കേതികവിദ്യ പ്രകാരമായിരുന്നു ഇവരുടെ പരിശോധന.

ആരോഗ്യമേഖലയിൽ യു എ ഇയുടെ മികവും മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ ചെലുത്തുന്ന ശ്രദ്ധയും നൽകുന്ന പരിചരണത്തിനും തെളിവാണ് ഇതെന്ന് മന്ത്രാലയം വിലയിരുത്തി. ആഗോള നിലവാരത്തിലുള്ള മെഡിക്കൽ സഹായമാണ് ഇവർക്ക് നൽകിയത്. രണ്ട് പേർക്കും അസുഖം പൂർണമായും ഭേദമായതായും അറിയിച്ചു.

ദമ്പതികളെയും അവരുടെ കുടുംബത്തെയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. മികച്ച ആരോഗ്യ പരിചരണത്തിനായി ആത്മസമർപ്പണം നടത്തുന്ന കുവൈത്ത് ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന് നന്ദി പറഞ്ഞു. മറ്റു രോഗങ്ങൾ ബാധിച്ചിട്ടുള്ള മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നു മന്ത്രി നിർദേശം നൽകി.