Connect with us

National

ഇനിയില്ല ആ വിളി; സന്തോഷിന്റെ ഓർമയിൽ അമ്മ

Published

|

Last Updated

ന്യൂഡൽഹി | കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ഞായറാഴ്ചയാണ് കേണൽ സന്തോഷ് ബാബു അവസാനമായി അമ്മ മഞ്ജുളയോട് സംസാരിച്ചത്.  വൈകിട്ട് സംസാരിച്ചപ്പോൾ ഇവിടെ വിഷമിക്കേണ്ടതായി ഒന്നുമില്ലെന്നും സമാധാനമായിരിക്കാനും പറഞ്ഞതായി അദ്ദേഹത്തിന്റെ അമ്മ ഓർമിച്ചു. എന്നാൽ പിന്നീട് അറിഞ്ഞ വാർത്ത ഏതൊരമ്മയുടെയും ഹൃദയം തകർക്കാൻ പോന്നതായിരുന്നു.

“ഞാൻ ഒരേ സമയും ദുഃഖിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നു. എന്റെ മകൻ രാജ്യത്തിനു വേണ്ടിയാണ് ജീവിതം ബലി കഴിച്ചത്. എന്നാൽ, ഒരമ്മയെന്ന നിലയിൽ എനിക്കെങ്ങനെ ദുഃഖമില്ലാതിരിക്കും, അവനെന്റെ ഓരേയൊരു മകൻ ആയിരുന്നില്ലേ?” അവർ പറഞ്ഞു.

“ഞങ്ങൾ വളരെയധികം ഞെട്ടലിലാണ്, മകന്റെ അപകടവാർത്ത അറിഞ്ഞപ്പോൾ അത് വിശ്വസിക്കാൻ വളരെ പ്രയാസം തോന്നി. എന്റെ മകൻ ധീരനായിരുന്നു. ജോലിയിൽ വളരെ കൃത്യത പുലർത്തുന്നവൻ. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ വലിയ വിജയങ്ങളിൽ എത്താൻ അവന് കഴിഞ്ഞു. വിവരമറിഞ്ഞ ഉടൻ ഞാൻ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് കരസേനയിലെ നിരവധി ഉദ്യോഗസ്ഥർ എന്നെ ഫോണിൽ വിളിച്ചു. മൃതദേഹം സൂര്യപേട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്ന് അവർ എന്നെ അറിയിച്ചു. അച്ഛൻ ഉപേന്ദർ പറഞ്ഞു.

സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കാൻ കഴിയാത്തതിന്റെ ദുഃഖം ഉണ്ടായിരുന്നതിനാൽ മകനെ അവന്റെ ചെറുപ്പത്തിലേ സൈന്യത്തിൽ ചേർക്കണമെന്ന്  ആഗ്രഹിച്ചിരുന്നെന്നും എന്നാൽ, ബന്ധുക്കൾ ഇതിനെ എതിർത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. സന്തോഷിന് ഹൈദരാബാദിലേക്ക് മാറ്റം ലഭിച്ചതായിരുന്നു. ലോക്ക്ഡൗൺ കാരണം ഔദ്യോഗിക നടപടികൾ നീണ്ടതിനാൽ അവിടെത്തന്നെ തുടരേണ്ടി വന്നു. 16 ബിഹാർ റെജിമെന്റിലെ കമാൻഡിംഗ് ഓഫീസർ ആയിരുന്നു. 2004ലാണ് ജോലിയിൽ പ്രവേശിച്ചത്. അന്ന്  ജമ്മു കശ്മീരിലായിരുന്നു.

ബേങ്ക് ജീവനക്കാരനായിരുന്ന ബി ഉപേന്ദറിന്റെയും മഞ്ജുളയുടെയും ഏകമകനാണ് സന്തോഷ് ബാബു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഡൽഹിയിലാണ്.

കേണൽ ബാബുവിന്റെ മരണത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അനുശോചിച്ചു. “”കേണൽ സന്തോഷ് രാജ്യത്തിന് വേണ്ടിയാണ് ജീവൻ ബലിയർപ്പിച്ചത്, വിലമതിക്കാനാവാത്ത ത്യാഗമാണ് അദ്ദേഹത്തിന്റേത്” മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിന്റെ എല്ലാ പിന്തുണയും കേണലിന്റെ കുടുംബത്തിനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

1975 ന് ശേഷം ആദ്യമായി ഇന്ത്യ- ചൈന അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 20 പേരിൽ തെലങ്കാനയിൽ നിന്ന് കേണൽ സന്തോഷ് ബാബു, രണ്ട് ജവാന്മാർ, തമിഴ്‌നാട്ടിൽ നിന്നുള്ള ഹവിൽദാർ പളനി, ജാർഖണ്ഡിലെ സെപോയ് ഓജ എന്നിവരും ഉൾപ്പെടും.

---- facebook comment plugin here -----

Latest