Connect with us

Uae

ജീവന്‍ തിരിച്ചു നല്‍കിയ ആരോഗ്യപ്രവര്‍ത്തകരെ നന്ദിയോടെ സ്മരിച്ച് അബ്ദുല്‍ സമദ് ആശുപത്രിയുടെ പടിയിറങ്ങി

Published

|

Last Updated

അബ്ദുല്‍ സമദ് വെന്റിലേറ്ററില്‍ നിന്ന് പുറത്തേക്ക് വരുന്നു

അബൂദബി| മഹാമാരിയില്‍ തന്നെ പരിചരിച്ച് ജീവന്‍ തിരിച്ചു നല്‍കിയ ആരോഗ്യപ്രവര്‍ത്തകരെ നന്ദിയോടെ സ്മരിച്ച് മലപ്പുറം കൂറ്റിലങ്ങാടി സ്വദേശി അബ്ദുല്‍ സമദ്. അബൂദബിയിലെ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ സമദിനെ കഴിഞ്ഞ മാസം 27 നാണ് കൊവിഡ് ലക്ഷണങ്ങളോടെ അബുദാബി അഹല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹത്തിനും മറ്റസുഖങ്ങള്‍ക്കും മരുന്നുകള്‍ കഴിച്ചിരുന്ന 53 കാരനായ സമദ് വിട്ടുമാറാത്ത പനി, ചുമ , ശരീര തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടത് കാരണമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ശാരീരികാവശതകളോടെ അബുദാബിയിലെ അഹല്യാ ഹോസ്പിറ്റലിലെത്തിയ ഇദ്ദേഹത്തെ ചീഫ് ഫിസിഷ്യന്‍ ഡോക്ടര്‍ ഹാഷിമിന്റെ നേതൃത്വത്തില്‍ അഡ്മിറ്റ് ചെയ്തു. ചികിത്സയിലിരിക്കെ രോഗം വഷളായതിനെത്തുടര്‍ന്ന് അബ്ദുല്‍ സമദിനെ വെന്റിലേറ്ററില്‍ മാറ്റി. കൊവിഡ് പോസറ്റീവായ അബ്ദുല്‍ സമദ് 9 ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിയുമ്പോള്‍ കരുതലായി ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സംഘമുണ്ടായിരുന്നു. വിദഗ്ദ്ധ ചികില്‍സ കാരണം 9 ദിവസങ്ങള്‍ക്ക് ശേഷം വെന്റിലേറ്റര്‍ സഹായത്തോടെയല്ലാതെ അബ്ദുല്‍ സമദ് ശ്വസിക്കാന്‍ തുടങ്ങി. ചികിത്സ തുടര്‍ന്നതോടെ ജൂണ്‍ 10, 12 ദിവസങ്ങളില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയി. ഹോസ്പിറ്റല്‍ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 15 ന് അബ്ദുല്‍ സമദിനെ ഡിസ്ചാര്‍ജ് ചെയ്തു.

പരിചരിച്ച സ്റ്റാഫ് നഴ്‌സുമാരും ഡോക്ടര്‍മാരും പങ്കെടുത്ത ചടങ്ങില്‍ നിറഞ്ഞ കയ്യടികളോടെയാണ് അബ്ദുല്‍ സമദ് ആശുപത്രിയില്‍ നിന്നും യാത്രയായത്.
മുന്‍ നിശ്ചയ പ്രകാരം മകന്റെ വിവാഹത്തിനുള്ള ഒരുക്കം നടക്കുന്നത് കാരണം അബ്ദുല്‍ സമദ് വെന്റിലേറ്ററിലായ വിവരം അറിഞ്ഞ സുഹൃത്തുക്കള്‍ വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മാത്രമാണ് ബന്ധുക്കളെ അറിയിച്ചിരുന്നത്. മകന്റെ വിവാഹ ഫോട്ടോയും വീഡിയോയുമെല്ലാം ആശുപത്രിക്കിടക്കയില്‍ കണ്ടു വധു വരന്മാരെ ആശീര്‍വദിക്കുകയായിരുന്നു ഈ പിതാവ്. പരിശോധന പൂര്‍ത്തിയായ ശേഷം ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാനാണ് തീരുമാനം. 23 വര്‍ഷമായി അബുദാബിയില്‍ സേവനം ചെയ്യുന്നു. ശേഷിക്കുന്ന കാലം ഇനി കുടുംബത്തോടൊപ്പം കഴിയണം. നല്ല പരിചരണമാണ് ആശുപത്രിയില്‍ നിന്നും ലഭിച്ചത് അതിന് എല്ലാവരോടും നന്ദിയുണ്ട് -അബ്ദുല്‍ സമദ് കൂട്ടി ചേര്‍ത്തു.

Latest