Connect with us

Kerala

അനധികൃത പാമ്പുപിടുത്തം ഇനി നടക്കില്ല; ലൈസന്‍സ് നിര്‍ബന്ധമാക്കി; ഇല്ലെങ്കില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ

Published

|

Last Updated

തിരുവനന്തപുരം | പാമ്പ്പിടുത്തക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. അനധികൃത പാമ്പ് പിടുത്തക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ലൈസന്‍സ് ഇല്ലാതെ പാമ്പിനെ പിടിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ ഉറപ്പാക്കുന്ന രീതിയിലാകും ഇത് സംബന്ധിച്ച് നിയമം പാസ്സാക്കുക.

വനം വകുപ്പാണ് പാമ്പ് പിടുത്തക്കാര്‍ക്ക് ലൈസന്‍സ് നല്‍കുക. ജില്ല അടിസ്ഥാനത്തിലാകും ഇത് നടപ്പില്‍ വരുത്തുക. താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച ശേഷം ആവശ്യമായ പരിശീലനം നല്‍കും. തുടര്‍ന്ന് ലൈസന്‍സ് നല്‍കുകയും ഇവരുടെ വിവരങ്ങള്‍ പോലീസിനും ഫയര്‍ഫോഴ്‌സിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും കൈമാറുകയും ചെയ്യും.

പാമ്പ് പിടുത്തക്കാര്‍ക്ക് പരിശീലനം നല്‍കി ലൈസന്‍സ് എടുക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം അനുവദിക്കും. അതുവരെ ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം തുടരും. അശാസ്ത്രീയമായ രീതിയിലുള്ള പാമ്പുപിടുത്തം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പാമ്പ് പിടിത്തക്കാരനായ സക്കീര്‍ ഹുസൈന്‍ ഞായറാഴ്ച്ച പാമ്പ് പിടിത്തത്തിനിടെ മരിച്ചിരുന്നു. വാവ സുരേഷിനും നിരവധി തവണ പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവവും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പാമ്പ് പിടിത്തക്കാരനില്‍ നിന്നാണ് പ്രതി പാമ്പിനെ വാങ്ങിയിരുന്നത്.

---- facebook comment plugin here -----

Latest