Covid19
സ്ഥിതി അതീവ ഗുരുതരം; രാജ്യത്തെ കൊവിഡ് മരണങ്ങള്‍ പതിനായിരത്തിലേക്ക്

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കേസുകളും മരണങ്ങളും വലിയ തോതില്‍ ഉയരുന്നു. 24 മണിക്കൂറിനിടെ മാത്രം 10667 പുതിയ കേസും 380 മരണവുമാണ് രാജ്യത്ത്
റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മാത്രം 178 മരണങ്ങള്‍ ഇന്നലെയുണ്ടായി. രാജ്യത്ത് കൊവിഡ് ജീവനെടുത്തവരുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഔദ്യോഗികമായി കണക്കാക്കിയാല്‍ 9900 മരണം. രാജ്യത്ത് ഇതിനകം 343091 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 153178 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 180013 പേര്‍ രോഗമുക്തരാകുകയും ചെയ്തു. രോഗം ഭേദമാകുന്നവരുടെ നിരക്ക് അമ്പത് ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നത് ആശ്വാസകരമാണ്.
രാജ്യത്തെ കൊവിഡിന്റെ തീവ്രത ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയില്‍ 110744 പേര്‍ക്ക് ഇതുവരെ രോഗം കണ്ടെത്തിയിട്ടുണ്ട്. 4128 മരണമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 2786 പുതിയ കേസുകള്‍ ഇവിടെയുണ്ടായി. 42829 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 1400 മരണവും 24055 പേര്‍ക്ക് രോഗം
സ്ഥിരീകരിച്ച ഗുജറാത്തില്‍ 1505 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1647 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ ഇതിനകം രോഗബാധിതരുടെ എണ്ണം 42829 ആയി. ഗുജറാത്തില്‍ 24055 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തമിഴ്‌നാട്ടില്‍ 46504 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 479 പേര്‍ മരിച്ചു. ഇന്നലെ മാത്രം 1843 കേസുകള്‍ തമിഴ്‌നാട്ടിലുണ്ടായി. മധ്യപ്രദേശില്‍ 10935 പേര്‍ക്ക് രോഗവും 465 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ 399, രാജസ്ഥാനില്‍ 301, ബംഗാളില്‍ 485 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളിലെല്ലാം കേസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്.