Covid19
നിര്‍ത്താതെ കൊള്ള; തുടര്‍ച്ചയായ പത്താം ദിനവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

ന്യൂഡല്‍ഹി | ഭരണകര്‍ത്താക്കളുടെ പിന്തുണയില്‍ രാജ്യത്തെ ജനങ്ങളെ പിഴുഞ്ഞ് കീശവീര്‍പ്പിക്കുന്ന നടപടികള്‍ എണ്ണക്കമ്പനികള്‍ തുടരുന്നു. തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 47 പൈസയും ഡീസല്‍ ലിറ്ററിന് 54 പൈസയുമാണ് കൂട്ടിയത്. ഇതോടെ പത്തു ദിവസംകൊണ്ട് പെട്രോളിന് 5.48 രൂപയും ഡീസലിന് 5.51 രൂപയുമാണ് വര്‍ധിച്ചത്. കൊവിഡ് പ്രതിസന്ധി മൂലം രാജ്യം മുഴുവന്‍ ജനം ദുരിതത്തിലാണ്. ഈ സമയത്താണ് അവശ്യ സാധനങ്ങള്‍ക്കും മറ്റും വലിയ വില വര്‍ധനവിന് കാരണമായേക്കാവുന്ന എണ്ണ വില കുതിച്ച് ഉയരുന്നത്.
കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് തടഞ്ഞ വില നിയന്ത്രണാധികാരം എണ്ണ കമ്പനികള്‍ക്ക് തിരിച്ച് നല്‍കിയതോടെ ഓരോ ദിവസവും ഇവര്‍ വില കയറ്റികൊണ്ടുവരുകയായിരുന്നു. എന്നാല്‍ ഭരണപക്ഷം ഇത് അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ല. പ്രതിപക്ഷം ചില ഒറ്റപ്പെട്ട വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും നടത്തുന്നതല്ലാതെ കാര്യമായ പ്രതിഷേധങ്ങള്‍ നടത്താത്തും സര്‍ക്കാറിന്റെ മൗനത്തിന് കാരണമാകുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് പ്രത്യക്ഷ സമരങ്ങള്‍ നടത്താത്തതെന്നാണ് പൊതുവെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. എന്നാല്‍ ഈ കൊവിഡ് കാലത്ത് എണ്ണ കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് നിര്‍ലോഭം തുടരുകയുമാണ്.