120 വയസുള്ളയാള്‍ പെന്‍ഷന്‍ വാങ്ങാന്‍ നേരിട്ടെത്തണമെന്ന് ബേങ്ക്; മാതാവിനെ കട്ടിലിൽ വലിച്ചുകൊണ്ട് വന്ന് 70കാരി മകൾ

Posted on: June 15, 2020 6:07 pm | Last updated: June 15, 2020 at 6:07 pm

ഭുവനേശ്വര്‍ |  പട്ടിണി മാറ്റാന്‍ പെന്‍ഷന്‍ ലഭിക്കാന്‍ 120 വയസുള്ള മാതാവിനെ കട്ടിലില്‍ കിടത്തി റോഡിലൂടെ ബേങ്കിലേക്ക് വലിച്ചുകൊണ്ടുവന്ന് 70കാരിയായ മകളുടെ സാഹസികത. ഒഡീഷയിലെ നുപാഡ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ലോക്ക്ഡൗണും തുടര്‍ന്നുണ്ടായ ചുഴലിക്കാറ്റും മൂലം ഒഡീഷയിലും മറ്റും സാധാരണക്കാര്‍ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെ തീവ്രത എത്ര വലുതാണെന്ന് വ്യക്തമാക്കുന്നതാണ് 70കാരിയായ ലാബേ ബേഗല്‍ കാണിച്ച ഈ സാഹസികത.

നൂറ് വയസ്സുള്ള അമ്മമാര്‍ക്കുള്ള 1500 രൂപ വാര്‍ധക്യ പെന്‍ഷന്‍ ബേങ്കിലെത്തിയതായി അറിഞ്ഞ 70ാകാരി ഇത് വാങ്ങുന്നതിനായി ബേങ്കിലെത്തിയിരുന്നു. എന്നാല്‍ ഗുണഭോക്താവ് നേരിട്ട് എത്തിയാലെ വാര്‍ധക്യ പെന്‍ഷന്‍ നല്‍കൂവെന്ന് പറഞ്ഞ് ബേങ്ക് അധികൃതര്‍ മടക്കി അയച്ചു. കട്ടിലില്‍ നിന്ന് എഴുനേല്‍ക്കാന്‍ പറ്റാത്ത രൂപത്തില്‍ അമ്മ കിടപ്പിലാണെന്ന് പറഞ്ഞ് നോക്കിയെങ്കിലും ബേങ്കുകള്‍ വഴങ്ങിയില്ല. ഒടുവില്‍ കുടുംബം അനുഭവിക്കുന്ന പട്ടിണിയില്‍ തന്റെ അവശതകളെല്ലാം മറന്ന ലാബേ ബേഗല്‍ കിടപ്പിലായ മാതാവിനെ കട്ടിലില്‍ കിടത്തി റോഡിലൂടെ വലിച്ചുകൊണ്ട് ബേങ്കിലെത്തിക്കുകയായിരുന്നു.

ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ബേങ്ക് അധികൃതര്‍ക്കും ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാറിനുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രായക്കൂടുതുലള്ള എല്ലാവര്‍ക്കും വീടുകളിലെത്തി ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.