Covid19
കൊവിഡ് ഫലം അര മണിക്കൂറിനുള്ളിൽ; പുതിയ ടെസ്റ്റ് കിറ്റിന് ഐ സി എം ആർ അംഗീകാരം

ന്യൂഡൽഹി| കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിനിടെ നടത്തുന്ന പരീക്ഷണങ്ങൾ വലിയ വെല്ലുവിളി സൃഷ്ടിക്കും. എന്നാൽ, പുതിയ ആന്റിജൻ അധിഷ്ഠിത കൊറോണ വൈറസ് ടെസ്റ്റ് കിറ്റിന് അംഗീകാരം നൽകിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ). ഈ ടെസ്റ്റിലൂടെ 30 മിനിറ്റിനുള്ളിൽ കൊവിഡ് 19 പരിശോധനാഫലം ലഭിക്കും.
ദക്ഷിണ കൊറിയൻ കമ്പനിയായ എസ് ഡി ബയോസെൻസർ വികസിപ്പിച്ചെടുത്ത “സ്റ്റാൻഡേർഡ് ക്യു കൊവിഡ് 19 എഗ് ഡിറ്റക്ഷൻ കിറ്റ്” എന്ന ഈ ഉപകരണം ഇന്ത്യയുടെ ഗുഡ്ഗാവിലുള്ള യൂനിറ്റിൽ നിർമിക്കുന്നുണ്ട്. ഐ സി എം ആർ അംഗീകരിച്ച ആദ്യത്തെ ആന്റിജൻ അധിഷ്ഠിത കൊവിഡ് 19 പരീക്ഷണമാണിത്.
പുതിയ കിറ്റ് വഴി പരിശോധന നടത്തുമ്പോൾ ഫലം ലഭിക്കാൻ പഴയതിനെ അപേക്ഷിച്ച് മൂന്നിലൊന്ന് സമയമേ വേണ്ടി വരൂ. വെറും 500 രൂപ ചെലവിൽ പരിശോധന നടത്തുകയും ചെയ്യാം. കിറ്റ് കൊണ്ടു നടക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ വേണ്ടാത്തതിനാൽ എവിടെ വെച്ചും ഉപയോഗിക്കാം. അതായത്, നിശ്ചിത സ്ഥലത്തു വെച്ചു തന്നെ തത്സമയം പരിശോധന നടത്താൻ സാധിക്കും.
നിലവിൽ രാജ്യത്ത് കൊവിഡ് ടെസ്റ്റ് നടത്തുന്നത് ആർടി- പിസിആർ എന്ന സംവിധാനം ഉപയോഗിച്ചാണ്. ഇതു വഴി ടെസ്റ്റ് നടത്തുമ്പോൾ ഫലം ലഭിക്കാൻ രണ്ട് മൂന്ന് മണിക്കൂറുകൾ കാക്കേണ്ടി വരും. ആർ പി സി ആറിന്റെ ഒരു കിറ്റിന് ഏകദേശം 2,500 രൂപയാണ് വില. കൂടാതെ, ഇതിനു വേണ്ട സാമ്പിളുകൾ ഒരു പ്രത്യേക ലായനിയിൽ സൂക്ഷിച്ച് പ്രത്യേക കിറ്റിൽ നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തിക്കാനും ചെലവ് കൂടുതലാണ്. നിലവിൽ 4,500 രൂപയാണ് ഇതു വഴി പരിശോധന നടത്തുമ്പോഴുള്ള മൊത്തം ചെലവ്.