Connect with us

Articles

അയല്‍പക്കം അതിര് മാന്തുമ്പോള്‍

Published

|

Last Updated

ചക്രവര്‍ത്തിമാര്‍ സിംഹാസനമേറുമ്പോള്‍ സാമന്തന്‍മാരൊക്കെ എത്തി, രത്‌നങ്ങളും ആഭരണങ്ങളുമൊക്കെ കാഴ്ചവെച്ച് വണങ്ങുന്ന പതിവുണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ പ്രീതി സമ്പാദനം തന്നെ ലക്ഷ്യം. സ്വന്തം അധികാരം ഭീഷണികളൊന്നുമില്ലാതെ തുടരുന്നതിന് ചക്രവര്‍ത്തിയുടെ പ്രീതി പ്രധാനമാണ്. ചക്രവര്‍ത്തിമാരും രാജാക്കന്‍മാരും നാടുവാഴികളും അംശം അധികാരികളുമൊക്കെ പേരില്‍ ഇല്ലാതായി ജനാധിപത്യം ക്രമമായി മാറി അറുപത്തേഴാണ്ട് അടുക്കുമ്പോഴാണ് ഇന്ത്യന്‍ യൂനിയനില്‍ സ്വഘോഷിതനായ ചക്രവര്‍ത്തി അധികാരമേല്‍ക്കുന്നത്. അധികാരമേല്‍ക്കുമ്പോള്‍ അയല്‍പക്ക രാഷ്ട്രങ്ങളിലെ അധിപന്‍മാരൊക്കെ സാക്ഷിയായുണ്ടാകണമെന്ന് അദ്ദേഹം തീരുമാനിച്ചു. ദക്ഷിണേഷ്യന്‍ മേഖലയിലെ രാഷ്ട്രങ്ങളുടെയൊക്കെ തലവന്‍മാരെ ക്ഷണിച്ചു.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, മാലി ദ്വീപുകള്‍, മൗറീഷ്യസ് എന്നിവയുടെ ഭരണത്തലവന്‍മാര്‍ തന്നെ വന്നു 2014ലെ സത്യപ്രതിജ്ഞാ ചടങ്ങിന്. ബംഗ്ലാദേശ് അവരുടെ പാര്‍ലിമെന്റിന്റെ സ്പീക്കറെ പ്രതിനിധിയായി അയച്ചു. പുതുഭാഷയില്‍ പറഞ്ഞാല്‍ സത്യപ്രതിജ്ഞാ സീന്‍ കളറായിരുന്നു (നിറപ്പകിട്ടാര്‍ന്ന ചടങ്ങ് എന്ന് മലയാളം). അതിനേക്കാള്‍ നിറമുണ്ടായി വ്യാഖ്യാനങ്ങള്‍ക്ക്. അയല്‍ രാജ്യങ്ങളിലെ ഭരണത്തലവന്‍മാരെ മുഴുവന്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതിലൂടെ ആ രാഷ്ട്രങ്ങളൊക്കെയുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് തന്നെ നരേന്ദ്ര മോദിക്ക് സാധിച്ചുവെന്നതായിരുന്നു ഒന്ന്. 2008ലെ മുംബൈ ആക്രമണത്തോടെ താറുമാറായ ഇന്ത്യാ – പാക് ബന്ധങ്ങള്‍ മെച്ചപ്പെടാന്‍ പോകുന്നുവെന്നായിരുന്നു മറ്റൊന്ന്. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ വന്‍ശക്തിയായി ഇന്ത്യ മാറുന്നതിന് തുടക്കമാണിതെന്നും വ്യാഖ്യാനിക്കപ്പെട്ടു. മോദിയുടെ വിളിയെത്തിയപ്പോഴേക്കും നേതാക്കളൊക്കെ പുറപ്പെട്ടിങ്ങോട്ടെത്തിയത് ചക്രവര്‍ത്തിത്വം അംഗീകരിച്ച് വണങ്ങുന്നതിന് തുല്യമാണെന്ന വ്യാഖ്യാനത്തിനും കുറവുണ്ടായില്ല.

അഞ്ചാണ്ടിനിപ്പുറം വര്‍ധിത വീര്യത്തോടെ സ്ഥാനാരോഹണത്തിനെത്തിയപ്പോള്‍ വിളിച്ചത് ബംഗാള്‍ ഉള്‍ക്കടലിന് ചുറ്റുവട്ടത്തുള്ള ദക്ഷിണേഷ്യയിലെയും ദക്ഷിണ പൂര്‍വേഷ്യയിലെയും ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയെയും ഒപ്പം കിര്‍ഗിസ്ഥാന്‍, മൗറീഷ്യസ് എന്നിവയെയും. തായ്‌ലന്‍ഡ് ഒഴികെയുള്ള രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ പങ്കെടുത്തു. വ്യാഖ്യാനങ്ങള്‍ക്ക് കുറവുണ്ടായില്ല. പാക്കിസ്ഥാനെ അകറ്റി നിര്‍ത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ മുഴുവനായി ക്ഷണിക്കാതിരുന്നത് എന്നായിരുന്നു ഒന്ന്. കിര്‍ഗിസ്ഥാനെ ക്ഷണിച്ചത്, റഷ്യയും ചൈനയുമുള്‍ക്കൊള്ളുന്ന ഷാങ്ഹായ് സഹകരണ സംഘടനയില്‍ സ്വാധീനമുറപ്പിക്കാനാണെന്നായിരുന്നു മറ്റൊന്ന്. അക്കാലം സംഘടനയുടെ അധ്യക്ഷ സ്ഥാനം കിര്‍ഗിസ്ഥാനായിരുന്നു. ദക്ഷിണേഷ്യയില്‍ സ്വാധീനമുറപ്പിക്കുകയും 2014 മുതലുള്ള അഞ്ചാണ്ട് പറന്നുനടന്ന് ലോക രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തതിന് ശേഷം ചൈനയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ രൂപപ്പെടുന്ന മധ്യേഷ്യന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും വ്യാഖ്യാനമുണ്ടായി. മധ്യേഷ്യയില്‍ നോട്ടമുറപ്പിക്കുകയാണെന്ന് വാദിച്ചവര്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ സ്വന്തം ഇംഗിതങ്ങള്‍ക്ക് വിധേയരാക്കാന്‍ നടത്തിയ ശ്രമം പാളിപ്പോയെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇക്കാലത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പലകുറി അമേരിക്കയില്‍ പോയി. പ്രസിഡന്റായിരുന്ന ബരാക് ഒബാമയെയും പിന്‍ഗാമി ഡൊണാള്‍ഡ് ട്രംപിനെയും കണ്ടു. അവരിങ്ങോട്ടു വന്ന് ആലിംഗനബദ്ധരായി. ചൈനയിലേക്കുമുണ്ടായി പോക്കുവരവ്. സീ ജിന്‍പിംഗുമൊത്ത് ഊഞ്ഞാലാടി. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍ എന്നിങ്ങനെ സന്ദര്‍ശനാധിഷ്ഠിത ബന്ധമുറപ്പിക്കല്‍ വേറെയും പലത്. ഓരോ രാജ്യത്തു നിന്നും ഇന്ത്യന്‍ യൂനിയനിലേക്ക് ഒഴുകാനിടയുള്ള കോടികളുടെ കണക്ക് അനുബന്ധമായി പ്രസിദ്ധം ചെയ്യപ്പെടുകയും ചെയ്തു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് പദമേറ്റതിന് ശേഷം അമേരിക്കയുമായി കൂടുതല്‍ അടുത്തുവെന്ന പ്രതീതി ജനിപ്പിക്കാന്‍ നരേന്ദ്ര മോദിയും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാറും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ ഏറ്റവും സ്വാഭാവികമായ സഖ്യ രാഷ്ട്രമാണ് ഇന്ത്യന്‍ യൂനിയനെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കന്‍ സാമ്രാജ്യത്വത്തെ തൃപ്തിപ്പെടുത്തും വിധത്തിലുള്ള വിദേശനയം സ്വീകരിച്ച്, സഖ്യരാഷ്ട്രമാണെന്ന് പലപ്പോഴും തെളിയിച്ചു നരേന്ദ്ര മോദി സര്‍ക്കാര്‍. ഭൂഗോളത്തില്‍ ഇന്ത്യന്‍ യൂനിയന്റെ സ്ഥാനമുയര്‍ന്നെന്നും വന്‍ശക്തിയായെന്ന് അംഗീകരിക്കപ്പെട്ടുവെന്നും അവകാശപ്പെടുകയും ചെയ്തു.

ആ വീരവാദങ്ങള്‍ക്കിടയിലേക്കാണ് ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വര, പാന്‍ഗോംഗ് തടാകം, ഗോഗ്ര എന്നീ സ്ഥലനാമങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മുന്നിലേക്ക് എത്തുന്നത്. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലായിരുന്ന ഈ പ്രദേശങ്ങളിലേക്കൊക്കെ കടന്നുകയറിക്കൊണ്ട് അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കമുള്ള പ്രദേശങ്ങളായി ഇവയെ മാറ്റാന്‍ ചൈനക്ക് സാധിച്ചു. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഭാഷ കടമെടുത്താല്‍ ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന ഭാഗങ്ങളായി ഇവയും മാറിയിരിക്കുന്നു. സിക്കിമിലെ നകു ലായും പുതുതായി ഈ പട്ടികയിലേക്ക് എത്തി. 2017ല്‍ ദോക്‌ലാമിലേക്ക് കടന്നുകയറിയ ചൈനയുടെ സൈന്യം അവിടമൊരു തര്‍ക്ക പ്രദേശമാക്കിയത് പോലെ. ലഡാക്കിലും അരുണാചല്‍ പ്രദേശിലും വര്‍ഷങ്ങളായി തര്‍ക്കത്തില്‍ തുടരുന്ന ഒരു ഡസനിലധികം പ്രദേശങ്ങളുണ്ട്. അതിന് പുറമെയാണ് ഇത്രയും പ്രദേശങ്ങളെക്കൂടി തര്‍ക്കത്തിന്റെ നിഴലിലേക്ക് കൊണ്ടുവരാന്‍ ചൈനക്ക് സാധിച്ചിരിക്കുന്നത്. ചൈന സൈന്യത്തെ കൂട്ടിയപ്പോള്‍ ഇപ്പുറത്തും സൈന്യത്തെ കൂട്ടിയെന്നതൊഴിച്ചാല്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറി അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചതിനോട് ഏതെങ്കിലും വിധത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് സാധിച്ചതേയില്ല. അതിരുമാന്തി, കലഹത്തിന് കോപ്പുകൂട്ടുകയാണ് ചൈനയെന്ന് പരസ്യമായി പറയാനുള്ള ധൈര്യം പോലും കാണിക്കാതെ, പരസ്പരം സമാധാനപരമായി പിരിഞ്ഞുപോയതില്‍ ആശ്വാസം കൊണ്ടു, അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെട്ട നേതാവും ലോകശക്തിയായെന്ന് വീരവാദമടിച്ച സര്‍ക്കാറും അതിന്റെ പിന്തുണക്കാരായ സംഘ്പരിവാരവും.

പാക്കിസ്ഥാന്‍, ശ്രീലങ്ക, മ്യാന്‍മര്‍, നേപ്പാള്‍ എന്ന് തുടങ്ങി സാമന്തന്‍മാരെന്ന് ചക്രവര്‍ത്തിയും സംഘവും വിശ്വസിച്ചിരുന്ന അയല്‍പക്കങ്ങളിലൊക്കെ സ്വാധീനം വര്‍ധിപ്പിച്ചിരിക്കുന്നു ചൈന. ചൈനയോടുള്ള ആഭിമുഖ്യം മാത്രമല്ല, ഇന്ത്യന്‍ യൂനിയനോടുള്ള വിയോജിപ്പും പരസ്യമായി പ്രകടിപ്പിക്കാന്‍ മടിക്കുന്നില്ല ഇവരാരും. പൊട്ടിപ്പുറപ്പെട്ട മഹാമാരിയെ ഏതാണ്ട് നിയന്ത്രിച്ചതിന് തൊട്ടുപിറകെ ലഡാക്കിലേക്ക് സൈന്യത്തെ നിയോഗിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചതിന് കാരണം വേറെയുമുണ്ടാകാം. വര്‍ധിച്ച അമേരിക്കന്‍ ആഭിമുഖ്യത്തിന്റെ (വിധേയത്വമെന്നതാണ് ശരി) ഭ്രമത്തില്‍, കൊറോണയെ അഴിച്ചുവിട്ടത് ചൈനയാണെന്ന ട്രംപിന്റെ വെളിപാടിന് താങ്ങായി നിന്നതിന്റെ ചൊരുക്കുണ്ടാകാതിരിക്കില്ലല്ലോ സി ജിന്‍പിംഗിന്. അന്വേഷണമാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയെ സമീപിച്ച അമേരിക്കന്‍ പക്ഷത്തെ തുണക്കാന്‍ തീരുമാനിക്കുമ്പോള്‍ പകര്‍ച്ചവ്യാധിയുടെ മറവില്‍ രാഷ്ട്രീയക്കളിക്കിറങ്ങിയ ട്രംപിനൊപ്പം നിന്ന മോദിയോട് പൊറുക്കാന്‍ ഊഞ്ഞാലിലിരുന്നതിന്റെ തഴമ്പിനെക്കുറിച്ചുള്ള ഓര്‍മ മതിയാകില്ലല്ലോ.

സമ്പത്തില്‍ അമേരിക്കയെ മറികടക്കാന്‍ നേരത്തേ മുതല്‍ വെമ്പുന്ന, കൊവിഡ് 19 സൃഷ്ടിച്ച അവസരം അതിന് ഉപാധിയാകുമെന്ന് കരുതുന്ന, സേനാ ബലത്തിലും ആയുധക്കണക്കിലും ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന ചൈനക്കു മുന്നിലൊന്ന് ചൂളിപ്പോകുന്നതില്‍ അത്ഭുതമില്ല. അപ്രതീക്ഷിത നീക്കങ്ങളില്‍ അമ്പരന്ന് ശബ്ദം പുറത്തുവരാതിരിക്കുന്നതും സ്വാഭാവികം. പക്ഷേ നേപ്പാളോ? ഹിമാലയത്തിലൂടെ ചൈനയുടെ അതിര്‍ത്തിയിലേക്ക് ലിപുലേഖ് ചുരം വഴി ഇന്ത്യ നിര്‍മിച്ച റോഡ് നേപ്പാളിന്റെ അതിര്‍ത്തി ഭേദിച്ചാണെന്നാണ് അവരുടെ ആരോപണം. അതിര്‍ത്തി ലംഘനമുണ്ടായെന്ന് അവര്‍ വിശ്വസിക്കുന്ന പ്രദേശത്തേക്ക് പോലീസിനെ നിയോഗിച്ചും കാഠ്മണ്ഠുവിലെ ഇന്ത്യന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചും തുടങ്ങിയ നേപ്പാള്‍, 400 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കാലാപാനി മേഖല തങ്ങളുടെ അതിര്‍ത്തിക്കുള്ളിലാണെന്ന് പ്രഖ്യാപിച്ച് ഭരണഘടനാ ഭേദഗതിയും പാസ്സാക്കി. നേപ്പാളിന്റെ അവകാശവാദത്തിന്‍മേല്‍ കൊവിഡാനന്തര കാലത്ത് ചര്‍ച്ചയെന്നതാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ നിലപാട്. നേപ്പാളിന്റെ ധൈര്യത്തിന് പിറകില്‍ ചൈനയുണ്ടെന്ന തിരിച്ചറിവാകണം ഈ മെല്ലെപ്പോക്കിന് കാരണം.

അതിര്‍ത്തി സംബന്ധിച്ച തര്‍ക്കങ്ങള്‍, നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കുക തന്നെയാണ് വേണ്ടത്. അതുകൊണ്ട് തന്നെ പ്രകോപനമുണ്ടാക്കേണ്ടെന്ന ഇന്ത്യന്‍ യൂനിയന്റെ നിലപാട് ഒരു നിലക്ക് സ്വാഗതാര്‍ഹവുമാണ്. പക്ഷേ, വന്‍ശക്തിയായെന്ന അവകാശവാദം, അയല്‍പക്കക്കാരെ മുഴുവന്‍ സാമന്തന്‍മാരായിക്കണ്ട ചക്രവര്‍ത്തി മനോഭാവം എന്നിവക്കൊക്കെയാണ് അടിയേല്‍ക്കുന്നത്. അയല്‍പക്കത്തുള്ളവരൊക്കെ ചൈനയോട് കൂറുള്ളവരായി മാറുമ്പോള്‍ മേഖലയില്‍ ഒറ്റപ്പെട്ടുപോകുന്നതിന്റെ ദുര്യോഗം ഭരണകൂടത്തേക്കാള്‍ അനുഭവിക്കേണ്ടിവരിക ജനങ്ങള്‍ തന്നെയായിരിക്കും. പ്രത്യേകിച്ച് കൊവിഡാനന്തര, സാമ്പത്തിക ദുരന്തത്തിന്റെ കാലത്ത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest