Kerala
കേരളം അറിഞ്ഞതാണ് സുശാന്തിന്റെ കരുതല്‍; പ്രളയകാലത്ത് നല്‍കിയത് ഒരു കോടി

മുംബൈ | ബോളിവുഡിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ് സുശാന്ത് സിംഗ് രജപുത്രിന്റെ മരണം. ഞായാറാഴ്ചയാണ് സുശാന്തിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സമയം പ്രളയ കാലത്ത് സുശാന്ത് കേരളത്തിനോട് കാണിച്ച കരുതലാണ് ഇന്‍സ്റ്റാഗ്രാം സ്‌ക്രീന്‍ ഷോട്ടായി ഇപ്പോള്‍ പ്രചരിക്കുന്നത്.
2018ലെ പ്രളയ കാലത്ത് സുശാന്ത് കേരളത്തിന് നല്‍കിയത് ഒന്നും രണ്ടും ലക്ഷമല്ല ഒരു കോടി രൂപയാണ്. ഒരു ആരാധകനിലൂടെയാണ് കേരളത്തില്‍ സഹായം എത്തിക്കേണ്ടതിനെക്കുറിച്ച് സുശാന്ത് അറിയുന്നത്. ഭക്ഷണ പദാര്‍ഥങ്ങള്‍ നല്‍കി സഹായിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെങ്കിലും അതിനുള്ള പണം തന്റെ കൈവശമില്ലെന്ന് ശുഭം രജ്ഞന്‍ എന്ന ഫോളോവര്‍ സുശാന്തിനെ ടാഗ് ചെയ്ത് അറിയിക്കുകയായിരുന്നു.
ഉടനെ എത്തി മറുപടി. നിങ്ങളുടെ പേരില്‍ ഒരു കോടി ഞാന്‍ സംഭവാന ചെയ്യും. ആവശ്യമുള്ളവര്‍ക്ക് അത് നേരിട്ടെത്തിക്കുമെന്ന് ഉറപ്പാക്കും . പിന്നീട് താങ്കളെ അഭിനന്ദിച്ചുകൊണ്ട് അത് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെക്കുകയും ചെയ്യും എന്നായിരുന്നു സുശാന്തിന്റെ സന്ദേശം. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവെച്ചു. എന്റെ കേരളം (my kerala) എന്ന ഹാഷ് ടാഗോടെയായിരുന്നു കുറിപ്പ്. കേരളത്തെ സ്‌നേഹിച്ച സുശാന്തിന്റെ മരണം മലയാളികള്‍ക്കും ഒരു തീരാവേദനയാണ്