നിസ്സാരമാക്കരുത് ഹെർണിയ

ലോകത്തെല്ലായിടത്തും ഇതിന് ചികിത്സ നടത്തുന്നത് ഓപ്പറേഷനിലൂടെയാണ്. മരുന്ന് ചികിത്സ ഇതു വരെ ലഭ്യമല്ല. ബെൽറ്റ് പോലുള്ള താത്കാലികമാർഗങ്ങളിലൂടെ ഹെർണിയ കൂടുതലാകുന്നത് തടഞ്ഞു നിർത്താൻ സാധിക്കുമെങ്കിലും കൃത്യമായ പരിഹാരം ഓപ്പറേഷൻ മാത്രമാണ്.
Posted on: June 14, 2020 9:07 pm | Last updated: June 14, 2020 at 11:10 pm

സ്ത്രീകളിലും പുരുഷന്മാരിലും പ്രായഭേദമന്യേ കാണപ്പെടുന്ന രോഗമാണ് ഹെർണിയ (കുടലിറക്കം). ശരീരത്തിന്റെ വിവിധ അവയവങ്ങളെ പുറത്തേക്ക് തള്ളി വരുന്നതിൽ നിന്ന് തടഞ്ഞു നിർത്തുന്നത് അതിനെ ആവരണം ചെയ്തിരിക്കുന്ന പേശികൾ കൊണ്ടുള്ള ഭിത്തികളാണ്. ഈ പേശികളിൽ സംഭവിക്കുന്ന ബലക്കുറവുകൾ കാരണം ഉണ്ടാകുന്ന വിടവുകളിലൂടെ ശരീരത്തിന്റെ ആന്തരിക അവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്നതിനെയാണ് ഹെർണിയ എന്ന് പറയുന്നത്. സാധാരണയായി ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ചെറുകുടൽ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ്. ഇത് കൊണ്ടു തന്നെയാണ് ഹെർണിയയെ കുടലിറക്കം എന്നു വിശേഷിപ്പിക്കുന്നത്.

സ്ത്രീകളിലും പുരുഷന്മാരിലും ഏറ്റവും കൂടുതലായി കാണുന്നത് വയറിന്റെ ഏറ്റവും അടിഭാഗത്ത് ഒടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്ത് കാണപ്പെടുന്ന ഹെർണിയകളാണ്. അമിതവണ്ണം, പുകവലി, വിട്ടു മാറാത്ത ചുമ, മലബന്ധം, മൂത്രതടസ്സം തുടങ്ങിയ കാര്യങ്ങൾ വയറിന്റെ അകത്തെ മർദ്ദം അമിതമായ രീതിയിൽ കൂട്ടി ഹെർണിയക്ക് കാരണമാകുന്നു.

ലക്ഷണങ്ങൾ

ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിൽ കാണപ്പെടുന്ന മുഴ രോഗി വിശ്രമിക്കുമ്പോൾ കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുന്നു. എഴുന്നേറ്റ് നിൽക്കുകയോ ഭാരം വഹിക്കുകയോ ചെയ്യുമ്പോൾ ഈ മുഴകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. സാധാരണ നിലയിൽ ഈ മുഴകൾക്ക് വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകാറില്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ അസഹനീയമായ വേദനയും, ഛർദ്ദി പോലുള്ള ലക്ഷണങ്ങളും കാണിക്കാം.

ബുദ്ധിമുട്ടുകൾ

വളരെക്കാലം വേദനയില്ലാതിരിക്കുന്ന മുഴകളിലേക്ക് പെട്ടെന്ന് തടസ്സമുണ്ടാകുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. ഇത് രോഗം കൂടിയ അവസ്ഥയിലാണ് ഉണ്ടാകുക.

ചികിത്സാരീതികൾ

ലോകത്തെല്ലായിടത്തും ഇതിന് ചികിത്സ നടത്തുന്നത് ഓപ്പറേഷനിലൂടെയാണ്.
മരുന്ന് ചികിത്സ ഇതു വരെ ലഭ്യമല്ല. ബെൽറ്റ് പോലുള്ള താത്കാലിക മാർഗങ്ങളിലൂടെ ഹെർണിയ കൂടുതലാകുന്നത് തടഞ്ഞു നിർത്താൻ സാധിക്കുമെങ്കിലും കൃത്യമായ പരിഹാരം ഓപ്പറേഷൻ മാത്രമാണ്.

ആദ്യകാലങ്ങളിൽ ബലക്കുറവുള്ള മസിലിന് സ്റ്റിച്ചിട്ട് ബലപ്പെടുത്തുന്ന ഓപ്പറേഷനാണ് ചെയ്തു കൊണ്ടിരുന്നത്. എന്നാൽ, ഇങ്ങനെ ചെയ്യുന്നതിലൂടെ രോഗിക്ക് കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടി വരുന്നു. വീട്ടിൽ ചെന്ന് ഒരുപാടു കാലം വിശ്രമിക്കേണ്ടതായും വരും. മസിൽ സാധാരണയിൽ കൂടുതലായി ബലപ്പെടുത്താൻ സ്റ്റിച്ച് ഇടുന്നത് കഠിനമായ വേദനയുണ്ടാക്കുന്നതാണ് ഇതിന് കാരണം. മത്രമല്ല, മുറിവ് പഴുക്കാനും ഹെർണിയ വീണ്ടും വരാനുമുള്ള സാധ്യതയും ഉണ്ട്.

അതിനാൽ, അടുത്ത കാലത്തായി ചില പ്രത്യേക രീതിയിലുള്ള സിന്തറ്റിക് മെറ്റീരിയൽ അതായത് മെഷ് എന്ന ഉപാധികൾ ഉപയോഗിച്ചാണ് ഓപ്പറേഷൻ ചെയ്യുന്നത്. പോളിപ്രോപ്പിലിൻ എന്ന വസ്തു ഉപയോഗിച്ച് നെറ്റ് രൂപത്തിൽ പല വലുപ്പത്തിലും ആകൃതിയിലും ഉണ്ടാക്കിയ മെഷ് എന്ന ഈ വസ്തു ബലക്കുറവുള്ള മസിലിനോട് ചേർത്തു തുന്നി മസിലിന് ബലം വരുത്തുന്നു. ഇതിനെ ഹെർണിയോപ്ലാസ്റ്റി എന്നാണ് വിളിക്കുന്നത്.

ഹെർണിയോപ്ലാസ്റ്റി ചെയ്യുന്നവർക്ക് വേദന വളരെ കുറവായിരിക്കും, അതുകൊണ്ടു തന്നെ എളുപ്പത്തിൽ ആശുപത്രി വിടാം. വിശ്രമം ആവശ്യമില്ലാത്തതിനാൽ ഭാരം എടുക്കുന്നതുൾപ്പെടെയുള്ള ജോലിയിൽ പ്രവേശിക്കുന്നതിന് തടസ്സമില്ല. ഇത്തരം മെഷ് വെച്ചുള്ള ശസ്ത്രക്രിയകൾ ഓപ്പൺ സർജറിയായും, കീ ഹോൾ സർജറിയായും ചെയ്യാൻ സാധിക്കും.

എല്ലാ തരത്തിലുമുള്ള ഹെർണിയയും താക്കോൽദ്വാര ശസ്ത്രക്രിയ വഴി സുഖപ്പെടുത്താം. ഓപ്പൺ സർജറിയുമായി താരതമ്യം ചെയ്യുമ്പോൾ താക്കോൽദ്വാര ശസ്ത്രക്രിയക്ക് വേദന വളരെ കുറവായതിനാൽ ഒരു ദിവസം കൊണ്ടു തന്നെ ആശുപത്രി വിടാം. മാത്രമല്ല, ചുരുങ്ങിയ വിശ്രമകാലയളവ് മാത്രമേ ഡോക്ടർമാർ നിർദേശിക്കാറുള്ളൂ. അഞ്ചോ ആറോ ദിവസങ്ങൾക്കുള്ളിൽ തന്നെ സാധാരണ ജീവിതരീതിയിലേക്ക് മാറുകയും ചെയ്യാം. താക്കോൽദ്വാര ശസ്ത്രക്രിയ ചെയ്യുന്നവർക്ക് മുറിവ് പഴുക്കാനുള്ള സാധ്യതയും വീണ്ടും ഹെർണിയ വരാനുള്ള സാധ്യതയും വളരെ കുറവാണ്.

കടപ്പാട്: ഡോ. ശ്രീനിവാസ് ഐ സി, സീനിയർ സർജൻ, ആസ്റ്റർ മിംസ്, കണ്ണൂർ