Articles
കടൽ നിയമങ്ങൾ കടലെടുത്തപ്പോൾ

മത്സ്യം പിടിക്കുന്നതിന്റെ പരിധി കവിയുന്നതും ചെറുമത്സ്യങ്ങളെ പിടിക്കുന്നതും മത്സ്യസമ്പത്തിനെ തകര്‍ത്തതില്‍ വലിയ പങ്കുവഹിച്ചു എന്നാണ് കഴിഞ്ഞ മുപ്പത് വര്‍ഷമായി മാറിക്കൊണ്ടിരിക്കുന്ന മത്സ്യ മേഖലയെക്കുറിച്ചും ദുരിത ജീവിതം നയിക്കുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ചും ആഴത്തില്‍ പഠിച്ച കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജെ ബി രാജന്‍ പറയുന്നത്. കണ്ണി വലിപ്പം കുറഞ്ഞ ചാലക വലകള്‍ ഉപയോഗിക്കുന്നതിനാല്‍ കുഞ്ഞുമത്സ്യങ്ങള്‍ വരെ വലയില്‍ കുടുങ്ങുന്നു. പഴ്സീന്‍, റിംഗ് സീന്‍ ഇനത്തില്‍പ്പെട്ട ഇത്തരം വലകള്‍ മത്സ്യ വിഭവത്തിന്റെ വ്യാപനത്തെ സാരമായി ബാധിച്ചു. ട്രോള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടക്കുമ്പോള്‍ സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ആവാസവ്യവസ്ഥ തകരുന്നു.
പുഴകള്‍ പലതും ശോഷിച്ചതിനാല്‍ കടലിലേക്കുള്ള ജലത്തിന്റെ സുഗമമായ ഒഴുക്ക് നഷ്ടപ്പെട്ടതും കേരള തീരത്തെ മത്സ്യ പ്രജനനത്തെ ബാധിച്ചുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തേ നിലനിന്നിരുന്ന പരമ്പരാഗത മത്സ്യബന്ധനം കടലിലെ മത്സ്യസമ്പത്തിനെ പരിപാലിക്കാന്‍ സഹായിക്കുന്നതായിരുന്നു. അലിഖിതമായ പല കടല്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ സ്വയം നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു.
എന്നാല്‍, ഉപജീവനത്തിന് വേണ്ടി മാത്രം ആശ്രയിച്ചിരുന്ന മത്സ്യബന്ധനം പിന്നീട് വാണിജ്യവത്കരിക്കപ്പെട്ടു. ഇതോടെ ഈ നിയന്ത്രണങ്ങളെല്ലാം ഇല്ലാതായി. മത്സ്യ വിഭവം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട പ്രകൃതിയുടെ സമ്പത്താണെന്ന ബോധം മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പോലും പതിയെ നഷ്ടപ്പെട്ടുപോയി.
തീരമേഖലയിലെ വലിയൊരു വിഭാഗത്തിന്റെ ജീവനോപാധി എന്നതാണ് കടല്‍ മത്സ്യത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം. അതോടൊപ്പം, കേരളത്തിലെ ഭൂരിപക്ഷ ജനങ്ങള്‍ക്കും ചുരുങ്ങിയ ചെലവില്‍ ലഭിച്ചുകൊണ്ടിരുന്ന പോഷകാഹാരമായിരുന്നു മീന്‍. കേരളത്തിന്റെ പ്രധാന കയറ്റുമതിച്ചരക്ക് എന്ന പ്രാധാന്യം പിന്നീടേ വരുന്നുള്ളൂ.
കാസർകോട് മുതല്‍ തിരുവനന്തപുരം വരെ ഒമ്പത് കടലോര ജില്ലകളിലായി 590 കിലോമീറ്റര്‍ കടല്‍ത്തീരമാണ് നമുക്കുള്ളത്. തീരത്തുനിന്ന് തുടങ്ങി ആഴക്കടല്‍ വരെ കടലിനെ മൂന്നായി തിരിച്ചിട്ടുണ്ട്. 50 മീറ്റര്‍ വരെ ആഴമുള്ളത് തീരക്കടല്‍, 50 മുതല്‍ 200 മീറ്റര്‍ വരെ ആഴമുള്ള ഭാഗമാണ് പുറംകടല്‍, 200 മീറ്ററിനപ്പുറം ആഴക്കടല്‍. കരയില്‍ നിന്ന് ചെരിഞ്ഞ് 200 മീറ്റര്‍ വരെ ആഴമുള്ള കടലിന്റെ അടിത്തട്ട് ഭൂഖണ്ഡ സോപാനം എന്നാണ് അറിയപ്പെടുന്നത്.
39,139 ച. കിലോമീറ്ററാണ് കേരളത്തിന്റെ ഭൂഖണ്ഡ സോപാനത്തിന്റെ വിസ്തൃതി. തിരുവനന്തപുരം മുതല്‍ കൊല്ലം നീണ്ടകര വരെയുള്ള ദക്ഷിണ മേഖലയുടെ പ്രത്യേകത വീതികൂടിയ ഭൂഖണ്ഡ സോപാനവും ശക്തിയേറിയ തിരമാലയുമാണ്. എല്ലാ കാലാവസ്ഥയിലും സുഗമമായ മത്സ്യബന്ധനം ഇവിടെ സാധ്യമല്ലാത്തതിനാല്‍ വിഴിഞ്ഞത്തെ സ്വാഭാവിക ഹാര്‍ബറിലാണ് മണ്‍സൂണ്‍ കാലത്ത് മറ്റുള്ള മത്സ്യബന്ധന ഗ്രാമങ്ങളിലുള്ളവര്‍ മത്സ്യം ഇറക്കാന്‍ എത്തുന്നത്. കൊല്ലം നീണ്ടകര മുതല്‍ എറണാകുളം ഫോര്‍ട്ട്കൊച്ചി വരെയുള്ള മധ്യ മേഖലയില്‍ താരതമ്യേന വീതികൂടിയ ഭൂഖണ്ഡ സോപാനവും ശാന്തമായ തിരമാലയുമാണുള്ളത്. മണ്‍സൂണ്‍ കാലങ്ങളില്‍ ചാകര പ്രത്യക്ഷപ്പെടുന്നത് ഇവിടെയാണ്. എറണാകുളത്തെ വൈപ്പിന്‍ മുതല്‍ കാസർകോട്ടെ മഞ്ചേശ്വരം വരെയുള്ള ഉത്തര മേഖലയില്‍ വീതി കൂടിയ ഭൂഖണ്ഡ സോപാനവും ശാന്തമായ തിരമാലയുമാണുള്ളത്. ചാകര കുറവാണെങ്കിലും മത്സ്യ ഇനങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഇവിടം. പലയിനത്തില്‍ പെട്ട മത്സ്യങ്ങള്‍ ചെറിയ തോതില്‍ കിട്ടുന്നതാണ് ഇവിടുത്തെ പ്രവണത.
നെയ്ചാളയും അയലയും ധാരാളം ഉണ്ടാവുന്ന പ്രദേശമായിരുന്നു മധ്യമേഖല. മണ്‍സൂണ്‍ കാലങ്ങളില്‍ ചെമ്മീനും ഇവിടെ ധാരാളം ഉണ്ടാകുന്നു. മത്സ്യ ഇനങ്ങളുടെ കാര്യത്തില്‍ മധ്യമേഖലയെ പോലെയാണ് ഉത്തര മേഖലയുമെങ്കിലും ആവോലി പോലുള്ള മീനുകള്‍ ഇവിടെ കൂടുതലായി ലഭിക്കാറുണ്ട്. കേരളത്തില്‍ പരമ്പരാഗത മത്സ്യബന്ധനം കേന്ദ്രീകരിച്ചിരിക്കുന്നത് 0.50 മീറ്റര്‍ വരെ ആഴമുള്ള 15,993 ച. മീറ്റര്‍ വിസ്തൃതിയുള്ള തീരക്കടല്‍ പ്രദേശമായ ഭൂഖണ്ഡ സോപാന പ്രദേശത്താണ്.
ദേശീയ തലത്തില്‍ പിടിച്ചെടുക്കാന്‍ കഴിയുന്ന കടല്‍ മത്സ്യത്തിന്റെ 30 ശതമാനത്തോളം കേരളത്തില്‍ നിന്നായിരുന്നു എന്ന് പത്ത് വര്‍ഷം മുമ്പ് വരെയുള്ള സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. സമുദ്ര വിഭവശേഷിയുടെ മൂന്നില്‍ രണ്ട് പങ്കും തീരപ്രദേശമായതിനാലാണ് മത്സ്യ ബന്ധനത്തില്‍ കേരളം പ്രധാന പങ്കുവഹിക്കുന്നത്. കേരളത്തിന്റെ കടലില്‍ നിന്ന് പിടിച്ചെടുക്കാവുന്ന മത്സ്യത്തിന്റെ അളവ് 7.51 ലക്ഷം ടണ്‍ ആയിരുന്നു. കേരളത്തിന്റെ മത്സ്യ ലഭ്യതയുടെ 76 ശതമാനവും പൂജ്യം- 50 മീറ്റര്‍ ആഴമുള്ള തീരക്കടല്‍ പ്രദേശത്താണ്. സ്വാഭാവികമായ പ്രത്യേകതകളാണ് ഈ മേഖലയിലെ മത്സ്യ ലഭ്യതക്ക് കാരണം. കടലിലേക്ക് ഒഴുകുന്ന 41 നദികള്‍ കൊണ്ടുവരുന്ന ധാതുക്കളും ജൈവാംശങ്ങളും അടങ്ങിയ എക്കല്‍ മണ്ണ് മത്സ്യസമ്പത്തിനെ പോറ്റിവളര്‍ത്തി.
തീരക്കടലിലെ സ്വാഭാവിക പാരുകള്‍ (റീഫ്), കണ്ടല്‍ക്കാടുകള്‍ എന്നിവ മത്സ്യ പ്രജനനത്തിന് അനുകൂലമാണ്. 46,128 ഹെക്ടര്‍ അഴിമുഖങ്ങളും 2,189 ഹെക്ടര്‍ കണ്ടല്‍ക്കാടും മത്സ്യങ്ങളുടെ പ്രജനനത്തെ സഹായിക്കുന്നു. 2005ലെ സര്‍ക്കാര്‍ കണക്കനുസരിച്ച് കേരള തീരത്ത് നിന്ന് വാണിജ്യ പ്രാധാന്യമുള്ള 40 ഇനങ്ങള്‍ അടക്കം മുന്നൂറിലധികം മത്സ്യ ഇനങ്ങള്‍ ലഭിച്ചിരുന്നു.
കേരളത്തില്‍ ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും വടക്ക് കിഴക്കന്‍ കാലവര്‍ഷവും മത്സ്യസമ്പത്തിനെ ഏറെ സ്വാധീനിക്കുന്നുണ്ട്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് ദക്ഷിണ ദിശയിലേക്കാണ് കടല്‍ ഒഴുകുന്നത്. കാലവര്‍ഷത്തിന്റെ അന്ത്യത്തോടെ ഈ ഒഴുക്ക് ദുര്‍ബലമാകും. ഡിസംബറോടെ ഇതിന്റെ ഗതി ഉത്തര ദിശയെ ലക്ഷ്യമാക്കി മാറി ശക്തി പ്രാപിക്കും. തെക്ക് പടിഞ്ഞാറന്‍ വര്‍ഷപാത കാലത്താണ് കൊല്ലം മുതല്‍ കണ്ണൂര്‍ വരെയുള്ള തീരക്കടലില്‍ ചാകര പ്രത്യക്ഷപ്പെടുന്നത്. ആലപ്പുഴയുടെ തീരക്കടല്‍ പ്രദേശത്താണ് മഡ്ബേങ്ക് എന്ന ഈ ചാകര അധികവും രൂപപ്പെടുന്നത്. പോഷക മൂല്യമുള്ള ജൈവവസ്തുക്കളുടെ സമൃദ്ധിയും ശാന്തമായ കടലും ഉള്ള സ്ഥലങ്ങളിൽ ചെളിയടിഞ്ഞത് മത്സ്യങ്ങളെ ആകര്‍ഷിക്കുന്നതാണ് ചാകരക്ക് വഴിവെക്കുന്നത്.
കേരളത്തില്‍ കടല്‍ മത്സ്യോത്പാദനത്തിന്റെ 70 ശതമാനത്തില്‍ അധികവും ഉപരിതല മത്സ്യങ്ങളായ നെയ്ചാള, ചാളമത്തി, നത്തോലി, പാര, അയല, നെയ്മീന്‍, ചൂര എന്നിവയാണ്.
ഉപരിതല മത്സ്യങ്ങളുടെ ശരാശരി വാര്‍ഷിക ഉത്പാദനത്തില്‍ നെയ്ചാളയും അയലയും തന്നെയായിരുന്നു എക്കാലത്തും മുന്നില്‍. കേരളത്തില്‍ ലഭിക്കുന്ന അടിത്തട്ട് മത്സ്യങ്ങളില്‍ പ്രധാനം കണവ, ചെമ്മീന്‍, മാന്തള്‍, ആവോലി, പരവ, കോര, നരിമീന്‍, സ്രാവ് എന്നിവയാണ്. ഇപ്പോള്‍ അധോതല മത്സ്യങ്ങളില്‍ ഏറ്റവും വിലപ്പെട്ടത് ചെമ്മീന്‍ ആയിത്തീര്‍ന്നു. നാരന്‍, കുഴന്തന്‍, പൂവാലന്‍, കരിക്കാടി ഇങ്ങനെ നിരവധി ഇനങ്ങളിലാണ് ചെമ്മീന്‍ ലഭിക്കുന്നത്. കരിക്കാടി ഒഴികെയുള്ള ചെമ്മീനുകള്‍ കടലില്‍ നിന്ന് ഉള്‍നാടന്‍ ജലാശയത്തിലേക്ക് പ്രവേശിക്കാറുണ്ട്. വളര്‍ച്ച മുറ്റുന്നതോടെ ഇവ വീണ്ടും കടലിലേക്ക് മടങ്ങുമെന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
കേരളത്തില്‍ മത്സ്യ ലഭ്യതയെക്കുറിച്ചുള്ള ഔദ്യോഗിക കണക്കനുസരിച്ച് ഉപരിതല മത്സ്യം 1951- 55 കാലയളവിലെ കണക്ക് പ്രകാരം 26 ശതമാനം നെയ്ച്ചാളയും 25 ശതമാനം അയലയുമായിരുന്നു. 1981- 84 കാലയളവില്‍ നെയ്ചാളയുടെ ലഭ്യത 60 ശതമാനമായി വര്‍ധിച്ചു. 2011- 15 കാലയളവില്‍ 44 ശതമാനമായി കുറയുകയും ചെയ്തു. അയലയുടെ ലഭ്യത 1951- 55 കാലയളവില്‍ 25 ശതമാനമായി കുറഞ്ഞു. 2011- 15 കാലയളവില്‍ 10 ശതമാനമായി കുറഞ്ഞു. ഇത് 2011- 15 കാലയളവില്‍ 17 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. 1951- 55 കാലയളവില്‍ പിടിച്ചതിന്റെ 88 ശതമാനവും അടിത്തട്ട് മത്സ്യങ്ങളായിരുന്നു. 1981- 84 കാലത്ത് ശരാശരി വാര്‍ഷികോത്പാദനത്തിന്റെ 73 ശതമാനവും ചെമ്മീന്‍, മാന്തള്‍, നരിമീന്‍ തുടങ്ങിയവയായിരുന്നു. 50കളില്‍ ഇല്ലാതിരുന്ന ചെമ്മീന്‍ ഇക്കാലത്ത് ശരാശരി ഉത്പാദനത്തിന്റെ 35 ശതമാനത്തോളം എത്തുകയുണ്ടായി. എന്നാല്‍, 50കളില്‍ സുലഭമായിരുന്ന സ്രാവ് പോലുള്ളവയുടെ ലഭ്യതയില്‍ കുറവും നേരിട്ടു. 2011- 15 ആകുമ്പോള്‍ ചെമ്മീന്‍ ഉത്പാദനത്തിന്റെ 42 ശതമാനമായി. മുന്‍കാലങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന സ്രാവ് പോലുള്ളവയുടെ അളവും ഉത്പാദനവും കുറഞ്ഞു.