Editorial
ഡല്‍ഹിയില്‍ സ്ഥിതി ദയനീയം, ഭീകരം

ഗുജറാത്തിന് പിന്നാലെ ഡല്‍ഹിയിലെ കൊവിഡ് രോഗ ചികിത്സയിലെ വീഴ്ചകളും അപര്യാപ്തകളും കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് വിധേയമായിരിക്കുന്നു. “ഭീകരം, ഭയങ്കരം, ദയനീയം” എന്നാണ് കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഡല്‍ഹിയുടെ അവസ്ഥയെ സുപ്രീം കോടതി ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബഞ്ച് വിശേഷിപ്പിച്ചത്. കൊവിഡ് രോഗികളുടെ ചികിത്സയും മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചും സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ വിമര്‍ശം. മൃഗങ്ങളോടുള്ളതിനേക്കാള്‍ മോശമായ പെരുമാറ്റമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് രോഗികളോടെന്നും കോടതി കുറ്റപ്പെടുത്തി.
ആശങ്കാജനകമാണ് ഡല്‍ഹിയിലെ അവസ്ഥയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദി മാധ്യമ പ്രവര്‍ത്തകനായ അജയ് ഝാ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവെച്ച സന്ദേശം ഭീതിദമായ അവസ്ഥ വ്യക്തമാക്കുന്നുണ്ട്. എനിക്കും ഭാര്യക്കും ഒമ്പതും അഞ്ചും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍മക്കള്‍ക്കും കൊവിഡ് പോസിറ്റീവ് ആണ്. ഭാര്യയുടെ അച്ഛനും അമ്മയും കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചു. ഭാര്യാ മാതാവിന്റെ മൃതദേഹം മണിക്കൂറുകളോളം വീട്ടില്‍ തന്നെ കിടന്നു. ആരും സഹായത്തിനെത്തിയില്ല. ആംബുലന്‍സ് വന്നെങ്കിലും മൃതദേഹം അവര്‍ കൊണ്ടുപോയില്ല. താനും കുടുംബവും വലിയ പ്രയാസത്തിലാണ്. സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് അവകാശപ്പെടുന്നതല്ലാതെ രോഗപ്രതിരോധത്തിലും ചികിത്സയിലും കനത്ത പരാജയമാണ്. ജനങ്ങള്‍ ഏറെ രോഷത്തിലും പ്രയാസത്തിലുമാണെന്നും അജയ് ഝാ പറയുന്നു. അദ്ദേഹത്തിന്റെ ഈ വീഡിയോ സന്ദേശം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
നിരവധി പേരാണ് ഡല്‍ഹിയില്‍ ചികിത്സയുടെ അപര്യാപ്തത മൂലം മരിക്കുന്നത്. ഡല്‍ഹി സർവകലാശാലയിലെ അറബി വിഭാഗം മേധാവി പ്രൊഫസര്‍ വാലി അക്തര്‍ കഴിഞ്ഞ ദിവസം മരിച്ചത് ചികിത്സ ലഭിക്കാതെയാണെന്ന് കുടുംബം പറയുന്നു. കൊവിഡ് വൈറസ് ലക്ഷണങ്ങള്‍ കാണിച്ച വാലി അക്തറിനെയുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഡല്‍ഹിയിലെയും നോയിഡയിലെയും ആറ് ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും വ്യത്യസ്തമായ കാരണങ്ങള്‍ പറഞ്ഞ് എല്ലാ ആശുപത്രികളും ചികിത്സ നിഷേധിക്കുകയായിരുന്നുവെന്ന് ഡല്‍ഹി സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. ആദിത്യ നാരായണ്‍ മിശ്രയും സാക്ഷ്യപ്പെടുത്തുകയുണ്ടായി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി ഇടനാഴികളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലുമൊക്കെയാണ് കിടത്തിയിരിക്കുന്നത്. മാലിന്യക്കൂമ്പാരത്തില്‍ നിന്നുവരെ മൃതദേഹം കണ്ടെടുക്കുകയുണ്ടായി.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ മൂടിവെക്കുന്നു, രോഗികള്‍ക്കിടയില്‍ വര്‍ഗീയ വിവേചനം കാണിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഡല്‍ഹി ആശുപത്രികള്‍ക്കും അധികൃതര്‍ക്കുമെതിരെ ഉയര്‍ന്നിട്ടുണ്ട്. ആയിരത്തിലേറെ പേരുടെ മരണ വിവരം മൂടിവെച്ചതായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെ യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഡല്‍ഹിയില്‍ പരിശോധനകളുടെ എണ്ണവും കുറവാണ്. ചെന്നൈയിലും മുംബൈയിലും ദിനംപ്രതി 16,000 മുതല്‍ 17,000 വരെ പരിശോധനകള്‍ നടക്കുന്നുണ്ട്. അതേസമയം, ഡല്‍ഹിയില്‍ പരിശോധനയുടെ എണ്ണം 5,000 മുതല്‍ 7,000 വരെയാണ്. ഇതാണ് സുപ്രീംകോടതിയുടെ വിമര്‍ശത്തിന്റെ പശ്ചാത്തലം.
കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാറിനും രണ്ടാഴ്ച മുമ്പ് കോടതിയില്‍ നിന്ന് കടുത്ത വിമര്‍ശം ഏല്‍ക്കേണ്ടിവന്നു. ഗുജറാത്തിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ അഹ്്മദാബാദിലെ സിവില്‍ ഹോസ്പിറ്റല്‍ തടവറയെക്കാള്‍ മോശമാണെന്ന് കുറ്റപ്പെടുത്തിയ ഗുജറാത്ത് ഹൈക്കോടതി ബി ജെ പി നേതാവ് വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെയും കടിച്ച് കുടഞ്ഞു. വെന്റിലേറ്ററുകളുടെ അപര്യാപ്തത മൂലം ആശുപത്രിയിലെ രോഗികള്‍ മരിക്കുന്ന വസ്തുത സംസ്ഥാന സര്‍ക്കാറിന് അറിയില്ലേ, വെന്റിലേറ്ററുകളുടെ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നിർദേശങ്ങള്‍ മുന്നോട്ട് വെച്ചോയെന്നൊക്കെ ജസ്റ്റിസ് ഐ ജെ വോറെ ചോദിച്ചു. ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയും ചികിത്സാ രംഗത്തെ ഏകോപനമില്ലായ്മയുമാണ് സിവില്‍ ഹോസ്പിറ്റലില്‍ രോഗികള്‍ കൂട്ടത്തോടെ മരിക്കാനിടയാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. ബി ജെ പി സര്‍ക്കാറിനെ വിമര്‍ശിച്ചത് കേന്ദ്രത്തിന് ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കണം തൊട്ടടുത്ത ദിവസം തന്നെ വിമര്‍ശനമുന്നയിച്ച ജസ്റ്റിസ് ഐ ജെ വോറെയെ ചീഫ് ജസ്റ്റിസ് വിക്രം നാഥ് തത്്സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളോടുള്ള അനാദരവ് ഡല്‍ഹിയില്‍ മാത്രല്ല, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതുച്ചേരിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ മൃതദേഹം സ്‌ട്രെക്ച്ചറില്‍ നിന്ന് കുഴിയിലേക്ക് വലിച്ചെറിയുന്ന വീഡിയോയും തെക്കന്‍ കൊല്‍ക്കത്തയില്‍ മോര്‍ച്ചറിയില്‍ നിന്ന് ജീര്‍ണിച്ച 13 ശരീരങ്ങള്‍ തറയിലൂടെ വലിച്ച് ആംബുലന്‍സില്‍ കയറ്റുന്ന രംഗവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗുജറാത്തിലെ അഹ്്മദാബാദ് ഗവ. സിവില്‍ ഹോസ്പിറ്റലില്‍ മരണപ്പെട്ട ഗണപത് ഭായ് വരുഭായ് മക്‌വാന എന്ന അറുപത്തേഴുകാരന്റെ മൃതദേഹം പീടികത്തിണ്ണയില്‍ നിന്നാണ് കണ്ടെത്തിയത്. രോഗികള്‍ക്ക്- കൊവിഡ് ബാധിതര്‍ ഉള്‍പ്പെടെ- മതിയായ ചികിത്സ ലഭ്യമാക്കേണ്ടതും മരണപ്പെട്ടാല്‍ മാന്യമായ നിലയില്‍ സംസ്‌കരിക്കേണ്ടതും അധികൃതരുടെ ബാധ്യതയാണ്. പരിശോധനകള്‍ക്കായി രോഗികള്‍ ലാബുകള്‍ക്ക് മുന്നിലും ആശുപത്രി വരാന്തകളിലും മണിക്കൂറുകളോളം കാത്ത് നില്‍ക്കുകയും ആശുപത്രികള്‍ ഒന്നൊന്നായി കയറിയിറങ്ങിയിട്ടും അഡ്മിറ്റ് ലഭിക്കാത്ത സാഹചര്യവും ഉണ്ടാകരുത്. ഇക്കാര്യത്തില്‍ ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടല്‍ പ്രതീക്ഷാവഹവും സ്വാഗതാര്‍ഹവുമാണ്.