Connect with us

Ongoing News

ചേതേശ്വര്‍ പൂജാരയും രവീന്ദ്ര ജഡേജയും അടക്കം അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി | ചേതേശ്വര്‍ പൂജാരയും രവീന്ദ്ര ജഡേജയും ഉള്‍പ്പെടെ അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യുടെ നോട്ടീസ്. കെ എല്‍ രാഹുല്‍ വനിതാ താരങ്ങളായ സ്മൃതി മന്ദാന, ദീപ്തി ശര്‍മ എന്നിവരാണ് മറ്റു മൂന്ന് പേര്‍. ലോക്ഡൗൺ കാലത്ത് താരങ്ങള്‍ എവിടെയാണ് ഉള്ളത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിനാണ് നോട്ടിസ്. മത്സരങ്ങള്‍ ഇല്ലാത്ത സമയത്ത് പരിശോധന നടത്തണമെങ്കില്‍ താരങ്ങള്‍ അവര്‍ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്നാണ് ചട്ടം.

ആന്‍ഡി ഡോപിംഗ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റംസ് സോഫ്റ്റ്‌വെയറിലാണ് താരങ്ങള്‍ തങ്ങളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്. താരങ്ങള്‍ക്ക് നേരിട്ടോ ക്രിക്കറ്റ് അസോസിയേഷന്‍ വഴിയോ ഇതില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. താരങ്ങള്‍ക്ക് സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതിനാലോ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തതിനാലോ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ബിസിസിഐക്കാണ് അതിന്റെ ഉത്തരവാദിത്വമെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗവര്‍വാള്‍ പറഞ്ഞു.

അതേസമയം, എഡിഎഎംഎസ് സംവിധാനത്തില്‍ പാസ്‌വേര്‍ഡ് തകരാര്‍ സംഭവിച്ചതിനാല്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നാണ് ബിസിസിഐ നല്‍കിയ മറുപടി. ഈ വിശദീകരണം നാഡ പരിശോധിക്കുമെന്ന് അവര്‍വാള്‍ പറഞ്ഞു. രാജ്യം ലോക്ഡൗണിലായ മൂന്ന് മാസം താരങ്ങള്‍ എവിടെയായിരുന്നുവെന്ന വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവരങ്ങള്‍ സമര്‍പ്പിക്കാതിരിക്കുന്നത് ഉത്തേജക വിരുദ്ധ നിയമത്തിന്റെ ലംഘനമാകുമെന്നും അത് രണ്ട് വര്‍ഷം വരെ സസ്‌പെന്‍ഷന്‍ ലഭിക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.