ഇന്റർനെറ്റ് കണക്ഷന് വേണ്ടി നെട്ടോട്ടം; ഓഫറുകളൊരുക്കി സേവന ദാതാക്കൾ

Posted on: June 13, 2020 2:00 pm | Last updated: June 13, 2020 at 2:49 pm

കോഴിക്കോട് | ഓൺലൈൻ ക്ലാസുകൾ സജീവമായതോടെ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നില്ലെന്ന രക്ഷിതാക്കളുടെ പരാതിക്ക് പരിഹാരവുമായി വിവിധ ടെലികോം കമ്പനികൾ. താരതമ്യേന നിലവാരമുള്ള സേവനമൊരുക്കുന്ന ബി എസ് എൻ എല്ലിനു പുറമെ, സ്വകാര്യ ടെലികോം കമ്പനികളുടെ ബ്രോഡ്ബാൻഡുകളും ഹോട്ട്‌സ്‌പോട്ടുകളും കേബിൾ ടി വി ഓപറേറ്റർമാരും ഇന്റർനെറ്റ് സേവനത്തിനായി രംഗത്തുണ്ട്.

വിദ്യാർഥികളുടെയും സ്‌കൂൾ അധികൃതരുടെയും സമ്മർദത്തെത്തുടർന്ന് ഇന്റർനെറ്റ് കണക്ഷനു വേണ്ടി മോഡത്തിനായുള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കളിൽ പലരും. സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ടി വിയിലൂടെ ക്ലാസുകൾ ലഭിക്കുമെങ്കിലും സി ബി എസ് ഇ ഉൾപ്പെടെ ഇതര സിലബസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇന്റർനെറ്റ് സംവിധാനം മാത്രമേ മാർഗമുള്ളൂ. പല സ്‌കൂളുകളും ഓൺലൈൻ ലൈവ് ക്ലാസുകളാണ് നടത്തുന്നത്. ഈ സാഹചര്യത്തിൽ നൂറ് കണക്കിന് രക്ഷിതാക്കളാണ് ഇന്റർനെറ്റ് കണക്ഷനുവേണ്ടിയുള്ള അപേക്ഷയുമായി വിവിധ ഓഫീസുകളിൽ കയറിയിറങ്ങുന്നത്.

അതേസമയം, എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾക്ക് മോഡത്തിന്റെ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. അതിനാൽ തന്നെ മോഡം കിട്ടാത്ത രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ല. കോളജ് വിദ്യാർഥികൾക്കുള്ള ലൈവ് ഇന്ററാക്ടീവ് വീഡിയോ ക്ലാസുകൾക്ക് മാത്രമേ ഹൈ സ്പീഡ് ഇന്റർനെറ്റ് ആവശ്യമായി വരുന്നുള്ളു. ചെറിയ ക്ലാസുകളിലെ വിദ്യാർഥികൾക്ക് വാട്ട്‌സാപ്പിലൂടെയാണ് മിക്ക അധ്യാപകരും ക്ലാസെടുക്കുന്നത്. അതിന് മൊബൈൽ ഡാറ്റാ സ്പീഡ് തന്നെ ധാരാളമാണെന്ന് കോഴിക്കോട് ബി എസ് എൻ എൽ ബിസിനസ് ഏരിയാ ഡെപ്യൂട്ടി മാനേജർ എസ് മനോജ് പറഞ്ഞു.

ജനുവരിയിൽ കോഴിക്കോട് ബി എസ് എൻ എല്ലിൽ 500 പുതിയ അപേക്ഷകളാണ് എത്തിയിരുന്നതെങ്കിൽ കഴിഞ്ഞ മാസം രണ്ടായിരത്തിനു മുകളിൽ അപേക്ഷകൾ ലഭിച്ചു. ലോക്ക്ഡൗൺ സാഹചര്യത്തിൽ സേവനം ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കുന്നതിൽ ചെറിയ കാലതാമസമെടുക്കുന്നുണ്ടെങ്കിലും മോഡത്തിന്റെ ലഭ്യതക്കുറവ് എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനായി വിവിധ ഫ്രാഞ്ചൈസികളെ ഏൽപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

1,400 രൂപ മുതലാണ് ബി എസ് എൻ എൽ മോഡങ്ങളുടെ വില. ജിയോ, എയർടെൽ, വോഡാഫോൺ പോലുള്ള സ്വകാര്യ കമ്പനികളും മികച്ച സേവനങ്ങളുമായി രംഗത്തുണ്ട്. ആയിരം രൂപക്ക് ലഭ്യമാകുന്ന ജിയോ ഫൈ മോഡങ്ങൾ ജിയോ സിമ്മുകൾ ഉപയോഗിച്ച് ആവശ്യത്തിനനുസരിച്ച് റീ ചാർജ് ചെയ്ത് പ്രവർത്തിപ്പിക്കാം. 2,000 രൂപ മുതൽ എയർടെലും 2,500 രൂപ മുതൽ വോഡാഫോണും ഇതുപോലെ ലഭ്യമാകും.

ബ്രോഡ്ബാൻഡോ ഹോട്ട്‌സ്‌പോട്ടോ പരിഗണിക്കുമ്പോൾ ഏത് സർവീസ് പ്രൊവൈഡർറാണ് മികച്ച സിഗ്‌നൽ തരുന്നതെന്ന് നോക്കി തിരഞ്ഞെടുക്കണമെന്ന് മാത്രം. എന്നാൽ ഉൾപ്രദേശങ്ങളിലടക്കം സിഗ്‌നൽ പ്രശ്‌നമുള്ള ഇടങ്ങളാണെങ്കിൽ കേബിൾ ടി വി സേവനദാതാക്കൾ ലഭ്യമാക്കുന്ന ഇന്റർനെറ്റ് പരിഗണിക്കുന്നതാകും നല്ലത്.
2,000 രൂപ മുതൽ കേബിൾ ടി വി മോഡങ്ങൾ ലഭ്യമാകും. കേബിൾ ടി വികൾ വഴി പ്രതിദിനം നാലായിരത്തിലധികം പുതിയ ഇന്റർനെറ്റ് കണക്ഷനുകളാണ് സംസ്ഥാനത്ത് നൽകുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആവശ്യാനുസരണം ഡാറ്റാ പ്ലാനുകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിച്ചാൽ പണവും ലാഭിക്കാം.

ALSO READ  റസ്‌റ്റോറന്റിന്റെ സൗജന്യ വൈഫൈ ഉപയോഗിച്ച് പഠിക്കുന്ന കുട്ടികള്‍ നൊമ്പരമാകുന്നു