Covid19
കൊവിഡ്: രോഗവ്യാപനം ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളിലും പരിശോധന കുറയുന്നു

ന്യൂഡൽഹി| രാജ്യമൊട്ടാകെ കൊറോണവൈറസ് വ്യാപനം അതിതീവ്രമായി ഉയരുന്നതിനിടെ ചില സംസ്ഥാനങ്ങളിൽ പരിശോധനാ നിരക്ക് കുറയുകയും രോഗവ്യാപന നിരക്ക് കൂടുകയും ചെയ്യുന്നതായി കണക്കുകൾ. ശുഭപ്രതീക്ഷക്ക് നേർ വിപരീതമാണിത്. ഉദാഹരണത്തിന് ഡൽഹിയിൽ ഈ മാസം മൂന്നിനും 11നും ഇടയിൽ എഴ് ദിവസത്തെ ദൈനംദിന പരിശോധന 6,540ൽ നിന്ന് 5,001 അയി കുറഞ്ഞപ്പോൾ രോഗ വ്യാപനനിരക്ക് 18.3 ശതമാനത്തിൽ 27.7 ശതമാനമായി ഉയർന്നു.
അപ്രതീക്ഷിതമായി നിലവിൽ നാലിലൊന്ന് കേസുകളും പോസീറ്റിവ് ആയി മാറുന്ന കാഴ്ചയാണ് ഡൽഹിയിലുള്ളത്. മെയ് 16നും 26നും ഇടയിൽ ഏഴ് ദിവസത്തെ ശരാശരി പരിശോധന 6,660ൽ നിന്ന് 4,675 അയി കുറഞ്ഞു. രണ്ട് ഘട്ടങ്ങളിലും പരിശോധനാ നിരക്ക് കുറച്ചത് പോസിറ്റീവ് നിരക്ക് ഉയരുന്ന സമയത്തായിരുന്നു. ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകളുള്ളത്. മഹാരാഷ്ട്രയിൽ പരിശോധനകളുടെ ഏഴ് ദിവസത്തെ ശരാശരി മെയ് 29 മുതൽ ഈ മാസം ആറ് വരെ ക്രമാനുഗതമായി 14,497ൽ നിന്ന് 12,764 ആയി കുറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള നാലാമത്തെ സംസ്ഥാനമായ ഗുജറാത്ത് ഇത്തരം മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. മെയ് എട്ട് മുതൽ 15 വരെയുള്ള രണ്ട് പ്രധാനഘട്ടങ്ങളിൽ പ്രതിദിനം ശരാശരി 5,230ൽ നിന്ന് 3,210 പരിശോധനകളും മെയ് 22 മുതൽ 30 വരെ ശരാശരി പ്രതിദിനം 6,386ൽ നിന്ന് 3,959 പരിശോധനകളുമായാണ് കുറഞ്ഞത്. ഈ സമയത്ത് പോസിറ്റീവ് നിരക്ക് 7.5 ശതമാനത്തിൽ നിന്ന് 9.7 ശതമാനം വരെയായി ഉയർന്നു.
മധ്യപ്രദേശിൽ ഇത് മെയ് 18 മുതൽ 26 വരെ ആയിരുന്നു. ആ സമയത്ത് പരിശോധനാ നിരക്ക് ശരാശരി 5,161ൽ നിന്ന് 3,576 ആയി കുറഞ്ഞു. ഒഡീഷയിൽ മെയ് 24 മുതൽ ശരാശരി ദൈനംദിന പരിശോധകൾ ക്രമാനുഗതമായി കുറഞ്ഞ് ഈ മാസം 11 ആയപ്പോഴേക്കും 2,798 ലെത്തി. ഈ കാലയളവിൽ പോസിറ്റീവ് നിരക്ക് 1.6 ശതമാനത്തിൽ നിന്ന് 4.6 ശതമാനമായി. മറ്റ് പല സംസ്ഥാനങ്ങളിലും ഇതേ കണക്കുകൾ ആവർത്തിച്ച് രോഗവ്യാപന നിരക്കിലും രോഗികളുടെ എണ്ണത്തിലും ഇന്ത്യ മുന്നോട്ട് കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്.