National
കൊവിഡിന് മുമ്പില്‍ വിറങ്ങലിച്ച് രാജ്യ തലസ്ഥാനം; സ്ഥിതി ഭയാനകം

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ കൊവിഡ് പ്രതിസന്ധി ഭീകരമെന്ന് റിപ്പോര്‍ട്ട്. ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദിവസവും ചികിത്സ കിട്ടാതെ നിരവധി പേര്‍ മരിക്കുന്നു. സൗകര്യങ്ങളില്ലാത്തതിനാല്‍ രോഗികളേ പോലും വീട്ടിലേക്ക് പറഞ്ഞയക്കുന്നു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ രോഗികള്‍ക്കൊപ്പം ആശുപത്രിയില്‍ അനാധമായി കിടക്കുന്നു. വലിയ ആശുപത്രികളുടെ മോര്‍ച്ചറികള്‍ രോഗികളെക്കൊണ്ട് നിറയുന്നു. കൊവിഡ് രോഗികളെ സംസ്‌ക്കരിക്കാന്‍ മാത്രം പ്രത്യേക ശ്മശാനങ്ങള്‍ അന്വേഷിക്കുകയാണ്. കൊവിഡ് വലിയ തോതില്‍ ജീവനെടുത്ത അമേരിക്കയില്‍ ബ്രസീലില്‍ നിന്നുമെല്ലാം കേട്ടത് പോലുള്ള ദുരന്ത വാര്‍ത്തകളാണ് ഡല്‍ഹിയില്‍ നിന്നും വന്നു തുടങ്ങുന്നത്.
പ്രതിസന്ധി അതീവ ഗുരുതരമാണെന്ന് ഭരണകൂടം തന്നെ പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ ഡല്‍ഹിയില്‍ നിന്നും ഉണ്ടായേക്കാമെന്ന് ആരോഗ്യ പ്രവര്‍ത്തകരും പറയുന്നു. ദിവസവും നൂറിലേറെ പേര്‍ മരിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. രോഗികളുടെ സംസ്‌കാരത്തിന് മാറ്റിവെച്ച ഖബര്‍സ്ഥാനുകളും ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞതിനാല്‍ കെട്ടിക്കിടക്കുന്ന മൃതദേഹങ്ങള്‍ മറ്റു ശ്മശാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ചികിത്സ കിട്ടാതെ ഓരോ വാര്‍ഡിലും എട്ടു പത്തും രോഗികള്‍ മരിച്ച ലോക്‌നായക് ജയപ്രകാശ് നാരായണ്‍ (എല്‍ എന്‍ ജെ പി) ആശുപത്രിയില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ പരിശോധന നടത്തി. വിശദമായ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ഇവര്‍ പറഞ്ഞു.
വൈറസ് ബാധിച്ച് മരിച്ചവരുടെയും സംസ്‌കരിച്ചവരുടെയും കണക്കില്‍ ഭീമമായ അന്തരമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഖബര്‍സ്ഥാനിലും ശ്മശാനങ്ങളിലും എത്തിച്ച മൃതദേഹങ്ങളുടെ എണ്ണം 2,098ല്‍ എത്തിയപ്പോഴും സര്‍ക്കാര്‍ കണക്കില്‍ മരിച്ചവരുടെ എണ്ണം 1,085 ആണ്.മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളാണ് സംസ്‌കരിച്ച മൃതദേഹങ്ങളുടെ എണ്ണം പുറത്തുവിട്ടത്. രോഗബാധയുള്ളവരുടെയോ ഉണ്ടെന്ന് സംശയിക്കുന്നവരുടെയോ മൃതദേഹങ്ങളാണ് ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്‌കരിക്കുന്നത്. സൗത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 1080 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.