Editorial
വന്യമൃഗ ഭീതിയില്‍ മലയോര മേഖല

സംസ്ഥാനത്ത് ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റവും ആക്രമണവും വര്‍ധിച്ചു വരികയാണ്. ഒരുമാസം മുമ്പാണ് പെരുവന്താനം പഞ്ചായത്തിലെ അമലഗിരിയില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് തമിഴ്‌നാട് തേവാരം സ്വദേശി മുരുകന്‍ മരണപ്പെട്ടത്. മൂന്ന് മാസം മുമ്പ് അപ്പര്‍ സൂര്യനെല്ലിക്കു സമീപം ഭിന്നശേഷിക്കാരനായ തങ്കരാജിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയില്‍ ദേവികുളം റേഞ്ചിനു കീഴില്‍ മാത്രം 40 പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. പത്ത് വര്‍ഷത്തിനകം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കേരളത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 മടങ്ങും ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണം 30 മടങ്ങും വര്‍ധിച്ചതായി കണക്കുകള്‍ കാണിക്കുന്നു. 2008ല്‍ 13 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെങ്കില്‍ 2018ല്‍ 168 ആയി ഉയര്‍ന്നു. പരുക്കേറ്റവരുടെ എണ്ണം ഇത് യഥാക്രമം 28ഉം 953ഉം ആണ്. ആന, കടുവ, കാട്ടുപോത്ത്, പന്നി, മലയണ്ണാന്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളാണ് കാടിറങ്ങി നാട്ടില്‍ വിഹരിച്ചു കൊണ്ടിരിക്കുന്നത്. തീറ്റയും വെള്ളവും തേടി കാടിറങ്ങിവന്ന് മലയോര മേഖലകളില്‍ വിഹരിക്കുന്നതിനിടെയാണ് ഇവ തരംകിട്ടിയാല്‍ മനുഷ്യരെ അക്രമിക്കുന്നത്.
വന്യമൃഗങ്ങള്‍ മലയോര മേഖലയിലെ കൃഷിയും വ്യാപകമായി നശിപ്പിക്കുന്നു. ഏലച്ചെടി, മരച്ചീനി, കാച്ചില്‍, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, പൈനാപ്പിള്‍ തുടങ്ങിയ കൃഷികളാണ് നശിപ്പിക്കപ്പെടുന്നത്. കൃഷിയിറക്കുന്നത് കര്‍ഷകരും വിളവെടുക്കുന്നത് കാട്ടുമൃഗങ്ങളും എന്ന സ്ഥിതിയാണ് പല പ്രദേശങ്ങളിലും. കടമെടുത്തും രാവന്തിയോളം കഷ്ടപ്പെട്ട് അധ്വാനിച്ചും നട്ടുവളര്‍ത്തിയ കൃഷികളാണ് ഇങ്ങനെ നഷ്ടമാകുന്നത്. ഇതേതുടര്‍ന്ന് മലയോര മേഖലകളിലെ കര്‍ഷകരില്‍ നല്ലൊരു ഭാഗവും കൃഷിപ്പണി തന്നെ അവസാനിപ്പിച്ചു. വനാതിര്‍ത്തികളോടു ചേര്‍ന്ന വീടുകളില്‍ കാട്ടുപന്നികള്‍ അതിക്രമിച്ചു കയറാറുണ്ട്. വന്യമൃഗശല്യം പ്രതിരോധിക്കാന്‍ സൗരോര്‍ജ വൈദ്യുതി വേലി, റിഫ്‌ളക്ടര്‍ വേലി, റെയില്‍വേ പാളം കൊണ്ടുള്ള വേലി, കിടങ്ങ്, മതില്‍, രൂക്ഷഗന്ധമുള്ള രാസവസ്തുക്കള്‍ കെട്ടിത്തൂക്കുക, മുടി വിതറുക, ശബ്ദമുണ്ടാക്കുന്ന ലോഹവസ്തുക്കള്‍ കൊണ്ട് വേലി തീര്‍ക്കുക തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ടെങ്കിലും അവയൊന്നും പൂര്‍ണമായി ഫലപ്രദമല്ല. വന്യമൃഗങ്ങളെ ഭയപ്പെടുത്തി കാട്ടിലേക്ക് തിരിച്ചയക്കാന്‍ പടക്കം പൊട്ടിക്കുന്ന പതിവുമുണ്ട്. എന്നാല്‍ കഴിഞ്ഞ മാസം അമലഗിരിയില്‍ കാട്ടുപോത്ത് ഇറങ്ങിയപ്പോള്‍ വനപാലകര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചെങ്കിലും പോത്ത് തിരികെ പോയില്ല. ദിവസങ്ങളോളം അവിടെ തന്നെ ചുറ്റിക്കറങ്ങി.
ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റം, കൈയേറ്റം മൂലം കാടിന്റെ വിസ്തൃതിയിലും വന്യമൃഗങ്ങളുടെ തീറ്റയിലും വന്ന കുറവ്, വരള്‍ച്ചയും ചൂടും, കാട്ടുതീ പടര്‍ന്നു പിടിക്കല്‍, വന്യമൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്, വനയാത്രക്കാരും വിനോദസഞ്ചാരികളും വന്യജീവികള്‍ക്ക് സൃഷ്ടിക്കുന്ന ശല്യം, വനപ്രദേശത്തെ പാറപൊട്ടിക്കല്‍, ചിതറുന്ന പാറക്കഷ്ണങ്ങളും പാറപ്പൊടിയും സൃഷ്ടിക്കുന്ന മലിനീകരണം, വനാതിര്‍ത്തികളോട് ചേര്‍ന്നു നടത്തുന്ന രുചികരമായ ഭക്ഷ്യകൃഷി തുടങ്ങിയവയാണ് വന്യമൃഗങ്ങള്‍ കാടിറങ്ങി വരാന്‍ കാരണമായി പറയപ്പെടുന്നത്.
വ്യാവസായികാവശ്യങ്ങള്‍ക്കായി സ്വാഭാവിക വനം വെട്ടിമാറ്റി ഏകവിളത്തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കാറുണ്ട് സംസ്ഥാനത്തെ വനപ്രദേശങ്ങളില്‍. ഏകദേശം 824 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വയനാടന്‍ കാടുകളില്‍ 7,900 ഹെക്ടറും തേക്ക്, യൂക്കാലിപ്‌സ് പോലുള്ള ഏകവിളത്തോട്ടങ്ങളാണ്. സ്വാഭാവിക മരങ്ങള്‍ വെട്ടിമാറ്റിയാണ് ഇവ വെച്ചുപിടിപ്പിച്ചത്. ആവാസ വ്യവസ്ഥക്ക് ഇതു വലിയ ആഘാതമുണ്ടാക്കിയതായി പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു.
വന്യജീവികള്‍ മൂലമുണ്ടാകുന്ന കൃഷിനാശത്തിനും ആള്‍നാശത്തിനും നഷ്ടപരിഹാരം നല്‍കാന്‍ 1980ലെ നിയമമനുസരിച്ച് വനംവകുപ്പ് ബാധ്യസ്ഥമാണെങ്കിലും മിക്കപ്പോഴും യഥാസമയം അവ ലഭിക്കാറില്ല. നേരത്തേ വന്യമൃഗ ശല്യത്തെക്കുറിച്ച് വിവരം ലഭിച്ച ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ഏറെ താമസിയാതെ നല്‍കുകയും ചെയ്യാറുണ്ടായിരുന്നു. ഫണ്ടില്ലാത്തതാണ് ഇപ്പോള്‍ വിതരണം നീണ്ടു പോകാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തെങ്ങൊന്നിന് 770 രൂപ, കവുങ്ങിന് 160 രൂപ, വാഴക്ക് 90 രൂപ, രണ്ടര ഏക്കര്‍ നെല്‍കൃഷിക്ക് 11,000 രൂപ എന്നീ നിരക്കിലാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഈ തുക അപര്യാപ്തമാണെന്നും ഒരു ഹെക്ടര്‍ വയലില്‍ കൃഷി ചെയ്യാന്‍ 77,000 രൂപ ചെലവ് വരുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയ തെങ്ങിന് പതിനായിരം രൂപയെങ്കിലും ലഭിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളൊന്നും വനംവകുപ്പ് ഇതുവരെ പരിഗണിച്ചിട്ടില്ല. വന്യമൃഗശല്യം നേരിടാനായി പ്രഖ്യാപിക്കാറുള്ള കോടികളുടെ പദ്ധതികളില്‍ ഏറെയും ഫയലില്‍ ഉറങ്ങുകയാണ്.
കാട്ടുമൃഗങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിനായി നിശ്ചിത എണ്ണത്തില്‍ കവിഞ്ഞ മൃഗങ്ങളെ വെടിവെച്ചു കൊല്ലാന്‍ അനുവാദം നല്‍കുന്നുണ്ട് മറ്റു പല രാഷ്ട്രങ്ങളും. ഇന്ത്യയില്‍ ഈ നിയമമില്ലാത്തതിനാല്‍ കാട്ടുമൃഗങ്ങള്‍ പെറ്റു പെരുകുകയാണ്. വന്യമൃഗങ്ങളെ അക്രമിക്കുന്നത് കുറ്റകരമാണ് നമ്മുടെ രാജ്യത്ത്. എവിടെയെങ്കിലും എങ്ങനെയോ ഒരു വന്യമൃഗം ചത്താല്‍ അതിന്റെ ഉത്തരവാദിത്വം സമീപത്തെ കര്‍ഷകരുടെ തലയില്‍ കെട്ടിവെച്ച് കള്ളക്കേസെടുത്ത് പീഡിപ്പിക്കുകയോ ജയിലിലടക്കുകയോ ചെയ്യുന്നു. ഇതുമൂലം കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തി ഓടിക്കാന്‍ പോലും കര്‍ഷകര്‍ ഭയപ്പെടുന്നു. നാടിന്റെ സമ്പത്താണ് വന്യമൃഗങ്ങള്‍. അവയെ സംരക്ഷിക്കേണ്ടത് ആവശ്യം തന്നെ. എന്നാല്‍ വന്യജീവികളുടെ ആക്രമണം മൂലം ജീവിതം ദുസ്സഹമാകുന്ന കര്‍ഷകരുടെ സുരക്ഷയും കൃഷികളുടെ സംരക്ഷണവും ഉറപ്പ് വരുത്താനുള്ള ബാധ്യതയും സര്‍ക്കാറിനില്ലേ? വനം, വന്യജീവി സംരക്ഷണ നിയമത്തില്‍ കാലാനുസൃതമായി ഭേദഗതി വരുത്തുകയും മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കാനായി നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.